കൽപറ്റ: പുൽപള്ളി സഹകരണ ബാങ്ക് വായ്പ തട്ടിപ്പിനും കൊള്ളക്കുമെതിരെ നടപടികൾ വൈകിപ്പിച്ച് സർചാർജ് ഉത്തരവ് ഇറക്കാതെ ബാങ്ക് കൊള്ളയടിച്ച പ്രതികളെ രക്ഷപ്പെടുത്താൻ സഹകരണ ജോയന്റ് രജിസ്ട്രാർ ശ്രമിക്കുകയാണെന്നാരോപിച്ച് ജനകീയ സമര സമിതിയുടെ നേതൃത്വത്തിൽ കൽപറ്റ സഹകരണ ജോയിന്റ് രജിസ്ട്രാർ ഓഫിസിന് മുന്നിൽ സത്യാഗ്രഹം നടത്തി. പുൽപള്ളി സഹകരണ ബാങ്കിന് മുന്നിൽ കഴിഞ്ഞ 74 ദിവസമായി സമരം ചെയ്തുകൊണ്ടിരിക്കുന്ന ജനകീയ സമര സമിതിയാണ് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച സമരം നടത്തിയത്. ബാങ്ക് കൊള്ളയടിച്ച കോൺഗ്രസ് നേതാക്കൾക്കും മറ്റു പ്രതികൾക്കുമെതിരെ നടപടിയെടുത്ത് സ്വത്തുക്കൾ കണ്ടുകെട്ടുക, ഇരയായവർക്ക് നീതി ലഭ്യമാക്കുക, ബാങ്കിലെ സി.പി.എം അഡ്മിനിസ്ട്രേറ്റിവ് ഭരണം അവസാനിപ്പിച്ച് തെരഞ്ഞെടുപ്പ് നടത്തി ജനകീയ ഭരണം കൊണ്ടുവരിക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സത്യാഗ്രഹം സി.പി.ഐ (എം.എൽ) റെഡ് സ്റ്റാർ ജില്ല സെക്രട്ടറി കെ.വി. പ്രകാശ് ഉദ്ഘാടനം ചെയ്തു. ഡാനിയേൽ പറമ്പേക്കാട്ടിൽ അധ്യക്ഷത വഹിച്ചു.
വി.എസ്. ചാക്കോ, സാറാക്കുട്ടി പറമ്പോക്കാട്ടിൽ, എൻ. സത്യാനന്ദൻ മാസ്റ്റർ, സി.ജി. ജയപ്രകാശ്, പി.ആർ. അജയകുമാർ, നോവലിസ്റ്റ് ടി.എ. ജോസ് പുൽപള്ളി എന്നിവർ സംസാരിച്ചു. സജി കള്ളിക്കൽ, എം.കെ.ഷിബു, സി.ജെ. ജോൺസൺ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.