കൽപറ്റ: കോഴിക്കോട് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തില്‍ വയനാട് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മേഖലതല അവലോകനയോഗം നടന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. വിവിധ വിഷയങ്ങളും മേഖലകളും തിരിച്ചാണ് അവലോകനം യോഗം നടന്നത്.
വയനാട് പോലുള്ള പട്ടികവര്‍ഗ ജനവിഭാഗങ്ങള്‍ ഏറെയുള്ള പ്രദേശങ്ങളില്‍ അതിദരിദ്രരെ കണ്ടെത്തുന്നതിനും ഈ കൂടുംബങ്ങളെ ഈ അവസ്ഥകളില്‍ നിന്നും കൈപിടിച്ച് മുഖ്യധാരയിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിർദേശം നല്കി. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ഇത്തരം കുടുംബങ്ങളെ കണ്ടെത്താനും ഇവര്‍ക്ക് ആവശ്യമായ പിന്തുണകള്‍ നല്കുന്ന പരിശ്രമങ്ങളും മുന്നേറുകയാണെന്ന് അവലോകനയോഗത്തില്‍ ജില്ല കലക്ടർ ഡോ.രേണുരാജ് അറിയിച്ചു.
അനര്‍ഹരായവര്‍ പട്ടികയില്‍ കടന്നുകൂടിയിട്ടുണ്ടെങ്കില്‍ നീക്കം ചെയ്യണം. വയനാട്ടില്‍ 2931 കൂടുംബങ്ങളെയാണ് അതിദരിദ്രവിഭാഗത്തില്‍ കണ്ടെത്തിയത്. 2577 മൈക്രോ പ്ലാനുകള്‍ ഇവര്‍ക്കായി തയാറാക്കി. 354 കുടുംബങ്ങള്‍ക്ക് മൈക്രോ പ്ലാന്‍ തയാറാക്കേണ്ടതുണ്ടെന്നും കലക്ടര്‍ യോഗത്തെ അറിയിച്ചു.
• വയനാട് മെഡിക്കല്‍ കോളജ് തടസ്സങ്ങള്‍ നീക്കും
വയനാട് മെഡിക്കല്‍ കോളജിനായി ബോയ്സ് ടൗണില്‍ ഏറ്റെടുത്ത ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കും. നിലവില്‍ സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ വയനാട്ടില്‍ മെഡിക്കല്‍ കോളജിന്റെ അനിവാര്യതകള്‍ ബോധ്യപ്പെടുത്തി സര്‍ക്കാര്‍ ഇവിടെ തന്നെ മെഡിക്കല്‍ കോളജ് സ്ഥാപിക്കും.
ഭൂമി ഏറ്റെടുത്ത നടപടിക്രമങ്ങള്‍ കോടതിയെ ബോധ്യപ്പെടുത്തും. ക്ലാസുകള്‍ തുടങ്ങാനായി നിലവില്‍ ഇവിടെ പൂര്‍ത്തിയായ കെട്ടിട സൗകര്യങ്ങളിലെ സാധ്യതകള്‍ പരിശോധിക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് യോഗത്തെ അറിയിച്ചു.
• വാഹനമില്ലാത്തതിനാല്‍ പഠനം മുടങ്ങില്ല
വയനാട്ടില്‍ വിദ്യാവാഹിനി പദ്ധതിയില്ലാത്തതിനാല്‍ ഒരു കുട്ടിയുടെയും പഠനം മുടങ്ങില്ലെന്ന് മന്ത്രി കെ.രാധാകൃഷ്ണന് പറഞ്ഞു. കോളനികളില്‍ നിന്നും വാഹന സൗകര്യമില്ലാത്തതിനാല്‍ ആദിവാസി കുട്ടികളുടെ പഠനം മുടങ്ങുന്നത് ജില്ല കലക്ടര്‍ ഡോ.രേണുരാജ് ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് അവലോകന യോഗത്തില്‍ മന്ത്രി ഉറപ്പുനല്‍കിയത്.
