കല്പറ്റ: ഗുണ്ടകള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കുമെതിരെ പൊലീസിന്റെ സ്പെഷല്‍ ഡ്രൈവ് നടപടികൾ ഊർജിതമാക്കി. വാറണ്ട് കേസില്‍ പ്രതികളായ 15 പേര്‍ക്കെതിരെയാണ് ശനിയാഴ്ച നടപടിയെടുത്തത്. 61 പേരെ കരുതല്‍ തടങ്കലില്‍ വെച്ചു. വരും ദിവസങ്ങളിലും കര്‍ശന നടപടി തുടരും. 15 മുതല്‍ ശനിയാഴ്ച വരെ ജില്ലയില്‍ നടത്തിയ സ്പെഷല്‍ ഡ്രൈവില്‍ 226 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്.
ജാമ്യത്തിലിറങ്ങി മുങ്ങിയ നിരവധി കേസുകളില്‍ പ്രതിയായ യുവാവിനെ ഗോവയില്‍ ചെന്ന് വയനാട് പൊലീസ് പിടികൂടി. നെന്മേനി കോളിയാടി, പാറക്കുഴി വീട്ടില്‍ സനുസാബുവിനെ (24)യാണ് പനാജിയില്‍ നിന്ന് പൊലിസ് കസ്റ്റഡിയിലെടുത്തത്.
ഇയാള്‍ക്ക് ബത്തേരി സ്റ്റേഷനില്‍ മൂന്ന് ചീറ്റിങ് കേസുകളുണ്ട്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ഒരു വര്‍ഷത്തേക്ക് ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കേര്‍പ്പെടുത്തി കാപ്പ നിയമ പ്രകാരം ഏപ്രില്‍ 19ന് നാടുകടത്തിയിരുന്നു.
രണ്ട് ചെക്ക് കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഫെബ്രുവരിയില്‍ ബത്തേരി ടൗണിലെ ഒരു സ്ഥാപനത്തില്‍ നിന്ന് എട്ട് ലക്ഷത്തോളം രൂപ വില വരുന്ന സാമഗ്രികള്‍ വാടകക്കെടുത്ത് തിരികെ നല്‍കാതെ മുങ്ങിയ കേസിലാണ് സനു ജാമ്യത്തിലിറങ്ങി മുങ്ങിയത്. കാമറകളും ലെന്‍സും ബാറ്ററിയും മറ്റു അനുബന്ധ ഉപകരണങ്ങളുമാണ് ഷൂട്ടിങ് ആവശ്യത്തിനെന്ന പേരില്‍ ഇയാള്‍ വാടകക്ക് കൊണ്ടുപോയത്.
ഫെബ്രുവരിയില്‍ തന്നെ ബത്തേരിയിലെ ഒരു റെസിഡന്‍സിയില്‍ വ്യാജ ആധാര്‍ കാര്‍ഡ് നല്കി മുറിയെടുത്ത് പണം നല്‍കാതെ കടന്നു കളഞ്ഞ കേസും ഇയാള്‍ക്കെതിരെ നിലവിലുണ്ട്.
ഫെബ്രുവരി എട്ട് മുതല്‍ 11 വരെയാണ് റെസിഡന്‍സിയില്‍ മുറിയെടുത്തു താമസിച്ച് വാടകയിനത്തിലും ഭക്ഷണയിനത്തിലും നല്‍കാനുള്ള 3656 രൂപ നല്‍കാതെ മുങ്ങിയത്. ചീരാല്‍ സ്വദേശിയുടെ മകന് അംഗീകൃത നഴ്സിങ് കോളജില്‍ അഡ്മിഷന് തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2.75 ലക്ഷം രൂപ തട്ടിയെടുത്ത കേസിലും ഇയാള്‍ പ്രതിയാണ്.
ബംഗളൂരുവില്‍ നഴ്സിങ് കോളജില്‍ അഡ്മിഷന് നല്‍കാമെന്ന് വിശ്വസിപ്പിച്ച് 2023 മെയ് മുതല്‍ ഒക്ടോബര്‍ വരെ പല തവണകളിലായാണ് ഇയാള്‍ പണം വാങ്ങിയത്. ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നിര്‍ദേശപ്രകാരം എസ്.ഐ സി.എം. സാബു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ലബ്നാസ്, സി.പി.ഒ അജിത്ത്, നിയാദ് എന്നിവരാണ് സനുവിനെ ഗോവയില്‍ നിന്ന് പിടികൂടിയത്.
നിരവധി കേസുകളില്‍ പ്രതിയായ സുൽത്താൻ ബത്തേരി പള്ളിക്കണ്ടി, ചെരിവ്പുരയിടത്തില്‍ വീട്ടില്‍ അമാന്‍ റോഷനെ (23)യാണ് കാപ്പ ചുമത്തി നാടു കടത്തി. ആറു മാസത്തേക്കാണ് ജില്ലയില്‍ പ്രവേശിക്കാന്‍ വിലക്കുണ്ട്. ജില്ല പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടില്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാര്‍ക്ക് മയക്കുമരുന്ന്, കവര്‍ച്ച കേസുകള്‍ ഉള്‍പ്പെടെ ബത്തേരി സ്റ്റേഷനില്‍ ആറും നൂല്‍പ്പുഴ സ്റ്റേഷനില്‍ ഒന്നും കേസുകള്‍ നിലവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.