കൽപറ്റ: മണിയങ്കോട് പൊന്നടയിലെ സബർമതി എന്ന പേരിലുള്ള പുതിയ വീട്ടിലെത്തിയ രാഹുൽ ഗാന്ധി എം.പി ആറാം ക്ലാസുകാരിയായ അനുപ്രിയയോട് വലുതാകുമ്പോൾ ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോൾ കലക്ടറാകണമെന്നായിരുന്നു മറുപടി. അനുപ്രിയയുടെ മറുപടി കേട്ടയുടനെ വാരിപുണർന്നുകൊണ്ടാണ് രാഹുൽ ഗാന്ധി അഭിനന്ദിച്ചത്.
കൈത്താങ് പദ്ധതിയിൽ ഡി.സി.സി മണിയങ്കോട് സ്വദേശിനിയായ എൻ.കെ. ജിജിക്കും കുടുംബാംഗങ്ങൾക്കുമായി പൊന്നടയിൽ നിർമിച്ച പുതിയ വീട്ടിലെത്തിയപ്പോഴാണ് ജിജിയുടെ മകൾ അനുപ്രിയയുടെ വിശേഷങ്ങൾ രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞത്.
ഇംഗ്ലീഷിലുള്ള ചോദ്യങ്ങൾക്കെല്ലാം ഇംഗ്ലീഷിൽ തന്നെ മറുപടി നൽകിയാണ് മുണ്ടേരി കൽപറ്റ ഗവ. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനിയായ അനുപ്രിയ രാഹുൽ ഗാന്ധിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും കൈയടി നേടിയത്. ഏതു വിഷയമാണ് ഇഷ്ടമെന്ന ചോദ്യത്തിന് സയൻസെന്നായിരുന്നു മറുപടി.
അനുപ്രിയയുടെ അനിയൻ അജ്നവിനെ മടിയിലിരുത്തിയും ജിജിയോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞുമാണ് രാഹുൽ അവിടെനിന്നും മടങ്ങിയത്. 2018 മാർച്ച് 27ന് രാത്രി കുന്നമ്പറ്റയിൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് ജിജിയുടെ ഭർത്താവ് മേപ്പാടി എരുമകൊല്ലി സ്വദേശി അനിൽകുമാർ മരിക്കുന്നത്.
ബൈക്കിൽ പോകുകയായിരുന്ന അനിൽകുമാറിനെ ഇടിച്ച വാഹനം നിർത്താതെ പോവുകയായിരുന്നു. സെൻട്രിങ് ജോലിക്കാരനായ അനിൽകുമാറിന്റെ വരുമാനത്തിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ജിജിയുടെ അച്ഛൻ കൃഷ്ണൻ, അമ്മ ശാന്ത, മറ്റു കുടുംബാംഗങ്ങൾ തുടങ്ങിയവരെല്ലാം പൊന്നടയിലെ പുതിയ വീട്ടിൽ നേരത്തെ തന്നെ എത്തിയിരുന്നു.
പുതിയ വീട്ടിൽ ജിജിക്കും മക്കൾക്കും കൂട്ടായി കൃഷ്ണനും ശാന്തയുമുണ്ടാകും. വീട് ലഭിച്ചതിൽ സന്തോഷമുണ്ടെന്നും കോൺഗ്രസ് നേതാക്കളോട് ഏറെ കടപാടുണ്ടെന്നും കൃഷ്ണൻ പറഞ്ഞു. എം.പിയുടെ നിർദേശാനുസരണം കെ.പി.സി.സിയും ഡി.സി.സിയും ചേർന്ന് നടപ്പാക്കുന്ന കൈതാങ്ങ് പദ്ധതിക്ക് കീഴിൽ വീടും സ്ഥലവും നൽകുന്നതിന് കോൺഗ്രസ് നേതാക്കൾ ജിജിയുടെ പേര് ശിപാർശ ചെയ്യുകയായിരുന്നു.
തുടർന്ന് ജിജിക്ക് വീടു നിർമിക്കുന്നതിനായി കൽപറ്റ നഗരസഭ മണിയങ്കോട് പൊന്നടയിൽ അഞ്ചു സെന്റ് സ്ഥലം വാങ്ങി. ഡി.സി.സിയുടെ നേതൃത്വത്തിൽ ജില്ലയിലെ ഓരോ പഞ്ചായത്തുകളിലുമായി നിർമിച്ചു നൽകുന്ന 25 വീടുകളിലൊന്നായി ജിജിയുടേതും മാറി.
ഒരു വർഷം കൊണ്ടാണ് വീടുനിർമാണം പൂർത്തിയാക്കിയത്. 6.80 ലക്ഷം രൂപയാണ് ഒരു വീടിന്റെ നിർമാണ ചിലവ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ, ടി. സിദ്ദീഖ് എം.എൽ.എ, ഐ.സി ബാലകൃഷ്ണൻ എം.എൽ.എ, കൽപറ്റ നഗരസഭ ചെയർമാൻ കെയംതൊടി മുജീബ്.
ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, പി.പി. ആലി, കെ.കെ. അബ്രഹാം, ഗോഗുൽദാസ് കോട്ടയിൽ, അഡ്വ. ടി.ജെ. ഐസക്ക്, ഗിരീഷ് കൽപറ്റ, കെ.പി. ഹമീദ് മറ്റു കോൺഗ്രസ് നേതാക്കൾ തുടങ്ങിയവരും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.