കൽപറ്റ: മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി വീട്ടിമരങ്ങൾ മുറിച്ചുകടത്തിയ കേസിെൻറ അന്വേഷണം അട്ടിമറിക്കാൻ നീക്കം നടക്കുന്നെന്ന ആരോപണം ശക്തമാകുന്നു. കേസിെൻറ അന്വേഷണ ചുമതല വഹിച്ചിരുന്ന മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എം.കെ. സമീർ കഴിഞ്ഞദിവസം ദീർഘ അവധിയിൽ പ്രവേശിച്ചു. കേസ് ദുർബലപ്പെടുത്താൻ മേലുദ്യോഗസ്ഥരിൽനിന്നുള്ള ശക്തമായ സമ്മർദത്തെ തുടർന്നാണ് അവധിയിൽ പ്രവേശിച്ചതെന്നാണ് വിവരം.
ഡിപ്പോ റേഞ്ച് ഓഫിസർ കെ.സി. പ്രദീപ് കുമാറിനാണ് പകരം അന്വേഷണ ചുമതല. അന്വേഷണസംഘത്തിലെ കീഴുദ്യോഗസ്ഥരെ ഒരു സംഘം ഭീഷണിപ്പെടുത്തുന്നതായും പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഡി.എഫ്.ഒക്ക പരാതി നൽകാനിരിക്കുകയാണ് ജീവനക്കാർ.
അതേസമയം, മരംമുറി കേസ് അന്വേഷിക്കാനായി ജില്ലയിലെത്തിയ മുതിർന്ന ഉദ്യോഗസ്ഥൻ അന്വേഷണ സംഘത്തിലെ കീഴുദ്യോഗസ്ഥരെ സമ്മർദത്തിലാക്കാനാണ് ശ്രമിച്ചതെന്ന ആരോപണവുമായി ജീവനക്കാരുട സംഘടനതന്നെ രംഗത്തെത്തി. കേസിലെ പ്രതികൾ വനംവകുപ്പ് ഉദ്യോഗസ്ഥർക്കുനേരെ പ്രത്യാരോപണം ഉ
ന്നയിച്ച കേസുകളിൽ വസ്തുതയില്ലെന്ന് ബോധ്യപ്പെട്ടിട്ടും മറ്റു പലതും ചൂണ്ടിക്കാട്ടി സമ്മർദത്തിലാക്കാനാണ് മുതിർന്ന ഉദ്യോഗസ്ഥൻ ശ്രമിച്ചതെന്നാണ് ജീവനക്കാർ പറയുന്നത്. വാഴവറ്റ, ആവലാട്ടുകുന്ന്, കരിങ്കണിക്കുന്ന് എന്നീ പ്രദേശങ്ങളിലെ 25ഓളം പേരുടെ ഭൂമിയിൽനിന്നായി അനുമതിയില്ലാതെ വീട്ടി ഉൾപ്പെടെ നൂറുകണക്കിന് മരങ്ങൾ മുറിച്ചെന്നാണ് ആരോപണം. 1964ലെ ഭൂപതിവ് ചട്ടങ്ങൾ പ്രകാരം പതിച്ചുനൽകിയ പട്ടയഭൂമിയിലെ മരങ്ങൾ മുറിക്കുന്നത് സംബന്ധിച്ച് റവന്യൂ വകുപ്പ് 2020 ഒക്ടോബർ 24ന് ഇറക്കിയ ഉത്തരവിനെ ദുർവ്യാഖ്യാനം ചെയ്താണ് മരങ്ങൾ മുറിച്ചതെന്നാണ് ആക്ഷേപം. മുറിച്ചു പെരുമ്പാവൂരിലേക്ക് കടത്തിയ രണ്ടു ലോഡ് വീട്ടിത്തടികൾ മേപ്പാടി റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ വനംവകുപ്പ് പിടികൂടിയിരുന്നു. 20 ലക്ഷം രൂപ വിലവരുന്നതാണ് തടികൾ. വാഴവറ്റയിലെ തടിമില്ലിെൻറ പേരിൽ അനുവദിച്ച പാസ് ദുരുപയോഗം ചെയ്താണ് മരത്തടി കടത്തിയതെന്ന് വനംവകുപ്പിെൻറ അന്വേഷണത്തിൽ കണ്ടെത്തി. പിന്നാലെ തടിമിൽ ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തു. മരംമുറിയിൽ വനംവകുപ്പിലെയും റവന്യൂ വകുപ്പിലെയും ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുള്ളതായി ആരോപണമുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് അന്വേഷണ ചുമതലയുണ്ടായിരുന്ന മേപ്പാടി റേഞ്ച് ഓഫിസർ അവധിയിൽ പ്രവേശിച്ചത്.
മരംമുറിയുമായി ബന്ധപ്പെട്ട് സെക്ഷൻ ഫോറസ്റ്റ് ഓഫിസർ, രണ്ടു ബീറ്റ് ഫോറസ്റ്റ് ഓഫിസർമാർ എന്നിവരെ വനംവകുപ്പ് സ്ഥലംമാറ്റി. റവന്യൂ ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്ന ആരോപണം ശക്തമായതിനെ തുടർന്ന് മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസർ, ഹെഡ് ക്വാർട്ടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എന്നിവരെയും കഴിഞ്ഞദിവസം സ്ഥലം മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.