കൽപറ്റ: വാഹനാപകടത്തെ തുടർന്ന് കർണാടക അതിർത്തിയിൽ ഒറ്റപ്പെട്ടുപോയ കുടുംബത്തിന് രക്ഷകരായി വനം വകുപ്പ്. ഊട്ടിയിൽ പോയി തിരിച്ചുവരുകയായിരുന്ന കോഴിക്കോട് കല്ലായി കുണ്ടുങ്ങൽ സ്വദേശി മൊയ്തീൻ കോയക്കും കുടുംബത്തിനുമാണ് കേരള വനം വകുപ്പ് രക്ഷകരായത്.
കഴിഞ്ഞ 14ന് വൈകീട്ട് ബന്ദിപ്പൂർ വനത്തിനുള്ളിൽ മൊയ്തീൻ കോയയും കുടുംബവും സഞ്ചരിച്ച കാർ കർണാടക സ്വദേശികളുടെ കാറുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി.
അപകടത്തിൽ രണ്ടു കാറുകൾക്കും തകരാറ് സംഭവിച്ചെങ്കിലും കർണാടക സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച കാറിന് നഷ്ടപരിഹാരമായി രണ്ടര ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ഉടമ രംഗത്തുവന്നു. കൂടാതെ കോഴിക്കോട് സ്വദേശികൾ സഞ്ചരിച്ച കാറിലെ ഡ്രൈവറെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവസ്ഥലത്തെത്തിയ പ്രദേശവാസികളും കർണാടക സ്വദേശിക്ക് വേണ്ടി സംസാരിച്ചതോടെ സഹായത്തിനാരുമില്ലാതെ ഭയന്ന കുടുംബം കേണപേക്ഷിച്ചെങ്കിലും വനത്തിനുള്ളിൽനിന്ന് പോകാനനുവദിക്കാതെ ഇവരെ മണിക്കൂറുകളോളം തടഞ്ഞുവെക്കുകയായിരുന്നു.
തുടർന്ന് മൊയ്തീൻ കോയയുടെ മകൾ മുഫീദ മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ടതോടെ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപയെ വിവരമറിയിക്കുകയും മുത്തങ്ങയിൽ കാനനസഫാരിക്ക് ഉപയോഗിക്കുന്ന വാനുമായി മൂന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ 50 കിലോമീറ്റർ ദൂരമുള്ള സ്ഥലത്ത് എത്തി കുടുംബത്തെ രാത്രി 8.30ഓടെ മുത്തങ്ങയിലുള്ള വനം വകുപ്പിന്റെ ക്യാമ്പിലേക്ക് മാറ്റുകയുമായിരുന്നു.
രാത്രിയും വനത്തിനുള്ളിൽ സഹായത്തിനാരുമില്ലാതെ ഭീതിയോടെ കഴിഞ്ഞ കുടുംബത്തെ വനം ഉദ്യോഗസ്ഥർ മുത്തങ്ങയിലെത്തിച്ച് തങ്ങളുടെതന്നെ ക്യാമ്പിൽ താമസിക്കാൻ സൗകര്യം ചെയ്ത് കൊടുക്കുകയും പിറ്റേന്ന് രാവിലെ ഉദ്യോഗസ്ഥർതന്നെ ബസ് കയറ്റിയയക്കുകയും ചെയ്തു.
രണ്ടു വിഭാഗത്തേയും അടുത്തുള്ള പൊലീസ് സ്റ്റേഷനിലെത്തിച്ച് അവിടെ നിന്ന് 30,000 രൂപ നഷ്ടപരിഹാരം നൽകാമെന്ന വ്യവസ്ഥയിൽ പ്രശ്നം അവസാനിപ്പിക്കുന്നതിനും കേരള വനം ഉദ്യോഗസ്ഥർ ഇടപെടൽ നടത്തി. തങ്ങളെ വനത്തിനുള്ളിൽ തടഞ്ഞുനിർത്തിയ സമയം മുതൽ രാത്രി ക്യാമ്പിൽ എത്തുന്നത് വരെ സി.സി.എഫ് ദീപ, കൽപറ്റ റേഞ്ച് ഓഫിസർ ഹാഷിഫ് അടക്കമുള്ളവർ നിരന്തരം ബന്ധപ്പെടുകയും ആശ്വസിപ്പിക്കുകയും ചെയ്തത് ധൈര്യം നൽകിയെന്ന് മുഫീദ മാധ്യമത്തോട് പറഞ്ഞു.
മുൻ മന്ത്രി അഹമ്മദ് ദേവർകോവിലിനെ ബന്ധപ്പെട്ടതോടെ അദ്ദേഹം ഏതാനും കർണാടക സ്വദേശികളെ തങ്ങളെ തടഞ്ഞുനിർത്തിയ സ്ഥലത്തേക്ക് അയച്ചതോടെയാണ് കുറച്ചെങ്കിലും ആശ്വാസമായതെന്നും മുഫീദ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.