കൽപറ്റ: വെള്ളാരംകുന്ന് ജങ്ഷനിലെ തട്ടുകടയിൽ മധ്യവയസ്കൻ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമാണെന്ന് തെളിഞ്ഞു. സംഭവത്തിൽ സുഹൃത്തായ പെരുന്തട്ട പൂളക്കുന്ന് മിച്ചഭൂമിയിലെ രാജനെ (ചാമൻ-39) കൽപറ്റ പൊലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിക്കിടെയുണ്ടായ വാക്തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പെരുന്തട്ട പുന്നകോട് വീട്ടിലെ സലീമിനെയാണ് (58) സെപ്റ്റംബർ അഞ്ചിന് കടയിലെ ബെഞ്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തുടക്കത്തിൽ കുടുംബവും നാട്ടുകാരും പൊലീസും സ്വാഭാവിക മരണമെന്നാണ് കരുതിയിരുന്നത്. ഇൻക്വസ്റ്റിലും അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിരുന്നില്ല. പോസ്റ്റ്മോർട്ടത്തിലാണ് കൊലാപാതക സൂചന ലഭിക്കുന്നത്. പൊലീസ് പറയുന്നതിങ്ങനെ; 'സെപ്റ്റംബർ നാലിന് വൈകീട്ട് ഇരുവരും കടയിലെ ബെഞ്ചിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ വാക്തർക്കം കൈയാങ്കളിയിലെത്തി. മദ്യലഹരിയിലായിരുന്ന രാജൻ സലീമിെൻറ കഴുത്തിന് പിടിച്ച് അമർത്തി. അബോധാവസ്ഥയിലായ സലീമിനെ ബെഞ്ചിൽ കിടത്തി രാജൻ പോയി.
പിറ്റേന്ന് വൈകീട്ടോടെയാണ് സലീം മരിച്ചുകിടക്കുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെടുന്നത്. മൃതദേഹം കോവിഡ് പരിശോധനക്കുശേഷം ഇൻക്വസ്റ്റ് നടത്തിയെങ്കിലും സംശയം തോന്നിയില്ല. പോസ്റ്റ്മോർട്ടത്തിൽ കൊലപാതക സൂചന ലഭിച്ചെങ്കിലും വിവരം പുറത്തുവിട്ടില്ല.
തുടർന്ന് നടത്തിയ അന്വേഷണമാണ് രാജനിലേക്കെത്തിയത്. പ്രദേശത്ത് നടത്തിയ അന്വേഷണത്തിൽ ഇയാൾ ദിവസങ്ങളായി ഒളിവിലാണെന്ന് കണ്ടെത്തി. കഴിഞ്ഞ ദിവസം പൊഴുതനയിലെ കോളനിയിൽനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്'. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൽപറ്റ സി.ഐ ടി.എ. അഗസ്റ്റിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ അബ്ബാസലി, ജെയിംസ്, സി.പി.ഒമാരായ എം.ബി. വിഘേഷ്, ഷാലു ഫ്രാൻസിസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.