കൽപറ്റ: നഗരസഭയിലെ ഭരണമാറ്റം സംബന്ധിച്ച് കോൺഗ്രസിൽ കടുത്ത ഭിന്നത തുടരുന്നു. രണ്ടര വർഷം മുസ്ലിം ലീഗും ബാക്കി കോൺഗ്രസും ചെയർമാൻ പദവി പങ്കുവെക്കാമെന്നായിരുന്നു തെരഞ്ഞെടുപ്പു സമയത്തെ ധാരണ. അതുപ്രകാരം ലീഗ് അംഗം സ്ഥാനം രാജിവെക്കേണ്ട സമയം കഴിഞ്ഞ് ആറു മാസമായെങ്കിലും അടുത്ത ചെയർമാൻ കോൺഗ്രസിൽനിന്ന് ആരാകണമെന്ന തർക്കത്തെത്തുടർന്ന് ഭരണമാറ്റം നീളുകയായിരുന്നു.
മാസങ്ങളായി കോൺഗ്രസിൽ ഇതുസംബന്ധിച്ച ചർച്ച നടക്കുകയാണെങ്കിലും സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ഇടപെട്ടിട്ടും സമവായത്തിലെത്താൻ കഴിയാത്തത് നേതൃത്വത്തിൽ കടുത്ത ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന നഗരസഭ യു.ഡി.എഫ് യോഗത്തിലും ഇതുസംബന്ധിച്ച് ചർച്ച നടന്നെങ്കിലും തീരുമാനത്തിലെത്തിയില്ല. ധാരണ പ്രകാരം കേയംതൊടി മുജീബ് ജൂൺ 30നായിരുന്നു പദവി ഒഴിയേണ്ടത്.
അധികാരം വെച്ചുമാറുമ്പോൾ ആരെ ചെയർമാനാക്കണമെന്ന കാര്യത്തിൽ കോൺഗ്രസിന് തീരുമാനത്തിലെത്താൻ സാധിക്കാതെ വന്നതോടെയാണ് രാജി നീണ്ടുപോയത്.കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗവും കൗൺസിലറുമായ ടി.ജെ. ഐസക്കും മറ്റൊരു കൗൺസിലറായ പി. വിനോദ് കുമാറുമാണ് ചെയർമാൻ സ്ഥാനത്തിന് രംഗത്തുള്ളത്. രണ്ടുപേർക്കും ഇനിയുള്ള കാലാവധി തുല്യമായി പങ്കിടാമെന്ന് ധാരണയായെന്നാണ് അറിയുന്നത്.
എന്നാൽ, ആദ്യത്തെ ഊഴം തങ്ങൾക്ക് വേണമെന്ന നിലപാടിലാണ് ഇരുവരും. ആകെയുള്ള 28 ഡിവിഷനുകളിൽ യു.ഡി.എഫിന് 15 സീറ്റാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.