കൽപറ്റ: മൂന്നുമാസത്തിലധികമായി സമയമുണ്ടായിട്ടും കൂറ്റൻ യന്ത്രങ്ങളുമായി അടിവാരത്ത് നിർത്തിയിട്ടിരുന്ന രണ്ട് ട്രെയിലറുകൾ വയനാട് ചുരം കയറാൻ ക്രിസ്മസ് അവധിക്ക് യാത്രക്കാരേറുന്ന ഈ സമയത്തുതന്നെ അനുമതി നൽകേണ്ടിയിരുന്നോ?.
വ്യാഴാഴ്ച രാത്രി മുതൽ പുലർച്ച വരെ ആംബുലൻസ് ഒഴികെയുള്ള വാഹനങ്ങൾക്ക് വയനാട് ചുരത്തിൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള കോഴിക്കോട് ജില്ല ഭരണകൂടത്തിന്റെ ഉത്തരവിനെതിരെയാണ് ചുരത്തിന് മുകളിൽ വ്യാപക പ്രതിഷേധമുയരുന്നത്.
കഴിഞ്ഞ മൂന്നു മാസത്തിനിടെ ഹർത്താൽ ഉൾപ്പെടെയുള്ള തിരക്കൊഴിഞ്ഞ പല ദിവസങ്ങളുണ്ടായിട്ടും അന്നൊന്നും അനുമതി നൽകാതെ നടപടികൾ വൈകിപ്പിച്ച് ചുരം വളവുകളിൽ അറ്റകുറ്റപ്പണി ആരംഭിച്ചിരിക്കേ തിരക്കേറിയ സമയത്ത് തന്നെ കൂറ്റൻ ലോറികൾ കടത്തിവിടുന്നത് വയനാട്ടിലേക്കുള്ള യാത്ര കൂടുതൽ ദുസ്സഹമാക്കുമെന്നാണ് വിവിധ സംഘടനകളും യാത്രക്കാരും പറയുന്നത്.
ഒന്നാംവളവ് മുതൽ എട്ടാംവളവ് വരെയുള്ള ചുരം റോഡിന്റെ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ ബുധനാഴ്ച മുതൽ തന്നെ ചുരത്തിൽ ഗതാഗത നിയന്ത്രണമുണ്ട്. ഒരു സമയം ഒരു വരിയിൽ മാത്രമാണ് വാഹനങ്ങൾ കടത്തിവിടുന്നത്. ഇതോടെ നിരവധി വാഹനങ്ങളാണ് ബുധനാഴ്ച ചുരത്തിൽ മണിക്കൂറുകളോളം കുടുങ്ങിയത്.
വൺവേ രീതിയിൽ വാഹനങ്ങൾ കടത്തിവിടുന്നുണ്ടെങ്കിലും അത്യാവശ്യകാര്യങ്ങൾക്ക് ഉൾപ്പെടെ പോകുന്ന നിരവധി യാത്രക്കാരാണ് തിരക്കേറിയ സമയത്തെ പെെട്ടന്നുള്ള നിയന്ത്രണം വലച്ചത്. ഇതിനിടെ ചുരത്തിൽ കെ.എസ്.ആർ.ടി.സി ബസിന്റെ ആക്സിൽ പൊട്ടിയതും ബുധനാഴ്ച ഗതാഗത തടസ്സം രൂക്ഷമാക്കി.
അറ്റകുറ്റപ്പണി വ്യാഴാഴ്ച പൂർത്തിയായില്ലെങ്കിൽ വരും ദിവസങ്ങളിലും കുരുക്ക് മുറുകും. ഇതിനിടെയാണ് വ്യാഴാഴ്ച രാത്രി 11 മുതൽ പുലർച്ച അഞ്ചുവരെയുള്ള സമയത്ത് കൂറ്റൻ ട്രെയിലറുകൾ കടത്തിവിടുന്നത്. നഞ്ചൻകോട്ടെ നെസ്ലെ കമ്പനിയിലേക്കുള്ള പാൽപ്പൊടി നിർമാണ യൂനിറ്റിന്റെ യന്ത്രങ്ങളാണ് ലോറികളിലുള്ളത്.
5.2 മീറ്റർ മുതൽ 5.8 മീറ്റർ വരെയാണ് ലോറിയിലെ രണ്ടു ട്രെയിലറുകളുടെയും വീതി. ഉയരവും 5.7 മീറ്ററോളമുണ്ട്. ചുരത്തിലെ എട്ട്, ഒമ്പത് വളവുകൾക്കിടയിൽ 50 മീറ്റർ ദൂരം റോഡിന്റെ വീതി 5.2 മീറ്റർ മാത്രമാണ്. ഒരു വശത്ത് കൂറ്റൻ പാറയമുണ്ട്. വാഹനം റോഡരികിനോട് ചേർത്ത് എടുത്താൽ മാത്രമേ കടന്നുപോകാനാകൂ.
ട്രെയിലറിന്റെ വീതി കൂടിയതിനാൽ തന്നെ ചുരത്തിൽ കുടുങ്ങാനുള്ള സാധ്യതയും കൂടുതലാണ്. അങ്ങനെ കൂടുങ്ങിയാൽ യാത്രാനിരോധനം തുടരുമോ എന്ന ആശങ്കയാണ് യാത്രക്കാർക്കുള്ളത്. അതുപോലെ ചുരം വളവുകളിൽ അടിതട്ടി ട്രെയിലർ നിന്നുപോകാനും ട്രെയിലറിന്റെ ഉയരക്കൂടുതൽ കാരണം മരച്ചില്ലകളിൽ തട്ടാനുള്ള സാധ്യതയുമുണ്ട്.
