representational image

ബ്രഹ്മഗിരി മലനിരകളിൽ വ്യാപക മരം മുറി


കൽപറ്റ: ചെറിയ ഇടവേളക്കുശേഷം വയനാട്ടിൽ വീണ്ടും വ്യാപക മരംമുറി നടക്കുന്നതായി വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു. വനം-റവന്യൂ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നിരവധി വർഷങ്ങളായി വൻതോതിൽ മരം മുറി നടന്നുകൊണ്ടിരിക്കുന്ന വടക്കെ വയനാട് താലൂക്കിൽ തിരുനെല്ലി വില്ലേജിലെ ബ്രഹ്മഗിരി മലഞ്ചെരുവിലെ ബാർഗിരി എസ്റ്റേറ്റിലാണിപ്പോൾ വൻതോതിൽ മരം മുറി നടക്കുന്നത്. മരം മുറിക്കെതിരെ പ്രതിഷേധവുമായി ചെന്ന നാട്ടുകാരെ വില്ലേജ് അധികൃതർ വിരട്ടിയോടിച്ചു. വർഷങ്ങളായി സ്ഥലം മാറ്റമില്ലാതെ ഇവിടെ തമ്പടിച്ചിരിക്കുന്ന ചില വനം-റവന്യൂ ഉദ്യോഗസ്ഥരാണ് ബാർഗിരി എസ്റ്റേറ്റിലെ മരം മുറിക്കും നേതൃത്വം കൊടുക്കുന്നത്.

മുട്ടിൽ മരം മുറിയുടെ ഉമ്മാക്കി കാണിച്ച് സാധാരണ കർഷകരുടെ ഭൂമിയിൽ മരം മുറിക്കുന്നതിനെ നിരോധിക്കുകയും പാസ്സ് നിഷേധിക്കുകയും ചെയ്യുന്നവർ തന്നെയാണ് ബ്രഹ്മഗിരി ചെരുവിലെ മരം മുറിക്ക് സകല ഒത്താശയും ചെയ്തുകൊടുക്കുന്നത്. സ്വാതന്ത്ര്യത്തിനു മുമ്പ് ബ്രിട്ടീഷ് ഉടമസ്ഥതയിലുണ്ടായിരുന്ന 300 ഏക്കറോളം വരുന്ന ബാർഗിരി എസ്റ്റേറ്റിൽ നൂറേക്കർ റവന്യൂ ഭൂമിയും എസ്റ്റേറ്റ് ബംഗ്ലാവിനോട് ചേർന്ന് വനഭൂമിയുമുണ്ട്. അവ അളന്നു വേർതിരിക്കാതെ സർക്കാർ ഭൂമിയിലെ അടക്കം സിൽവർ ഓക്ക് മരങ്ങളാണിപ്പോൾ മുറിക്കുന്നത്. കുറച്ചു വർഷം മുമ്പ് നിരവധി ഈട്ടി മരങ്ങൾ ഈ എസ്റ്റേറ്റിൽ നിന്നു മുറിച്ചു മാറ്റിയിരിന്നു.

അനേകായിരം കോടി രൂപ വിലമതിക്കുന്ന ബ്രഹ്മഗിരി ചെരുവിലെ പഴയ ബ്രിട്ടീഷ് തോട്ടങ്ങളിലെ മരങ്ങൾ മുറിക്കുന്നതിനായി വനം വകുപ്പിലെയും റവന്യൂ വകുപ്പിലെയും ഉദ്യോഗസ്ഥർ, മരം ബ്രോക്കർമാർ, കച്ചവടക്കാർ, വക്കീലന്മാർ എന്നിവർ ഉൾപ്പെട്ട ഗൂഢസംഘം നിരവധി വർഷമങ്ങളായി വയനാട്ടിൽ സജീവമാണ്. ബ്രഹ്മഗിരി ചരുവുകളിലെ നിരവധി തോട്ടങ്ങളിൽ അടുത്തിടെ നടക്കുന്ന മരംകൊള്ള വലിയ വിവാദം സൃഷ്ടിച്ചിരുന്നു. കാൽവരി, ബ്രഹ്മഗിരി എ. ലക്ഷ്മി, ആലത്തൂർ, നാഗമന തുടങ്ങിയ എസ്റ്റേറ്റുകളിൽ നടന്ന മരം മുറി ഹൈകോടതിയുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ഇടപെടലിനെ തുടർന്ന് അധികൃതർ തടഞ്ഞിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി തകർച്ച തുടങ്ങിയവ മൂലം ദുരന്തം നേരിടുന്ന വയനാട്ടിലെ നിയമ വിരുദ്ധ മരംമുറി അവസാനിപ്പിക്കാൻ ബന്ധപ്പെട്ടവർ ശക്തമായി ഇടപെടണമെന്ന് സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. 

Tags:    
News Summary - Extensive wood cutting in the Brahmagiri hills

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.