കൽപറ്റ: എൽ.പി.ജി ഇന്ധനം നിറക്കാൻ വൈത്തിരി താലൂക്കിൽ സംവിധാനമില്ല. ഇതോടെ വാഹന ഉടമകളും തൊഴിലാളികളും വലയുന്നു. നിലവിൽ താലൂക്കിലുള്ളവർ സുൽത്താൻ ബത്തേരിയിലോ, മാനന്തവാടിയിലോ ഇന്ധനം നിറക്കാൻ പോകേണ്ട അവസ്ഥയാണ്. ഇന്ധന ദുരിതം കൂടുതൽ അനുഭവിക്കുന്നത് ഓട്ടോ തൊഴിലാളികളാണ്.
താലൂക്കിൽ 300 ഓളം ഓട്ടോറിക്ഷകൾ എൽ.പി.ജി നിറച്ച് ഓടുന്നുണ്ടെന്ന് തൊഴിലാളികൾ പറയുന്നു. മറ്റു ടാക്സി വാഹനങ്ങളും സ്വകാര്യ വാഹനങ്ങളും എൽ.പി.ജി ഉപയോഗിക്കുന്നുണ്ട്.
കൽപറ്റയിലെ പമ്പിൽ എൽ.പി.ജി സംവിധാനം രണ്ടു മാസം മുമ്പാണ് നിർത്തിയത്. വൈത്തിരി താലൂക്കിന്റെ പ്രധാന ടൗണുകളിലടക്കം എൽ.പി.ജി ഇന്ധനം ഉപയോഗിച്ച് ഓടുന്ന വാഹന ഉടമകൾ ദുരിതത്തിലായി. ആഴ്ചയിൽ മൂന്നു തവണയെങ്കിലും ഇന്ധനം നിറക്കണം.
25 മുതൽ 35 കി.മീ. ദൂരം വരെ ഇന്ധനം നിറക്കാൻ യാത്ര ചെയ്യേണ്ട അവസ്ഥയിലാണ്. ഒരു തവണ പോയി വരാൻ 150 രൂപയുടെ ഇന്ധനം ചെലവാകുകയും ചെയ്യും. അന്തരീക്ഷ മലിനീകരണം കുറക്കാൻ വാഹനങ്ങൾ എൽ.പി.ജി സംവിധാനത്തിലേക്ക് മാറണമെന്ന് സർക്കാർ നിർദേശ മുെണ്ടങ്കിലും ഇതിനുള്ള സൗകര്യം ഒരുക്കുന്നില്ലെന്നാണ് ആക്ഷേപം.
പലർക്കും വായ്പ ഉള്ളതിനാൽ വാഹനം വിൽക്കാനും സാധിക്കാത്ത അവസ്ഥയാണ്. എൽ.പി.ജി സംവിധാനം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ തൊഴിലാളികൾ അധികൃതർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ ഒരു വിധത്തിലുമുള്ള നടപടിയില്ലെന്നും തൊഴിലാളികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.