കൽപറ്റ: മുട്ടിൽ ഉൾപ്പെടെ വയനാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് അനധികൃതമായി പട്ടയഭൂമിയിലെ മരങ്ങൾ മുറിച്ച സംഭവത്തിൽ ഭൂവുടമകൾക്ക് റവന്യൂ വകുപ്പ് പിഴ അടക്കാൻ നോട്ടീസ് നൽകിത്തുടങ്ങിയതോടെ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികളടക്കമുള്ളവർ രംഗത്ത്.
കേരള ഭൂസംരക്ഷണ നിയമപ്രകാരം വനംവകുപ്പ് നിർണയിച്ച വിലയുടെ മൂന്നിരട്ടി വരെ അനധികൃതമായി മരം മുറിച്ചവരിൽനിന്ന് ഈടാക്കണമെന്നാണ് ചട്ടം. ഇതുപ്രകാരം മരംമുറിയുമായി ബന്ധപ്പെട്ട് ഉടമകളായ കർഷകർക്ക് ലക്ഷങ്ങൾ പിഴ സർക്കാറിൽ അടക്കേണ്ട അവസ്ഥയിലായി. സർക്കാർ ഉടമസ്ഥതയിലുള്ള മരം മുറിച്ചാൽ വിറ്റയാൾ, മുറിച്ച ആൾ, വാങ്ങിയ ആൾ, മരം കൊണ്ടു പോയ ആൾ എന്നിവരടക്കം കേസിൽ പ്രതികളാണ്.
ഇവരെല്ലാവരും ചേർന്നാണ് പിഴ അടക്കേണ്ടത്. പല കർഷകർക്കരുടെയും ലക്ഷങ്ങൾ വിലയുള്ള ഈട്ടി മരങ്ങൾ കുറഞ്ഞ തുകക്കാണ് വില പറഞ്ഞുറപ്പിച്ചു വാങ്ങിച്ചത്. പ്രതികളായ അഗസ്റ്റിൻ സഹോദരങ്ങൾ മരം മുറിച്ചെടുത്തിട്ട് മുഴുവൻ പണവും തന്നിട്ടില്ലെന്നും കർഷകർ പറയുന്നു. നോട്ടീസ് ലഭിച്ചതോടെ ആദിവാസികളടക്കമുള്ള ഭൂവുടമകളായ കർഷകർ ആശങ്കയിലാണ്.
കൽപറ്റ: മുട്ടിൽ മരംമുറിയിൽ പിഴയടക്കണമെന്ന് ആവശ്യപ്പെട്ട് ഭൂവുടുമകൾക്ക് റവന്യു വകുപ്പ് നൽകിയ നോട്ടീസിലെ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യവുമായി സി.പി.എം പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഒക്ടോബർ നാലിന് മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസിലേക്ക് മാർച്ച് നടത്താൻ ഏരിയ കമ്മിറ്റി തീരുമാനിച്ചു.
മുറിച്ച മരത്തിന് കണക്കാക്കിയിട്ടുള്ള വിലയുടെ മൂന്നിരട്ടി പിഴയായി അടക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷകർക്ക് നോട്ടീസ് അയച്ചിട്ടുള്ളത്. നിരപരാധികളായ കർഷകർക്കാണ് നോട്ടീസ് ലഭിച്ചത്. സർക്കാർ ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് ഭൂവുടമകളെ വഞ്ചിച്ച് പട്ടയഭൂമികളിൽനിന്ന് ഈട്ടി മുറിച്ച റോജി അഗസ്റ്റ്യൻ ഉൾപ്പെടെയുള്ള പ്രതികളിൽനിന്ന് പിഴ ഈടാക്കണമെന്ന് ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു.
