കൽപറ്റ: വയനാട്ടിൽ കർഷകർ അനുഭവിക്കുന്ന വിവിധങ്ങളായ പ്രശ്നങ്ങളിൽ പരിഹാര നടപടികൾ ആവശ്യപ്പെട്ട് വയനാട് കർഷക കൂട്ടായ്മ സമരരംഗത്തേക്ക്.

ഭൂനികുതി വർധന പിൻവലിക്കുക, നിലവിലുള്ള വായ്പകൾ മൂന്നുമുതൽ അഞ്ചുവർഷം വരെ ദീർഘിപ്പിക്കുക, 7000 കോടിയുടെ വയനാട് പാക്കേജിലെ പകുതി തുക കാർഷിക മേഖലയുടെ അടിസ്ഥാന സൗകര്യങ്ങൾക്ക് വിനിയോഗിക്കുക, കാർഷിക വിളകളുടെ ഉൽപാദനക്ഷമത ഘട്ടംഘട്ടമായി വർധിപ്പിക്കുക, കേരളത്തിന് അനുവദിച്ച 30 ടി.എം.സി ജലത്തിൽ 21 ടി.എം.സി ജലവും അനുവദിച്ച വയനാട്ടിൽ അത് ഉപയുക്തമാക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുക, വന്യമൃഗശല്യത്തിന് പരിഹാരം കാണാനുള്ള തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മാർച്ച് 18ന് രാവിലെ 10 മുതൽ കലക്ടറേറ്റ് ധർണ നടത്തുമെന്ന് വയനാട് കർഷക കൂട്ടായ്മ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ഭൂനികുതി ഇരട്ടിയായി വർധിപ്പിച്ചുള്ള ബജറ്റ് നിർദേശത്തിൽനിന്ന് സംസ്ഥാന സർക്കാർ പിന്തിരിയണം. ഒരേക്കറിന് മുകളിൽ ഭൂമിയുള്ളവർക്ക് ഗ്രാമപഞ്ചായത്തിൽ ഏക്കറിന് 404.70 രൂപയും മുനിസിപ്പൽ പ്രദേശത്ത് 809.40 രൂപയുമായാണ് നികുതി വർധിപ്പിച്ചത്. 2012 വരെ ഏക്കറിന് 40.47 രൂപയുണ്ടായിരുന്നതാണ് 10 വർഷം കൊണ്ട് പത്തിരട്ടിയായി വർധിപ്പിച്ചത്. അതേസമയം, കൃഷിഭൂമിയിൽ അടിസ്ഥാന സൗകര്യങ്ങളൊന്നും വർധിപ്പിച്ച് നൽകിയിട്ടില്ലെന്നും കൂട്ടായ്മ ഭാരവാഹികൾ ചൂണ്ടിക്കാട്ടി.

പുതിയ നികുതി വർധനവിൽനിന്ന് കൃഷിഭൂമി പൂർണമായി ഒഴിവാക്കണം.

വിളനാശവും വിലക്കുറവും പ്രകൃതിക്ഷോഭങ്ങളും കാരണം ഏറെ പ്രതിസന്ധി നേരിടുന്ന കർഷകർ ജപ്തിനടപടികളോടൊപ്പം ഭൂനികുതി വർധന താങ്ങാവുന്ന അവസ്ഥയിലല്ല. ജപ്തിയുടെ മുന്നോടിയായി 7000ത്തോളം നോട്ടീസുകൾ റവന്യൂവകുപ്പ് കർഷകർക്ക് നൽകിക്കഴിഞ്ഞു. സർഫാസി നിയമപ്രകാരം ഭൂമി കരസ്ഥപ്പെടുത്തൽ നടപടികളിലേക്ക് കേരളബാങ്ക് ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ നീങ്ങിക്കഴിഞ്ഞു. കോടതികളുടെ ഇടപെടൽപോലും സാധ്യമല്ലാത്ത അവസ്ഥയാണിപ്പോൾ.

മൊറട്ടോറിയം പ്രഖ്യാപനം കൊണ്ട് കർഷകർക്ക് ഗുണമില്ല. ജപ്തി കരസ്ഥപ്പെടുത്തൽ നടപടികൾക്ക് കാലാവധി നീട്ടുന്നത് ഒഴിച്ചാൽ പലിശ, പിഴപ്പലിശ എന്നിവയിൽപോലും ഈ കാലയളവിൽ ഇളവുകൾ ഇല്ല. ബാധ്യത ഒന്നുകൂടി വർധിപ്പിക്കാമെന്നല്ലാതെ മൊറട്ടോറിയം കൊണ്ട് മറ്റു പ്രയോജനങ്ങളില്ലെന്നും കർഷകർ കുറ്റപ്പെടുത്തി.

ദീർഘകാല വിളകളും തന്നാണ്ട് വിളകളും മാത്രം കൃഷി ചെയ്യുന്ന വയനാട്ടിൽ വായ്പാ തിരിച്ചടവ് ലഭിക്കുന്ന മൂന്നോ നാലോ മാസത്തെ കാലാവധി കൊണ്ട് ഒരു പ്രയോജനവുമില്ലെന്നും ഭാരവാഹികൾ പറഞ്ഞു.

പ്രസിഡന്റ് ഇ.പി. ഫിലിപ്പ്കുട്ടി, ജന. സെക്രട്ടറി അഡ്വ. ടി.യു. ബാബു, ട്രഷറർ സുലേഖ വസന്തരാജ്, ഹാരിസ് കൂട്ടായി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു. 

Tags:    
News Summary - Farmers to start strike: Collectorate dharna on 18th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.