കൽപറ്റ: മുട്ടില്‍ അനധികൃതമായി മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട 75 കേസുകളിലും കേരള ഭൂസംരക്ഷണ നിയമമനുസരിച്ച് (കെ.എല്‍.സി) കേസുകള്‍ എടുക്കുകയും കക്ഷികള്‍ക്ക് നോട്ടീസ് നല്കി വിചാരണ നടത്തുകയും ചെയ്തിട്ടുണ്ടെന്ന് കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു.
നിയമപ്രകാരമുള്ള നടപടികളുടെ ഭാഗമായി അനധികൃതമായി മരങ്ങള്‍ മുറിച്ച കക്ഷികള്‍ക്കെതിരെ കെ.എല്‍.സി നടപടികള്‍ പ്രകാരം പിഴചുമത്തുന്നതിനായി മരങ്ങളുടെ വില നിര്‍ണയ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാന്‍ വനംവകുപ്പിന് നിർദേശം നല്‍കിയിട്ടുണ്ട്.
വിലനിർണയ സര്‍ട്ടിഫിക്കറ്റ് ലഭ്യമായ 42 കേസുകളില്‍ 38 എണ്ണം വൈത്തിരി താലൂക്കിലും നാലെണ്ണം സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലുമാണ്. വൈത്തിരി താലൂക്കിലെ 38 കേസുകളുടെ വിലനിര്‍ണയ സര്‍ട്ടിഫിക്കറ്റ് ജനുവരി 31നാണ് ലഭിച്ചത്. വൈത്തിരി താലൂക്കിലെ 38 കേസുകളില്‍ ഓരോ കേസിലെയും സർവേ നമ്പറുകളും ഭൂവുടമയുടെ വിലാസവും മരങ്ങളുടെ വിവരങ്ങളും പ്രത്യേകം നല്‍കുന്നതിന് പകരം ചില കേസുകളില്‍ വിവരങ്ങള്‍ ഒന്നിച്ചാണ് വനംവകുപ്പ് നല്‍കിയത്.
ഇത് ഓരോ കേസിലും പ്രത്യേകമായി പിഴചുമത്തുന്നതിന് പര്യാപ്തമല്ലാത്തതിനാല്‍ ഓരോ കേസിലും മരവില പ്രത്യേകം നിർണയിച്ചു തരുന്നതിനും കക്ഷികളുടെ പേരും വിലാസവും വ്യക്തമാക്കുന്നതിനും വനംവകുപ്പ് അധികൃതര്‍ക്ക് നിർദേശം നല്കി.
വിലനിർണയ സര്‍ട്ടിഫിക്കറ്റ് ലഭ്യമായതില്‍ അപാകത ഇല്ലെന്ന് കണ്ടെത്തിയ സുല്‍ത്താന്‍ ബത്തേരി താലൂക്ക് പരിധിയിലെ നാലു കേസുകളില്‍ പിഴ ചുമത്തി ഉത്തരവായിട്ടുണ്ട്. വൈത്തിരി താലൂക്ക് പരിധിയിലെ കേസുകളില്‍ ഒരാഴ്ചക്കകം ഉത്തരവ് നല്കാവുന്ന രീതിയില്‍ നടപടികള്‍ പുരോഗമിക്കുകയാണെന്നും കലക്ടര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.