വിദ്യാവാഹിനി പദ്ധതിയില്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് അധികൃതര്‍ക്ക് നിര്‍ദേശം നല്കി. ആദിവാസി വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിനുള്ള എല്ലാ നടപടികളും ത്വരിതപ്പെടുത്തണമെന്നും മന്ത്രി കെ.രാധാകൃഷ്ണന് പറഞ്ഞു.
• വയനാട് ചുരത്തിലെ മാലിന്യ നിക്ഷേപം; നടപടികള്‍ സ്വീകരിക്കണം
വയനാട് ചുരത്തില്‍ കുന്നുകൂടുന്ന മാലിന്യ നിക്ഷേപത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് തദ്ദേശം സ്വയംഭരണവകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങള്‍, ജില്ല ഭരണകൂടം എന്നിവര്‍ ഇതില്‍ കൂടുതല്‍ ശ്രദ്ധനല്കണം. ചുരത്തില്‍ മാലിന്യം വലിച്ചെറിയുന്നവർക്ക് നേരെ പിഴ ഈടാക്കും. ആവശ്യമെങ്കില്‍ നിരീക്ഷണ കാമറ സ്ഥാപിക്കണം.
ചുരത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ പുതുപ്പാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിവരുന്നതായും കുറ്റക്കാരില്‍ നിന്നും പിഴ ഈടാക്കുന്നതായും കോഴിക്കോട് ജില്ല കലക്ടര്‍ യോഗത്തെ അറിയിച്ചു. ചുരത്തില്‍ ഹരിത ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുന്നതും ഗുണകരമാണെന്ന് നിര്‍ദേശം ഉയര്‍ന്നു. തദ്ദേശ സ്ഥാപന അടിസ്ഥാനത്തില്‍ ഇവയുടെ നിര്‍വഹണം ജില്ല കലക്ടര്‍ നിരീക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
• പൊതുവിദ്യാലയങ്ങള്‍; മികച്ച മാതൃകകള്‍
പൊതുവിദ്യാലയങ്ങള്‍ വയനാട് ജില്ലയിലെ വിദ്യാഭ്യാസ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയെന്ന് യോഗം വിലയിരുത്തി. 55442 കുട്ടികള്‍ ഇവിടെ സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിക്കുന്നു. അഞ്ചുകോടി കിഫ്ബി പദ്ധതിയില്‍ അനുവദിച്ച മൂന്ന് വിദ്യാലയങ്ങളും പൂര്‍ത്തിയായി. മൂന്നുകോടി കിഫ്ബി പദ്ധതിയില്‍ 13 വിദ്യാലയങ്ങളെ തെരഞ്ഞെടുത്തു. ഇവയില്‍ ഏഴെണ്ണം പൂര്‍ത്തിയായി. രണ്ടെണ്ണം നിര്‍മാണ പുരോഗതിയിലാണ്.
ഒരു കോടി കിഫ്ബി പദ്ധതിയില്‍ 30 വിദ്യാലയങ്ങള്‍ തെരഞ്ഞെടുത്തു. ഇവയില്‍ 9 എണ്ണം പൂര്‍ത്തിയായതായും ജില്ല കലക്ടര്‍ യോഗത്തെ അറിയിച്ചു. ശിശുസൗഹൃദ ഗണിത ശാസ്ത്ര പഠനം മഞ്ചാടി പദ്ധതിയില്‍ വയനാട്ടില്‍ നാല് വിദ്യാലയങ്ങളാണ് ഉള്‍പ്പെട്ടത്.
• അരിവാള്‍ രോഗികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കണം
വയനാട്ടിലെ സിക്കിള്‍സെല്‍ അനീമിയ രോഗികളുടെ കണക്കെടുപ്പ് പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദ്ദേശം നല്കി. ജില്ലയിലെ ആര്‍ദ്രം പദ്ധതികളുടെ പുരോഗതിയും ആരോഗ്യ സംവിധാനങ്ങളുടെ പ്രവര്‍ത്തനങ്ങളും അവലോകനം ചെയ്തു.
