കൽപറ്റ: കർണാടകയില്‍ കുരങ്ങുപനി മൂലം രണ്ടു മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കർണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലയെന്ന നിലയില്‍ വയനാട്ടിലും പൊതുജനങ്ങള്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. പി. ദിനീഷ് അറിയിച്ചു. ജില്ലയില്‍ വനാതിര്‍ത്തി പങ്കിടുന്ന പഞ്ചായത്തുകളില്‍ കുരങ്ങുപനിക്കെതിരെ രോഗനിരീക്ഷണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ജനുവരി, ഫെബ്രുവരി മാസങ്ങളിലായി കുരങ്ങുപനി മൂലമുള്ള (ക്യാസനൂര്‍ ഫോറസ്റ്റ് ഡിസീസ്) രണ്ടു മരണങ്ങളാണ് കർണാടകയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അമ്പതോളം കുരങ്ങുപനി കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
വൈറസ് മൂലമുണ്ടാകുന്ന ഒരു ജന്തുജന്യ രോഗമാണ് കുരങ്ങുപനി. വനത്തില്‍ ജീവിക്കുന്ന കുരങ്ങുകള്‍, അണ്ണാന്, ചെറിയ സസ്തനികള്‍, പക്ഷികള്‍ തുടങ്ങിയവയിലാണ് രോഗം കാണപ്പെടുന്നത്. ഇവയുടെ രക്തം കുടിക്കുന്ന ചെള്ളുകള്‍ മനുഷ്യരെ കടിക്കുന്നതിലൂടെയോ രോഗബാധയുള്ളതോ ചത്തതോ ആയ മൃഗങ്ങളുമായി സമ്പര്‍ക്കം ഉണ്ടാകുമ്പോഴോ ആണ് കുരങ്ങുപനി മനുഷ്യരിലേക്ക് പകരുന്നത്.
1957ല്‍ കർണാടകയിലെ ഷിമോഗയില്‍ ക്യാസനൂര്‍ വനപ്രദേശത്താണ് കുരങ്ങുപനി ആദ്യമായി സ്ഥിരീകരിച്ചത്. വയനാട്ടില്‍ 2013, 2014, 2015 വര്‍ഷങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2015ല്‍ 11 പേര് രോഗബാധ മൂലം മരിക്കുകയും ചെയ്തു.
കുരങ്ങുകള്‍ അസ്വാഭാവികമായി ചത്താല്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരമറിയിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വനമേഖലയില്‍ ജോലിചെയ്യുന്നവരും വനത്തില്‍ പ്രവേശിക്കുന്നവരും ചെള്ളുകളെ പ്രതിരോധിക്കുന്ന വിധം ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രങ്ങളും കൈയുറകളും പാദരക്ഷകളും ധരിക്കണം.
ചെള്ളുകളെ പ്രതിരോധിക്കുന്ന ബിബി എമൽഷന്‍ പോലുള്ള ലേപനങ്ങള്‍ ശരീരത്തില്‍ പുരട്ടുന്നത് നല്ലതാണ്. പനിയടക്കമുള്ള ഏതെങ്കിലും രോഗലക്ഷണങ്ങള്‍ ഉടന്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി പരിശോധനകള്‍ നടത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.