കർഷകർക്കുനേരെ ഒരു നിയമനടപടിയും അനുവദിക്കില്ല. നോട്ടീസുകൾ പിവലിക്കണം. ആദിവാസികളുൾപ്പെടെയുള്ളവരെ വഞ്ചിച്ചാണ് മരം മുറിച്ചത്. മരത്തടികൾ വനംവകുപ്പിന്റെ കുപ്പാടി ഡിപ്പോയിൽ കസ്റ്റഡിയിലുണ്ട്. വ്യാജരേഖ ചമച്ചതിനും കർഷകരെ വഞ്ചിച്ചതിനും പ്രതികൾക്കെതിരെ പ്രത്യേക അന്വേഷക സംഘം കേസെടുത്തിട്ടുമുണ്ട്. ഇതൊന്നും പരിഗണിക്കാതെയാണ് നോട്ടീസ് അയക്കുന്നത്.
കർഷകർ നിരപരാധികളാണെന്ന് അറഞ്ഞിട്ടും നിയമനടപടികളിലേക്ക് വലിച്ചിഴക്കുന്നത് അംഗീകരിക്കില്ല. നോട്ടീസിൻമേലുള്ള തുടർ നടപടികൾ നിർത്തിവച്ചില്ലെങ്കിൽ മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസ് അനിശ്ചിയമായി ഉപരോധിക്കുമെന്നും ഏരിയ കമ്മിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.
കൽപറ്റ: മുട്ടിൽ മരം മുറി വിഷയത്തിൽ കൃഷിക്കാരിൽ നിന്ന് നഷ്ടം ഈടാക്കാനായി റവന്യൂ വകുപ്പ് നൽകിയിരിക്കുന്ന നോട്ടീസ് അടിയന്തരമായി പിൻവലിക്കണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി ഇ.ജെ. ബാബു ആവശ്യപ്പെട്ടു. കൃഷിക്കാരെ പറ്റിച്ചാണ് മുട്ടിലിൽ മരം മുറി നടന്നിരിക്കുന്നത്.
നാമമാത്രമായ തുകയാണ് മരം ഉടമകൾക്ക് മരം മാഫിയ നൽകിയത്. ലക്ഷങ്ങൾ നഷ്ടപരിഹാരമായി അടക്കാനാണ് ഇപ്പോൾ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിരിക്കുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ല. മരം മാഫിയയെ സഹായിക്കാനാണ് ഉദ്യോഗസ്ഥർ ഇത്തരത്തിൽ നോട്ടീസ് ഇറക്കിയിരിക്കുന്നത്. ഇത് ഉടൻ പിൻവലിക്കണമെന്ന് ഇ.ജെ. ബാബു ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് റവന്യൂ മന്ത്രി കെ. രാജന് ജില്ല സെക്രട്ടറി കത്ത് നൽകി.
കൽപറ്റ: മുട്ടിൽ സൗത്ത് വില്ലേജ് പരിധിയിൽ നടന്ന മരം മുറിയുമായി ബന്ധപ്പെട്ട് സ്ഥലം ഉടമകളായ സാധാരണ കർഷകരെയും ആദിവാസികളെയും കൊണ്ട് വലിയ തുക പിഴ അടപ്പിക്കാനുള്ള സർക്കാറിന്റെ നീക്കം അനുവദിക്കില്ലെന്ന് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി.
ലക്ഷങ്ങൾ വില വരുന്ന വീട്ടിമരങ്ങൾ, ഉടമകൾക്ക് അയ്യായിരവും പതിനായിരവും നൽകി പറ്റിച്ചാണ് പ്രതികൾ മുറിച്ചു കടത്തിയത്. ഇതിന്, അവർ മറയാക്കിയത് സർക്കാർ പുറത്തിറക്കിയ വ്യക്തതയില്ലാത്ത ഉത്തരവാണ്. മരം മുറിക്കുന്നതിനും കടത്തിക്കൊണ്ട് പോകുന്നതിനും റവന്യു- വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഒത്താശയും ഉണ്ടായിട്ടുണ്ട്. സർക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്തു നിന്ന് ഉണ്ടായ വീഴ്ചയെ മുതലാക്കി പ്രതികൾ നടത്തിയ വലിയ കൊള്ളയാണ് മുട്ടിൽ മരം മുറിയിൽ നടന്നത്.