മുഴുവന്‍ അരിവാള്‍രോഗ ബാധിതരെയും കണ്ടെത്തി ഇവര്‍ക്കായുള്ള ചികിത്സ സൗകര്യങ്ങള്‍ വിപുലപ്പെടുത്തുമെന്ന് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു മൂന്ന് ഐസലേറ്റഡ് വാര്‍ഡുകള്‍ ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ല കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലെ ഒ.പി പരിവര്‍ത്തന നടപടികളും പൂര്‍ത്തിയായി വരുകയാണ്.
ജില്ലയില്‍ വനിത ശിശുസൗഹൃദ ആശുപത്രി അനുവദിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പരിശോധിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
• എല്ലാവര്ക്കും കുടിവെള്ളം ഉറപ്പാക്കും
ജല്‍ ജീവന് മിഷനിലൂടെ എല്ലാവര്ക്കും കുടിവെള്ളം ഉറപ്പാക്കും. ജില്ലയില്‍ 1,91,308 ഗ്രാമീണ വീടുകളാണ് കുടിവെള്ളത്തിനായി കാത്തിരിക്കുന്നത്.
ഇവര്‍ക്കെല്ലാം കുടിവെള്ളം എത്തിക്കുക എന്ന ദൗത്യമാണ് മുന്നേറുന്നത്. തിരുനെല്ലി തുടങ്ങി വനപാതകള്‍ ധാരാളമുള്ള സ്ഥലങ്ങളില്‍ വനംവകുപ്പുമായി കൂടിയാലോചിച്ച് കുടിവെള്ള സൗകര്യങ്ങള്‍ ഉറപ്പാക്കും.
• വയനാട് തുരങ്കപാത; നടപടി വേഗത്തിലാക്കും
വയനാട് തുരങ്കപാത യാഥാർഥ്യമാക്കാനുള്ള നടപടികള്‍ വേഗത്തിലാക്കും. തുരങ്കപാത നിർമാണത്തിന് 19.59 ഹെക്ടര്‍ ഭൂമിയാണ് ആവശ്യമായുള്ളത്. തോട്ടഭൂമിയും ഉള്‍പ്പെട്ടതാണ് പ്രദേശം. തോട്ട ഭൂമി വില നല്കി ഏറ്റെടുക്കുന്നതിനായി പ്രത്യേക അനുമതിക്കായി റവന്യു സെക്രട്ടറിക്ക് കത്തു നില്‍കിയതായി ജില്ല കലക്ടര്‍ യോഗത്തെ അറിയിച്ചു.
കിഫ്ബിയില്‍ നിന്നും 3.8 കോടി രൂപ വനംവകുപ്പിന് നല്കി. ജനുവരി 2024 പദ്ധതി തുടങ്ങാന്‍ ലക്ഷ്യമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് പുരോഗമിക്കുന്നത്. ടെൻഡര്‍ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനായി കിഫ്ബിക്കും പൊതുമരാമത്ത് വകുപ്പിനും കത്തുനല്‍കിയതായി കോഴിക്കോട്, വയനാട് ജില്ല കലക്ടര്‍മാര്‍ യോഗത്തെ അറിയിച്ചു.
തുരങ്കപാതക്കായുള്ള ഭൂമി ഏറ്റെടുക്കല്‍ പൂർണമായും നയപരമായിരിക്കണമെന്നും കൃത്യതയോടും ജാഗ്രതയോടുമുള്ള നടപടി ക്രമങ്ങള്‍ പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് ഏറെ സഹായകരമാകുമെന്നും മുഖ്യമന്ത്രി ജില്ല കലക്ടര്‍മാര്‍ക്ക് നിർദേശം നല്കി.
