കൽപറ്റ: ഐ.ടി.ഡി.പി വകുപ്പിലെ ദിവസവേതനക്കാരായ ആംബുലൻസ് ഡ്രൈവർമാർക്ക് രണ്ടുമാസം കഴിഞ്ഞിട്ടും ക്വാറൻറീൻ കാലയളവിലെ വേതനം നൽകാതെ ക്രൂരത. ഐ.ടി.ഡി.പി കൽപറ്റ ഓഫിസിനു കീഴിൽ ജോലി ചെയ്ത രണ്ട് ആംബുലൻസ് ഡ്രൈവർമാരാണ് കോവിഡ് രോഗികളുമായുള്ള സമ്പർക്കത്തെ തുടർന്ന് രണ്ടുമാസം മുമ്പ് 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞത്.
അർഹതയുണ്ടായിട്ടും ഓഫിസിലെ ജീവനക്കാരെൻറ പിടിവാശിമൂലം വേതനം ലഭിക്കാതെവന്നതോടെ ഇവർ കലക്ടർക്ക് പരാതി നൽകിയിരുന്നു. ബന്ധപ്പെട്ട അധികൃതരോട് വേതനം അനുവദിക്കാൻ കലക്ടർ നിർദേശം നൽകി. എന്നാൽ, ഭരണാനുകൂല സംഘടന ഭാരവാഹിയുടെ ഇടപെടൽ കാരണം രണ്ടുമാസം കഴിഞ്ഞിട്ടും ഇവർക്ക് വേതനം ലഭിച്ചിട്ടില്ല.
വകുപ്പിലെ മറ്റു ജീവനക്കാർക്ക് ക്വാറൻറീൻ ദിവസങ്ങളിലും വേതനം നൽകിയപ്പോഴാണ് സാങ്കേതിക തടസ്സങ്ങൾ ചൂണ്ടിക്കാട്ടി ആംബുലൻസ് ഡ്രൈവർമാരുടെ മാത്രം വേതനം തടഞ്ഞുവെക്കുന്നത്. ജോലിയുടെ ഭാഗമായാണ് ക്വാറൻറീനിൽ പോകേണ്ടിവന്നതെന്നും വീട്ടുകാർ എല്ലാവരും വീട്ടിൽ തന്നെ കഴിഞ്ഞിരുന്നതിനാൽ ഏറെ പ്രയാസപ്പെട്ടെന്നും ഡ്രൈവർമാർ പറയുന്നു.
ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസറും ഡ്രൈവർമാർക്ക് വേതനം അനുവദിക്കാനുള്ള ഫയലിൽ ഒപ്പിട്ടതായാണ് ഓഫിസുമായി ബന്ധപ്പെട്ടപ്പോൾ അറിയാൻ കഴിഞ്ഞത്. കലക്ടറും മേലുദ്യോഗസ്ഥനും നൽകിയ ഈ ഉത്തരവുകൾ നിലനിൽക്കെയാണ്, മാസം കഴിഞ്ഞിട്ടും ഇവരുടെ വേതനം അകാരണമായി തടഞ്ഞുവെച്ചിരിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച ഇടപെടലുകളാണ് ആംബുലൻസ് ഡ്രൈവർമാർ നടത്തുന്നത്. എന്നാൽ, ഇതൊന്നും പരിഗണിക്കാതെയാണ് ഓഫിസ് ജീവനക്കാർ സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് വേതനം തടഞ്ഞുവെക്കുന്നത്. വിഷയത്തിൽ വീണ്ടും കലക്ടർക്ക് പരാതി നൽകാനിരിക്കുകയാണ് ഡ്രൈവർമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.