കൽപറ്റ: മൂന്ന് വർഷത്തിലധികമായി ഒരേ ഓഫിസിൽ തുടരുന്ന മാനന്തവാടി സബ് കലക്ടർ ഓഫിസിലെ ജൂനിയർ സൂപ്രണ്ടിന് ഒടുവിൽ സ്ഥലം മാറ്റം.
സ്ഥലം മാറ്റണമെന്ന റവന്യൂ മന്ത്രിയുടെയും ലാൻഡ് റവന്യൂ കമീഷണറുടേയും ഉത്തരവ് മാസങ്ങളായിട്ടും നടപ്പിലാവാത്തത് സംബന്ധിച്ച് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ജൂനിയർ സുപ്രണ്ട് എസ്. ഗീതയെ താലൂക്ക് ഓഫിസിലേക്ക് സ്ഥലം മാറ്റി കഴിഞ്ഞ ദിവസം സബ് കലക്ടറുടെ ഉത്തരവിറങ്ങി.
അമ്പലവയൽ റവന്യൂ റിക്കവറി തഹസിൽദാറുടെ കാര്യാലയത്തിൽ ഡെപ്യൂട്ടി തഹസിൽദാറായി ജോലി ചെയ്യുന്ന കെ.കെ. കൃഷ്ണകുമാറിനെയാണ് പകരം നിയമിച്ചിരിക്കുന്നത്. ജോലി ക്രമീകരണ വ്യവസ്ഥയിൽ നിയമിച്ച ജൂനിയർ സൂപ്രണ്ടിനെ പഴയ ലാവണമായ താലൂക്ക് ഓഫിസിലേക്ക് മാറ്റുന്നുവെന്നാണ് ഉത്തരവിൽ പറയുന്നത്.
റവന്യൂ ഉത്തരവ് പാലിക്കാത്തതിനെതിരേ സ്വകാര്യ വ്യക്തി നൽകിയ പരാതിയിൽ ആഗസ്റ്റ് മൂന്നിനാണ് അടിയന്തരമായി സ്ഥലം മാറ്റി നിയമിക്കുന്നതിന് ജില്ല കലക്ടർക്ക് മന്ത്രി നിർദേശം നൽകിയിരുന്നത്. തുടർന്ന് ജില്ല ഡെപ്യൂട്ടി കലക്ടർ ഇതുസംബന്ധിച്ച് നിർദേശം നൽകിയെങ്കിലും നടപടി ഉണ്ടായിരുന്നില്ല.
റവന്യൂ വകുപ്പിൽ 2023ലെ പൊതു സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് മേയ് 24ന് ലാന്റ് റവന്യൂ കമീഷണർ ഇറക്കിയ ഉത്തരവിൽ മൂന്ന് വർഷത്തിലധികമായി ഒരേ ഓഫിസിൽ തുടരുന്നവരെ സ്ഥലം മാറ്റണമെന്ന് നിഷ്കർഷിച്ചിരുന്നു.
എന്നാൽ, ജില്ലയിൽ സർക്കാർ ഉത്തരവുകൾക്കും സ്ഥലം മാറ്റ ചട്ടങ്ങൾക്കും വിരുദ്ധമായി വിവിധ ഓഫിസുകളിൽ നിരവധി ജീവനക്കാർ തുടരുന്നത് സംബന്ധിച്ചും മാധ്യമം നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു.
ക്ലർക്കുമാരുടെ സ്ഥലംമാറ്റത്തിൽ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ആരോപിച്ച് ഭരണകക്ഷിയായ എൻ.ജി.ഒ യൂനിയൻ തന്നെ പരസ്യമായി രംഗത്തെത്തുകയും ചെയ്തിരുന്നു. കലക്ടറേറ്റിൽ 10 വർഷത്തിലധികമായി ഒരേ ഓഫിസിൽ മാത്രം ജോലി ചെയ്യുന്ന ജീവനക്കാരുണ്ട്.
സ്ഥലം മാറ്റ വിഷയത്തിൽ സർവിസ് സംഘടനകളുമായി ചർച്ചചെയ്ത് സർക്കാർ മാനദണ്ഡങ്ങൾ നിശ്ചയിച്ചതിനുശേഷവും വർക്കിങ് അറേഞ്ച്മെന്റിന്റെ പേരിൽ ഭരണ സ്വാധീനമുള്ളവർ പ്രധാന ഓഫിസുകളിൽ തുടരുന്നതിൽ ജീവനക്കാർക്കിടയിൽ അമർഷം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.