• ഭൂവിഷയങ്ങള്‍ പരിഹരിക്കണം
മരിയനാട് മക്കിമല ഭൂവിഷയങ്ങള്‍, വേമം, ചെന്നലായി എസ്ചീറ്റ് ഭൂമി, എച്ച്.എം.എല്‍ ഭൂമി കൈവശക്കാര്‍ക്കുള്ള പട്ടയം, കരിമ്പില്‍ അമ്പുകുത്തി പ്രദേശങ്ങളിലെ പട്ടയ പ്രശ്നം തുടങ്ങിയവ ജില്ല കലക്ടര്‍ ഡോ.രേണുരാജ് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയില്‍പ്പെടുത്തി.
ജില്ലയില്‍ ഡിജിറ്റല്‍ റീ സര്‍വെയുടെ പുരോഗതിയും അവലോകനം ചെയ്തു. ഇക്കാര്യങ്ങള്‍ പരിശോധിക്കാന്‍ അവലോകന യോഗം നിർദേശം നല്കി. കാലങ്ങളായി നില നില്ക്കുന്ന ഭൂവിഷയങ്ങളുടെ പരിഹാരവും സര്‍ക്കാറിന്റെ ലക്ഷ്യമാണെന്ന് അവലോകനയോഗത്തില്‍ പങ്കെടുത്ത റവന്യു വകുപ്പ് മന്ത്രി കെ.രാജന് പറഞ്ഞു.
• അംഗൻവാടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം
ജില്ലയിലെ അംഗൻവാടികള്‍ക്ക് പ്രത്യേക ശ്രദ്ധയും പരിഗണനയും നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. കെട്ടിടമില്ലാത്തതും സ്ഥലമല്ലാത്തതുമായ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക ശ്രദ്ധനല്കണം.
നിലവില്‍ 92 അംഗൻവാടികള്‍ക്ക് ഭൂമിയുണ്ടെങ്കിലും സ്വന്തമായി കെട്ടിടങ്ങളില്ല. 67 അംഗൻവാടിക്ക് കെട്ടിടം ഭൂമിയുമില്ലെന്നും ജില്ല കലക്ടര്‍ ശ്രദ്ധയില്‍പ്പെടുത്തി.
നിലവിലുള്ള സര്‍ക്കാര്‍ഭൂമി നിജപ്പെടുത്തി അംഗൻവാടിക്കായി സ്ഥലം നിശ്ചയിക്കാം. ഇതര വകുപ്പുകളുടെ ഉപയോഗശൂന്യമായ സ്ഥലം ലഭ്യമാക്കി അങ്കണവാടി നിർമിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കാനും മുഖ്യമന്ത്രി നിർദേശം നല്കി.
• മലയോര ഹൈവ നിർമാണം പൂര്‍ത്തിയാക്കണം
വയനാട് ജില്ലയെ ബന്ധിപ്പിക്കുന്ന മലയോര ഹൈവെയുടെ നിർമാണം വേഗത്തിലാക്കാന്‍ അവലോകനയോഗം നിര്‍ദേശിച്ചു. രണ്ടുകൈവഴിയാണ് ജില്ലയിലൂടെ മലയോര ഹൈവേ കടന്നുപോകുന്നത്.
ബോയ്സ് ടൗണില്‍ നിന്നും തുടങ്ങി മാനന്തവാടി -കല്പറ്റ -മേപ്പാടി -ചൂരല്‍മല റോഡിലൂടെ കോഴിക്കോട് ജില്ലയിലെ മരിപ്പുഴയില്‍ വന്നുചേരും. ബോയ്സ് ടൗണ്‍ വാളാട് കുഞ്ഞോം നിരവില്‍പ്പുഴ വഴി ചുങ്കക്കുറ്റി വഴി കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കുന്നു. 89.221 കിലോ മീറ്റര്‍ പാതയില്‍ നാല് റീച്ചുകളായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ മൂന്ന് റീച്ചുകളുടെ പ്രവൃത്തി മുന്നേറുകയാണെന്ന് അധികൃതര്‍ യോഗത്തെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.