വൈത്തിരി: രാത്രികാലങ്ങളിൽ പൂക്കോട് തടാകത്തിൽ നടക്കുന്ന അനധികൃത മീൻപിടിത്തം നാട്ടുകാർ കൈയോടെ പിടികൂടി. നാട്ടുകാരായ ചില യുവാക്കളാണ് തടാകം ജീവനക്കാരുടെ ഒത്താശയോടെ കിലോക്കണക്കിന് മത്സ്യം പിടിച്ച് പുറത്തുവിറ്റിരുന്നത്. ഫിഷറീസിലെയും ഡി.ടി.പി.സിയിലെയും ജീവനക്കാരുടെ സഹായത്തോടെയായിരുന്നു മീൻപിടിത്തം. വലിയ വിലക്കാണ് ഈ മത്സ്യങ്ങൾ പുറത്തു വിറ്റിരുന്നത്.
നേരത്തേ നാട്ടുകാർ മീൻ പിടിച്ചിരുന്നെങ്കിലും പിന്നീട് ഇവരെ തടഞ്ഞു. പിന്നാലെയാണ് അനധികൃത മീൻപിടിത്തം സജീവമായത്. കഴിഞ്ഞദിവസം ജീവനക്കാരും കൂട്ടാളികളും മീൻ പിടിക്കുന്നത് നാട്ടുകാർ കൈയോടെ പിടികൂടി വകുപ്പിനെയും പൊലീസിനെയും അറിയിക്കുകയായിരുന്നു. 30 കിലോയോളം മത്സ്യമാണ് നാട്ടുകാർ പിടികൂടിയത്. എന്നാൽ, സംഭവത്തിൽ പൊലീസ് കേസെടുത്തില്ലെന്ന ആരോപണവുമായി നാട്ടുകാർ രംഗത്തെത്തിയത് വിവാദത്തിനിടയാക്കി. പിന്നാലെ വൈത്തിരി പൊലീസിൽ പരാതി നൽകിയതായി ഫിഷറീസ് വകുപ്പ് അസി. ഡയറക്ടർ 'മാധ്യമ'ത്തോട് പറഞ്ഞു. അനധികൃത മീൻപിടിത്തത്തിനെതിരെ നിരവധി തവണ താക്കീത് നൽകിയിട്ടുണ്ടെങ്കിലും വളഞ്ഞ വഴിയിലൂടെ പലരും തടാകക്കരയിലെത്തി മീൻപിടിക്കുന്നത് തുടരുകയാണെന്നും ഡി.ടി.പി.സി സെക്രട്ടറി പറഞ്ഞു.
അനധികൃതമായി തടാകത്തിൽ മീൻ പിടിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് ഫിഷറീസ് വകുപ്പ് അസി. ഡയറക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ മീൻപിടിത്തത്തിൽ പങ്കുണ്ടെന്നു കണ്ടെത്തിയ ജീവനക്കാരനായ മോഹൻദാസിനെ സസ്പെൻഡ് ചെയ്തതായി ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു. പൂക്കോട് തടാകത്തിലെ മത്സ്യസമ്പത്ത് സംരക്ഷിക്കാൻ ഫിഷറീസ് വകുപ്പും ഡി.ടി.പി.സിയും മുന്നോട്ടുവന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.