കൽപറ്റ: 15 ലക്ഷം മുടക്കി അഞ്ചു സെന്റ് ഭൂമി വാങ്ങിയാൽ 15 വർഷം കൊണ്ട് കോടികൾ സമ്പാദിക്കാമെന്ന് വാഗ്ദാനം ചെയ്ത് ആരംഭിച്ച ചന്ദന കൃഷി തട്ടിപ്പിൽ പലരും നിക്ഷേപമിറക്കിയത് യാഥാർഥ്യമറിയാതെ. പ്രവാസികളടക്കം നിരവധി മലയാളികൾ കോടികൾ നിക്ഷേപിച്ച പദ്ധതിയിൽ വനം വകുപ്പിന്റെ അനുമതിയോടെ നടത്തുന്ന കൃഷിയെന്ന് പറഞ്ഞാണ് പലരെയും ചേർത്തത്. ഇതിന്റെ ഭാഗമായി സമൂഹമാധ്യമ പേജുകളിൽ കമ്പനിയുമായി ബന്ധപ്പെട്ടവർ മറയൂർ ചന്ദന ഫാക്ടറിക്ക് മുന്നിൽ നിൽക്കുന്ന ഫോട്ടോ അടക്കം ഉപയോഗിച്ചിരുന്നു.
തട്ടിപ്പ് പുറത്തുവന്നതോടെ ഇവയെല്ലാം നീക്കം ചെയ്തിട്ടുണ്ട്. നിക്ഷേപമിറക്കാൻ തയാറായി വന്ന ചിലർക്ക് വനംവകുപ്പുമായി ബന്ധപ്പെട്ട ജീവനക്കാരനെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ചന്ദന കൃഷി സംബന്ധിച്ച് വനം വകുപ്പിനെ അറിയിച്ചിട്ടില്ലെന്ന് ഉദ്യോഗസ്ഥർതന്നെ പറയുന്നുണ്ട്. ചന്ദനം കൃഷി ചെയ്യാമെന്നല്ലാതെ വനം വകുപ്പിന് മാത്രമേ പാകമായ ചന്ദനം മുറിക്കാനും വിൽക്കാനും അവകാശമുള്ളൂ എന്ന കാര്യംപോലും മറച്ചുവെച്ചാണ് പലരെയും പദ്ധതിയിലേക്ക് ആകർഷിച്ചത്.
ചന്ദനം മുറിക്കാൻ 12 മുതൽ 15 വർഷം മാത്രമേ ആവശ്യമുള്ളൂവെന്നാണ് പലരെയും പറഞ്ഞു വിശ്വസിപ്പിച്ചത്. അതേസമയം, ചന്ദനത്തിന്റെ പൂർണവളർച്ചക്ക് 30 മുതൽ 40 വർഷംവരെ ആവശ്യമാണെന്ന് വനം വകുപ്പ് തന്നെ പറയുന്നുണ്ട്. വളർച്ചയെത്തിയ ചന്ദനം മുറിക്കാൻ ആവശ്യപ്പെട്ട് ഭൂ ഉടമ അപേക്ഷ നൽകിയാൽ വനം വകുപ്പ് നിയോഗിക്കുന്ന കമീഷൻ പരിശോധിച്ച് പാകമായതെന്ന് ഉറപ്പുവരുത്തിയശേഷം വനം വകുപ്പ് തന്നെയാണ് മുറിക്കുകയും മറയൂരിലേക്ക് മാറ്റി ഉണക്കിയശേഷം ലേലത്തിൽ വെക്കുകയും ചെയ്യുക. ലഭിക്കുന്ന തുകയുടെ 10 ശതമാനം കഴിച്ച് ബാക്കി ഭൂ ഉടമക്ക് കൈമാറും. ഇതെല്ലാം മറച്ചുവെച്ചാണ് 15 വർഷം കൊണ്ട് കോടികൾ കൊയ്യാമെന്ന മോഹനവാഗ്ദാനം നൽകി 10 ഇരട്ടി വിലക്ക് ഭൂമി വാങ്ങിച്ച് നിക്ഷേപകരെ കെണിയിലാക്കിയിരിക്കുന്നത്.
വനം വകുപ്പിന് മാത്രമല്ലേ ചന്ദനം മുറിക്കാൻ അവകാശമുള്ളൂ എന്ന് ചോദിച്ച ചില നിക്ഷേപകരോട് 15 വർഷം കഴിയുമ്പോൾ നിയമം മാറുമെന്നും എല്ലാവർക്കും യഥേഷ്ടം ചന്ദനം മുറിക്കാൻ കഴിയുമെന്നും വിശ്വസിപ്പിക്കുകയായിരുന്നു. വയനാടിന്റെ കാലാവസ്ഥയിൽ ചന്ദനം കൃഷി അനുയോജ്യമാണോ എന്ന കാര്യത്തിൽ ശാസ്ത്രീയപഠനം നടത്താതെയാണ് പദ്ധതി ആരംഭിച്ചതെന്ന കാര്യത്തിലും നിക്ഷേപകർ ആശങ്കയിലാണ്.
നിക്ഷേപത്തിന് തയാറായ വിവിധ ജില്ലകളിൽനിന്നുള്ളവരെ സൗജന്യമായി ടൂറിസ്റ്റ് ബസുകളിൽ വയനാട്ടിലെ കൃഷിയിടത്തിലെത്തിച്ചും വ്ലോഗർമാരെകൊണ്ട് ചന്ദന കൃഷിയുടെ ലാഭം വർണിച്ചും വെബിനാർ നടത്തിയുമൊക്കെയാണ് പദ്ധതിയിലേക്ക് ആളെക്കൂട്ടിയത്.
വയനാട്ടിലെ വിവിധ ഭാഗങ്ങളിൽ കമ്പനിക്ക് ചന്ദന കൃഷിക്ക് വേണ്ടി ഭൂമി കൈമാറിയ ചിലരെ കൊണ്ടുതന്നെ അതേ ഭൂമിയിൽ ചന്ദനതൈകൾ നട്ടശേഷം 10 ഇരട്ടി വിലക്ക് പ്ലോട്ടുകൾ വാങ്ങിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ചന്ദനകൃഷി വിവാദമായതോടെ തങ്ങളുടെ ലക്ഷങ്ങൾ നഷ്ടമാകുമോ എന്ന ആശങ്കയിലാണ് നിക്ഷേപകർ. ചന്ദന കൃഷിയുമായി ബന്ധപ്പെട്ട് വനം വകുപ്പും സ്പെഷൽ ബ്രാഞ്ചും നടത്തുന്ന അന്വേഷണം പൂർത്തിയാവുന്നതോടെ കൂടുതൽ കാര്യങ്ങൾ പുറത്തുവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.