കൽപറ്റ: മണിക്കുന്നു മലയിലെ ഇടിഞ്ഞകൊല്ലിയിൽ വനത്തിൽനിന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാപകമായി മരം മുറിച്ചു കടത്തിയെന്ന പ്രചാരണത്തിനു പിന്നിൽ മുട്ടിലിലെ മരംമുറി അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമം. മരംമുറി അന്വേഷിക്കാനായി ജില്ലയിലെത്തിയ വിജിലൻസ് ഫോറസ്റ്റ് കൺസർവേറ്റർ നൽകിയ റിപ്പോർട്ട് മര മാഫിയ സംഘത്തെ സഹായിക്കാനാണെന്നും ജീവനക്കാർതന്നെ പറയുന്നു.
മണിക്കുന്ന് മലയിലെ വനഭൂമി വ്യാജരേഖ ചമച്ച് സ്വകാര്യ ഭൂമിയാക്കിയെന്നും വനംവകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഈട്ടിത്തടി കടത്തിയെന്നുമാണ് കൺസർവേറ്ററുടെ റിപ്പോർട്ട്. വീട്ടി മരക്കൊള്ളക്കാർ മെനഞ്ഞെടുത്ത അടിസ്ഥാനരഹിതമായ പരാതിപ്രകാരം വനം വകുപ്പുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുക എന്ന വ്യക്തമായ ഉദ്ദേശ്യത്തോടെയാണ് ഇത്തരത്തിലൊരു റിപ്പോർട്ട് തയാറാക്കിയതെന്നാണ് ജീവനക്കാർ പറയുന്നത്.
മണിക്കുന്നു മലയിലെ ഇടിഞ്ഞകൊല്ലി പ്രദേശത്തെ വനത്തിൽനിന്ന് വനപാലകരുടെ ഒത്താശയോടെ വീട്ടിത്തടികൾ മുറിച്ചു കടത്തിയെന്ന അടിസ്ഥാനരഹിതമായ കണ്ടെത്തലും മുട്ടിൽ മരംമുറി അന്വേഷിക്കുന്ന സംഘത്തെ വരുതിയിലാക്കാനായിരുന്നു. വരിക്കച്ചാക്കൽ ഏലിക്കുട്ടി ജന്മം ഭൂമിയിൽനിന്ന് വീട്ടിമരങ്ങൾ മുറിച്ചതാണ് വനഭൂമിയിലാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചത്. വൈത്തിരി തഹസിൽദാറുടെ ശുപാർശ പ്രകാരം രേഖകളെല്ലാം ഹാജരാക്കി റവന്യൂ വകുപ്പിെൻറ അനുമതിയോടുകൂടി അപേക്ഷ നൽകി. പിന്നാലെയാണ് റെയിഞ്ച് ഓഫിസർ പരിശോധന നടത്തി നാലു മരങ്ങൾ മുറിക്കാൻ അനുമതി നൽകിയത്.
ഈ നാലു മരങ്ങളാണ് ഇവിടെ നിന്ന് മുറിച്ചതും. വസ്തുതകൾ ഇതായിരിക്കെ, മരംമുറി നടന്നത് വനംഭൂമിയിലാണെന്നും വനപാലകരുടെ ഒത്താശയോടെയാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണ് കൺസർവേറ്ററുടെ റിപ്പോർട്ട്. ഏലിക്കുട്ടിയുടെ ഭൂമിയോടുചേർന്ന നിക്ഷിപ്ത വനഭൂമി കൈയേറിയത് വനം വകുപ്പ് പിടിച്ചെടുത്തിരുന്നു.
ഇതിനെതിരെ നൽകിയ അപ്പീൽ ൈട്രബ്യൂണൽ തള്ളിക്കളഞ്ഞതിനെ തുടർന്ന് വനഭൂമി അളന്ന് ജെണ്ടയിട്ട് വേർതിരിച്ചിട്ടുമുണ്ട്. ശേഷിച്ച ജന്മം ഭൂമിയിലെ വീട്ടിമരങ്ങളാണ് വനംവകുപ്പിെൻറ അനുമതിയോടെ മുറിച്ചത്. കൺസർവേറ്ററുടെ കണ്ടെത്തൽ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർപോലും അംഗീകരിച്ചിട്ടില്ല.
ജന്മം ഭൂമിയിൽനിന്ന് നാലു വീട്ടിമരങ്ങൾ മുറിക്കാൻ 2020 മാർച്ചിലാണ് ഏലിക്കുട്ടി കട്ടിങ് പെർമിറ്റ് കരസ്ഥമാക്കുന്നത്. മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധയിടങ്ങളിൽനിന്ന് സർക്കാറിൽ നിക്ഷിപ്തമായ ഇരുന്നൂറോളം കൂറ്റൻ വീട്ടിത്തടികളാണ് അനുമതിയില്ലാതെ മുറിച്ചത്.
ഇതിൽ രണ്ടു ലോഡുകൾ പെരുമ്പാവൂരിൽനിന്ന് മേപ്പാടി റെയിഞ്ച് ഓഫിസറും സംഘവും പിടിച്ചെടുത്തിരുന്നു. കേസ് അന്വേഷിച്ച മേപ്പാടി റെയിഞ്ച് ഓഫിസർ എം.കെ. സെമീർ കേസ് ദുർബലപ്പെടുത്താനുള്ള സമ്മർദത്തെ തുടർന്ന് ദീർഘ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. അതേസമയം, മുട്ടിൽ മരംമുറിയിൽ വില്ലേജ് ഓഫിസർക്ക് പ്രഥമദൃഷ്ട്യാ തെറ്റുപറ്റിയതായി കണ്ടെത്തിയിട്ടുണ്ടെന്നും അന്വേഷണത്തിനൊടുവിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ല കലക്ടർ ഡോ. അദീല അബ്ദുല്ല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.