ഇതിന്റെ പേരിൽ കർഷകരിൽ നിന്ന് ലക്ഷങ്ങൾ പിഴ ഈടാക്കാനുള്ള സർക്കാർ നീക്കം അനുവദിക്കില്ല. പാവപ്പെട്ട കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടാനാണ് സർക്കാർ ശ്രമിക്കുന്നത്.
മരം കൊള്ള നടത്തിയതിനുള്ള പിഴ പ്രതികളിൽ നിന്നും അവർക്ക് ഒത്താശ ചെയ്ത ഉദ്യോഗസ്ഥരിൽ നിന്നും ഈടാക്കണം. കർഷകരെയും ആദിവാസികളെയും പീഡിപ്പിക്കാനുള്ള സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പിഴയടക്കാൻ നോട്ടീസ് ലഭിച്ച കർഷകരെ അടക്കം പങ്കെടുപ്പിച്ച് ഒക്ടോബർ മൂന്നിന് മുട്ടിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസിലേക്ക് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
കല്പറ്റ: മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് സാധാരണക്കാരായ ആളുകള്‍ക്കെതിരെ റവന്യൂ വകുപ്പ് നല്കിയ നോട്ടീസ് അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ റവന്യൂ മന്ത്രിക്ക് നിവേദനം നല്കി. അടിയന്തരമായി ഈ നീക്കം റവന്യൂ വകുപ്പ് ഉപേക്ഷിച്ച് കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാനുള്ള നടപടിക്ക് സര്‍ക്കാര്‍ നേതൃത്വം കൊടുക്കണമെന്നും എം.എല്‍.എ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
കൽപറ്റ: മുട്ടിൽ മരം കൊള്ളയുടെ ഉത്തരവാദിത്തം ആദിവാസികൾ അടക്കമുള്ള കർഷകർഷകരുടെ മേൽ കെട്ടിവെച്ച് പിഴ ഈടാക്കാൻ റവന്യൂ വകുപ്പ് നൽകിയ നോട്ടീസുകൾ ഉടൻ പിൻവലിക്കണമെന്നും യഥാർഥ പ്രതികളെ സംരക്ഷിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായ ഈ നടപടി അങ്ങേയറ്റം അപലപനീയമാണെന്നും വയനാട് പ്രകൃതി സംരക്ഷണ സമിതി.
റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ, ജോസ് കുട്ടി അഗസ്റ്റിൻ എന്നിവർക്കൊപ്പം മുൻ ജില്ല കലക്ടർ അദീല അബ്ദുല്ല, റവന്യൂ സെക്രട്ടറി ജയതിലക്, വൈത്തിരി തഹസിൽദാർ ഹാരിസ് എന്നിവരിൽ നിന്നും പിഴ ഈടാക്കാൻ നടപടികൾ എടുക്കണമെന്നും സമിതി സർക്കാറിനോട് ആവശ്യപ്പെട്ടു.
കുറ്റകൃത്യത്തിൽ നിരപരാധികളായ ആദിവാസികളെയും കർഷകരെയും കേരള ലാൻഡ് കൺസർവൻസി ആക്ട് പ്രകാരം പ്രതി ചേർത്ത് പിഴയടക്കാൻ നോട്ടീസ് കൊടുത്തതിലൂടെ അഗസ്റ്റിൻ സഹോദരങ്ങളെ സംരക്ഷിക്കാനുള്ള അവസാന ശ്രമമാണ് റവന്യൂ ദ്യോഗസ്ഥർ നടത്തിക്കൊണ്ടിരിക്കുന്നത്.
ഇതിനെ എന്തു വില കൊടുത്തും ചെറുക്കുമെന്ന് പ്രകൃതി സംരക്ഷണ സമിതി സർക്കാറിന് മുന്നറിയിപ്പ് നൽകി. സമിതി യോഗത്തിൽ എൻ. ബാദുഷ അധ്യക്ഷത വഹിച്ചു. തോമസ് അമ്പലവയൽ, സണ്ണി മരക്കടവ്, ബാബു മൈലമ്പാടി, രാമകൃഷ്ണൻ തച്ചമ്പത്ത്, പി.എം. സുരേഷ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.