പുൽപള്ളി: വനവികസന കോർപറേഷന്റെ കൈവശമുണ്ടായിരുന്ന മരിയനാടത്തെ കാപ്പിത്തോട്ടത്തിൽനിന്ന് 18 വർഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ കാപ്പിയും കുരുമുളകും ഉൾപ്പെടെയുള്ള വിളകൾ അപഹരിക്കപ്പെട്ടതായി ഗോത്ര മഹാസഭാ നേതാവ് എൻ. ഗീതാനന്ദൻ ആരോപിച്ചു.
നഷ്ടക്കണക്കുകളുടെ പേരിലാണ് തോട്ടം അടച്ചുപൂട്ടിയത്.പിന്നാലെയാണ് ഇവിടെ തൊഴിലാളികളായിരുന്നവർ തങ്ങൾക്ക് ആനുകൂല്യം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരരംഗത്തേക്ക് തിരിഞ്ഞത്.
ഇക്കാലയളവിൽ ഇവിടെനിന്ന് കോടികളുടെ വിളകൾ കൊള്ളയടിക്കപ്പെട്ടിട്ടുണ്ട്. ഇത് എവിടെ പോയെന്ന് അധികൃതർ വ്യക്തമാക്കണം. വിളകളിൽ നല്ലൊരു പങ്കും തോട്ടത്തിന് പുറത്തുള്ളവരാണ് മോഷ്ടിച്ചതെന്നും അദ്ദേഹം പറഞ്ഞു. ആദിവാസികളെ ഉപയോഗപ്പെടുത്തിയായിരുന്നു പലപ്പോഴും കൊള്ള. മോഷ്ടിക്കപ്പെട്ട വിളകൾ ചുരുങ്ങിയ വിലയ്ക്ക് വാങ്ങി പലരും സമ്പന്നരായി. ഇതിൽ രാഷ്ട്രീയക്കാർക്കും പങ്കുമുണ്ട്. മരിയനാട് സമരഭൂമിയിൽ കുടിൽകെട്ടി താമസിക്കുന്ന അർഹരായവർക്ക് ഭൂമി ലഭ്യമാക്കണം. അർഹരെ കണ്ടെത്താൻ അധികൃതർ തയാറാകണം. ഇതുമായി ബന്ധപ്പെട്ട പട്ടികയും പ്രസിദ്ധീകരിക്കണം.
ജില്ലയിൽ ഉടമസ്ഥരില്ലാത്ത തോട്ടങ്ങൾ പിടിച്ചെടുത്ത് ആദിവാസികൾക്ക് വിതരണം ചെയ്യണം. ബീനാച്ചി എസ്റ്റേറ്റിന്റെ നല്ലൊരു പങ്കും ഭൂരഹിതരായ ആദിവാസികൾക്ക് കൈമാറി ബാക്കി ഭൂമി വികസന പ്രവർത്തനങ്ങൾക്ക് കൈമാറാൻ എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
മഴയിലും ചൂടുപിടിച്ച് മരിയനാട്ടെ ഭൂസമരം: അഞ്ഞൂറോളം ആദിവാസി കുടുംബങ്ങളാണ് സമരരംഗത്തുള്ളത്
കൽപറ്റ: മഴ ശകതമാകുന്നതിനിടെ മരിയനാട് ആദിവാസി കുടുംബങ്ങൾ നടത്തുന്ന ഭൂസമരവും ശക്തിയാർജിക്കുന്നു. ഒരുമാസത്തോളമായി തുടരുന്ന സമരത്തിൽ 500ഓളം കുടുംബങ്ങളാണ് പങ്കെടുക്കുന്നത്. വനംവകുപ്പിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന മരിയനാട് കാപ്പിത്തോട്ടത്തിലാണ് സമരം. ഭൂമി പതിച്ചുകിട്ടും വരെ സമരരംഗത്ത് ഉറച്ചുനിൽക്കാനാണ് ഇവരുടെ തീരുമാനം.
ഇരുളം ഭൂസമര സമിതിയുടെയും ഗോത്ര മഹാസഭയുടെയും നേതൃത്വത്തിലായിരുന്നു സമരത്തിന് തുടക്കം. ഗോത്ര മഹാസഭ നേതാവ് ഗീതാനന്ദനടക്കം ഇവിടെ തങ്ങിയാണ് സമരത്തിന് നേതൃത്വം നൽകുന്നത്. മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്തവരടക്കം ഇവിടെ സമരത്തിനുണ്ട്. തോട്ടത്തിന്റെ ഒരുഭാഗത്ത് ഇവരും മറുഭാഗത്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ ആദിവാസി കുടുംബങ്ങളും കുടിൽകെട്ടി താമസിക്കുന്നുണ്ട്. 230 ഹെക്ടർ തോട്ടമാണ് ഇവിടെയുള്ളത്. ഈ ഭൂമി ആദിവാസി കുടുംബങ്ങൾക്ക് പതിച്ചുനൽകാൻ സർക്കാർ നീക്കിവെച്ചിട്ടുള്ളതാണ്. എന്നാൽ, ഇത് വിതരണം ചെയ്യാൻ നടപടി ഉണ്ടായിട്ടില്ല.
ഇതിനെതിരാണ് സമരം. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്ത നിരവധി കുടുംബങ്ങൾ ഇവിടെ തമ്പടിച്ചിരിക്കുകയാണ്. കിടപ്പാടം കിട്ടുംവരെ സമരരംഗത്ത് ഉറച്ചുനിൽക്കാനാണ് ഇവരുടെ തീരുമാനം. ജില്ലയിലെ ഗോത്രവിഭാഗങ്ങള്‍ക്ക് ഭൂമി വിതരണം ചെയ്യാനാവശ്യമായ നടപടി സ്വീകരിക്കണമെന്ന് മരിയനാട്ടെ സമരത്തെ അഭിസംബോധന ചെയ്ത ദേശീയ ഭൂപരിഷ്കരണ കമ്മിറ്റിയംഗവും ഏകതാ പരിഷത്ത് നേതാവുമായ പി.വി. രാജഗോപാല്‍ ആവശ്യപ്പെട്ടു. ഗോത്ര മഹാസഭയും ഇരുളം ഭൂസമര സമിതിയും മരിയനാട്ട് വനഭൂമിയില്‍ സ്ഥാപിച്ച ഭൂസമര കേന്ദ്രം സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ലോകത്ത് ഇന്ത്യയില്‍ മാത്രമാണ് ആദിവാസികള്‍ ഭൂമിക്കായി സമരം നടത്തുന്നത്. പൗരനു ജോലിയും പെന്‍ഷനും നല്കാന് കഴിയില്ലെങ്കിലും ഭൂമി നല്‍കണം.
എല്ലാ വകുപ്പുകളും മധ്യവര്‍ഗ ജനവിഭാഗങ്ങളും ഇക്കാര്യത്തില്‍ സജീവമായി ഇടപെട്ട് രാജ്യത്തെ പട്ടിണിയും അസമത്വവും ഇല്ലാതാക്കാനുള്ള ദൗത്യത്തില്‍ പങ്കാളികളാവണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.