കൽപറ്റ: തോട്ടം തൊഴിലാളി കുടുംബങ്ങൾ എന്നും ജീവിക്കുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ആഴ്ചയിൽ ലഭിക്കുന്ന ചെലവുകാശു കൊണ്ടു മാത്രം ജീവിതം തള്ളി നീക്കേണ്ട ഗതികേടിലാണ് ഇവർ. ജോലിക്ക് ഹാജരാകുന്ന ദിവസം 470 രൂപ എന്ന കണക്കിൽ ഒരുമാസം പി.എഫ്, മെഡിക്കൽ, ഉൽപാദന ചിലവ് അടക്കം എല്ലാപിടുത്തവും കഴിഞ്ഞു ലഭിക്കുന്നത് 9,000 രൂപയാണ്.
കുട്ടികളുടെ വിദ്യാഭ്യാസം, വീട്ട് ചെലവ് തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് ഈ ചെറിയ വേതനം ഉപയോഗിച്ചാണ്. എസ്റ്റേറ്റിനു പുറത്ത് മറ്റു ജോലികൾക്കു പോകുന്ന ആളുകൾക്ക് ഒരുദിവസം ലഭിക്കുന്ന ശമ്പളം പോലും ഇവിടെ ആഴ്ച മുഴുവൻ ജോലി ചെയ്താൽ തങ്ങൾക്ക് ലഭിക്കുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. വൻകിട എസ്റ്റേറ്റുകളിലടക്കം ശമ്പളം വിതരണം താളം തെറ്റിയ അവസ്ഥയിലാണ്. ഓണം അടുത്തിട്ടും ബോണസും അഡ്വാൻസ് വിതരണവും ചെയ്തിട്ടില്ല.
പ്രതിസന്ധി കാരണം എല്ലാവർഷവും മാനേജ്മെന്റ് 8.33 ശതമാനം ബോണസ് നൽകാൻ കഴിയൂവെന്ന പ്രഖ്യാപനത്തിലാണ് ചർച്ച ആരംഭിച്ചിട്ടുള്ളത്. പൊഴുതന പഞ്ചായത്തിലെ കുറിച്യാർമല എസ്റ്റേറ്റിലും അച്ചൂർ എസ്റ്റേറ്റിലും ചികിത്സ ആനുകൂല്യവും മുടങ്ങിയിട്ട് മാസങ്ങൾ കഴിഞ്ഞു.
കുറിച്യാർമലയിലെ ഡിസ്പെൻസറി പ്രതിസന്ധി മൂലം മാനേജ്മെന്റ് രണ്ടുവർഷംമുമ്പാണ് അടച്ചുപുട്ടിയത്. നിലവിൽ ചികിത്സ ആർക്കും ലഭിക്കുന്നില്ല. നൂറുകണക്കിന് തൊഴിലാളികൾ ജോലി ചെയ്യുന്ന അച്ചൂർ ഡിവിഷനിലെ പാറക്കുന്നിൽ സ്ഥിതി ചെയ്യുന്ന കിടത്തിച്ചികിത്സ കേന്ദ്രം ഇപ്പോൾ റിസോർട്ടാക്കി മാറ്റിയിരിക്കുകയാണ് മാനേജ്മെന്റ്.
മഴ ശക്തമായതോടെ അറ്റകുറ്റപ്പണി നടത്താത്ത ലയങ്ങളിൽ താമസിക്കുന്ന തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണ്. 1949ൽ നിർമിച്ചവയാണ് മിക്ക ലയങ്ങളും.
വർഷങ്ങളായി മിക്ക എസ്റ്റേറ്റിലും മാനേജ്മെന്റ് പി.എഫ് അടക്കുന്നില്ല. വിരമിച്ച തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റി വിതരണം ചെയ്യുന്നതും മുടങ്ങി. എന്നാൽ, എസ്റ്റേറ്റുകൾ വലിയ സാമ്പത്തിക നഷ്ടം സഹിച്ചാണ് മുന്നോട്ടു പോകുന്നതെന്നാണ് മാനേജ്മെന്റ് വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.