കൽപറ്റ: വേനൽ ശക്തമാവുകയും കാടുമുഴുവൻ വരണ്ടുണങ്ങുകയും തീപിടിത്തമുണ്ടാവുകയും ചെയ്യുന്നതിനാൽ കാടിനുള്ളിലെ ഇക്കോ ടൂറിസം നിർത്തിവെക്കണമെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഇക്കോ ടൂറിസത്തിൽ മുഴുകിയിരിക്കുന്ന ഗൈഡുമാരെയും മറ്റും തീ പ്രതിരോധ പ്രവർത്തനത്തിന് ഉപയോഗിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
വയനാട്ടിലെ ഫോറസ്റ്റ് ഡിവിഷനുകളില മാനേജ്മെന്റ് പ്ലാനിലും വർക്കിങ് പ്ലാനുകളിലും മാർച്ചിലും ഏപ്രിലിലും ഇക്കോ ടൂറിസം നിരോധിച്ചിരിക്കെ ചിലരുടെ സമ്മർദത്തിന് വഴങ്ങുകയാണ് ഉദ്യോഗസ്ഥർ. വേനൽ കടുക്കുന്നതോടെ വെള്ളവും തീറ്റയും അന്വേഷിച്ച് വന്യജീവികൾ കൂട്ടം കൂട്ടമായി വയനാടൻ കാടുകളിൽ എത്താറുണ്ട്.
നൂറുകണക്കിനു അംഗങ്ങളുള്ള കാട്ടാനക്കുട്ടങ്ങൾ പരമ്പരാഗതമായി ഇവിടെ തമ്പടിക്കുന്നു. കാട്ടിനുള്ളിൽ വാഹനവും മനുഷ്യരും വന്യജീവികളുടെ സ്വര്യം കെടുത്തുമ്പോൾ അവ മനുഷ്യവാസം കേന്ദ്രങ്ങളിൽ ഇറങ്ങി കൃഷി നശിപ്പിക്കുന്നു. വേനലിൽ വരണ്ട കരിയിലകളും കുറ്റിക്കാടുകളും രൂപപ്പെടുന്ന കാടുകളിൽ മനുഷ്യ സാന്നിധ്യം ഒട്ടും സുരക്ഷിതമല്ല.
ടൂറിസ്റ്റുകളുടെ ജീവൻപോലും അപകടത്തിലായേക്കും. ചെമ്പ്ര പീക്കിലും കുറുവയിലും അപ്പപ്പാറയിലും അടുത്ത കാലത്താണ് തീപിടിത്തമുണ്ടായതെന്നും സമിതി വ്യക്തമാക്കി. യോഗത്തിൽ എൻ. ബാദുഷ, തോമസ് അമ്പലവയൽ, പി.എം. സുരേഷ്, എം. ഗംഗാധരൻ, എ.വി. മനോജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.