കൽപറ്റ: സുൽത്താൻ ബത്തേരി ഗവ. ആശുപത്രിക്ക് മുകളിൽ നിന്നും ചാടി പെൺകുട്ടി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുന്നതിന് അന്വേഷണ ഉദ്യോഗസ്ഥന് നിർദേശം നൽകിയതായി ജില്ല പൊലീസ് മേധാവി മനുഷ്യാവകാശ കമീഷനെ അറിയിച്ചു. കമീഷൻ ആക്റ്റിങ് ചെയർപേഴ്സനും ജുഡീഷൽ അംഗവുമായ കെ. ബൈജുനാഥിന്റെ ഇടപെടലിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2023 ജനുവരി 29ന് പെൺകുട്ടിയെ കാണാതായ ഉടനെ പരാതി നൽകിയെങ്കിലും അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് പെൺകുട്ടിയുടെ പിതാവ് സമർപ്പിച്ച പരാതിയിൽ കമീഷൻ നടപടിക്ക് നിർദേശം നൽകിയിരുന്നു.
പരാതിക്കാരനായ നെൻമേനി സ്വദേശി വിനോദിന്റെ മകൾ അക്ഷരയെ (19) കാണാതായ ഉടനെ അന്വേഷണം ആരംഭിച്ചതായി ജില്ല പൊലീസ് മേധാവി കമീഷനെ അറിയിച്ചു. മൊബൈൽ ഫോൺ ലൊക്കേഷൻ ലഭിക്കാൻ സൈബർ സെല്ലിൽ അപേക്ഷ നൽകി. അന്വേഷണത്തിനിടയിലാണ് നിർമാണം നടക്കുന്ന ആശുപത്രി കെട്ടിടത്തിന് സമീപം പെൺകുട്ടി മരിച്ചു കിടക്കുന്നതായി വിവരം ലഭിച്ചത്. സംഭവത്തിൽ സുൽത്താൻ ബത്തേരി പൊലീസ് കേസെടുത്തിട്ടുണ്ട്. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷണം നടത്തിവരുകയാണ്. പെൺകുട്ടിയുടെ സുഹൃത്തുക്കൾ, സഹപാഠികൾ, ആത്മഹത്യാകുറിപ്പിൽ പരാമർശിച്ച ആളുകൾ എന്നിവരെ ചോദ്യം ചെയ്യാനുണ്ട്. പെൺകുട്ടിയുടെയും സുഹൃത്തുക്കളുടെയും സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിക്കേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.