കൽപറ്റ: വിഷുവിനോടനുബന്ധിച്ച് ജില്ലയിലെ കാട്ടുനായ്ക്ക വിഭാഗം തങ്ങളുടെ വിഷുക്കളിയായ 'കോലടി'യുമായി രംഗത്ത്. രണ്ടുവർഷത്തെ കോവിഡ് ഇടവേളക്കുശേഷമാണ് ഇത്തവണ വിഷുവിന്റെ വരവറിയിച്ച് വിഷുക്കളി സംഘം ഗ്രാമങ്ങളിലും നഗരങ്ങളിലും എത്തിയത്. കാട്ടുനായ്ക്ക വിഭാഗക്കാരുടെ പ്രധാന ആചാരങ്ങളിലൊന്നാണ് കേരളത്തിന്റെ തനത് കലയായ കോൽക്കളിയോട് സാമ്യമുള്ള കോലടി.
വിഷുവിന്റെ ഏഴുദിവസം മുമ്പ് വ്രതാനുഷ്ഠാനങ്ങളോടെയാണ് വീടുകളിൽ നിന്ന് വിഷുക്കളിയുമായി സംഘാംഗങ്ങൾ ഇറങ്ങുന്നത്. കൊന്നയും ചായങ്ങളും ദേഹത്ത് പൂശിയാണ് വിഷുക്കളി അവതരിപ്പിക്കുന്നത്. സ്ത്രീ വേഷം കെട്ടിയ പുരുഷൻ സംഘത്തിലുണ്ടാകും. കാട്ടുനായ്ക്ക ഗോത്രഭാഷയിലുള്ള പാട്ടുകൾ പാടിയാണ് കോലടി അവതരിപ്പിക്കുന്നത്. ആദ്യദിനങ്ങളിൽ ഇവർ വീടുകളിലെത്തി സമ്പൽസമൃദ്ധിക്കും ഐശ്വര്യത്തിനുമായി പ്രാർഥിക്കും. തുടർന്ന് കോലടി അവതരിപ്പിച്ച് ദക്ഷിണ സ്വീകരിച്ച് മടങ്ങും.
വിഷുവിന്റെ രണ്ടുനാൾ മുമ്പ് ഇവർ നഗരങ്ങളിലെത്തിയും വിഷുക്കളി അവതരിപ്പിക്കും. അതിവേഗ ചലനങ്ങളോടെയുള്ള കോലടി ഏറെ താളത്തിലും ആകർഷകവുമായാണ് ഇവർ അവതരിപ്പിക്കുന്നത്. വിഷു ഉത്സവമായി ആഘോഷിക്കുന്ന തിരുനെല്ലി ക്ഷേത്രത്തിലെത്തി തങ്ങൾക്ക് ലഭിച്ച ദക്ഷിണ ഇവിടെ സമർപ്പിച്ച് വിഷുക്കണിയും കണ്ടാണ് ഇവർ തങ്ങളുടെ വീടുകളിലേക്ക് മടങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.