മൂന്നുമാസത്തിലധികമായി അടിവാരത്ത് കുടുങ്ങിയ കൂറ്റൻ ലോറികൾക്ക് യാത്രാമാർഗമുണ്ടാക്കി നൽകേണ്ടതാണെങ്കിലും അവധിക്ക് വിവിധ ജില്ലകളിൽനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും ഉൾപ്പെടെ വയനാട്ടിലേക്ക് നിരവധി യാത്രക്കാർ വരുന്ന ഈ സമയത്ത് അനുമതി നൽകിയതാണ് പ്രതിഷേധത്തിനിടയാക്കുന്നത്.
ക്രിസ്മസ് അവധി ദിവസങ്ങളിൽ വയനാട്ടിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളെയും നിയന്ത്രണം ബാധിക്കും. കെ.എസ്.ആർ.ടി.സി ദീർഘദൂര ബസുകൾ ഉൾപ്പെടെ വഴിതിരിച്ചുവിടുന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും.
അടിയന്തര ആവശ്യങ്ങൾക്ക് കോഴിക്കോട്ടേക്ക് പോകുന്നവരും വയനാട്ടിലേക്ക് വരുന്നവരും നിയന്ത്രണത്തിൽ വലയും. വൻസന്നാഹമാണ് ഒരുക്കിയിട്ടുള്ളതെന്ന് അധികൃതർ പറയുമ്പോഴും ചുരത്തിലൂടെയുള്ള യാത്ര സ്തംഭിച്ചുപോകുന്നതിന്റെ ആശങ്കയുടെ മുൾമുനയിലാണ് വയനാട്ടുകാർ.
കൽപറ്റ: കൂറ്റൻ യന്ത്രങ്ങളുമായുള്ള ട്രെയിലറുകളുടെ യാത്ര കാരണം വ്യാഴാഴ്ച രാത്രി 11 മുതൽ പുലർച്ച അഞ്ചു വരെ വയനാട് ചുരത്തിൽ ഗതാഗത നിരോധനം ഏർപ്പെടുത്തിയത് ആശങ്ക ഉയർത്തുന്നതാണെന്ന് വയനാട് ഡെസ്റ്റിനേഷൻ മേക്കേഴ്സ് (ഡബ്ല്യു.ഡി.എം) യോഗം അഭിപ്രായപ്പെട്ടു.
ക്രിസ്മസ് -പുതുവത്സരം പ്രമാണിച്ചു നിരവധി സഞ്ചാരികളാണ് വയനാട്ടിലേക്ക് വരാനിരിക്കുന്നത്. യാത്ര മധ്യേ ചുരത്തിൽ വാഹനം കുടുങ്ങുകയോ മറ്റോ ചെയ്താൽ ചുരം റോഡ് മുഴുവനായും ബ്ലോക്കാകും. കൂടാതെ ആംബുലൻസ് ഉൾപ്പെടെയുള്ള അത്യാവശ്യ സർവിസുകളെയും ബാധിക്കും. യാത്രയിൽ തടസങ്ങൾ ഇല്ലാതെ കൈകാര്യം ചെയ്യുന്നതിന്റെ പൂർണ ഉത്തരവാദിത്തം ബന്ധപ്പെട്ട അധികാരികൾ ഉറപ്പ് വരുത്തണം.
അല്ലാത്തപക്ഷം ക്രിസ്മസ് അവധിക്കുശേഷം വാഹനം കടത്തിവിടാനുള്ള നടപടി സ്വീകരിക്കണം. ഇത് മൂലം ഗതാഗത തടസ്സം നേരിട്ടാൽ ഹർത്താൽ ഉൾപ്പെടെയുള്ള കടുത്ത പ്രതിഷേധ പരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്നും ഡബ്ല്യു.ഡി.എം പ്രസിഡന്റ് പ്രവീൺ അറിയിച്ചു.
കൽപറ്റ: അറ്റകുറ്റപ്പണിയുടെ ഭാഗമായി വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതോടെ കൽപറ്റയിൽനിന്ന് മാനന്തവാടിയിലേക്കും സുൽത്താൻ ബത്തേരിയിലേക്കും പുൽപള്ളിയിലേക്കും ഉൾപ്പെടെയുള്ള യാത്രക്കാർ പെരുവഴിയിലായി.
രാത്രി എട്ടിനുശേഷം കോഴിക്കോടുനിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസിലാണ് കൽപറ്റയിൽനിന്ന് യാത്രക്കാർ മാനന്തവാടിയിലേക്കും ബത്തേരിയിലേക്കും പോകുന്നത്. എന്നാൽ, ചുരത്തിൽ ബസുകൾ കുടുങ്ങിയതോടെ കൽപറ്റയിൽ ബുധനാഴ്ച രാത്രി മണിക്കൂറുകളോളമാണ് ബസിനായി യാത്രക്കാർ കാത്തിരുന്നത്.
വൈകീട്ട് മുതൽ കൽപറ്റയിൽ ബസുകൾ എത്താൻ വൈകിയതും ദീർഘദൂര യാത്രക്കാരെ ഉൾപ്പെടെ വെട്ടിലാക്കി. സ്ത്രീകളും കുട്ടികളും മുതിർന്നവരും അടക്കമുള്ള യാത്രക്കാരണ് കൽപറ്റ പുതിയ ബസ് സ്റ്റാൻഡിലും അനന്തവീര തിയറ്ററിന് സമീപമുള്ള സ്റ്റാൻഡിലുമായി മാനന്തവാടിയിലേക്കും ബത്തേരിയിലേക്കുമുള്ള ബസിനായി കാത്തുനിന്നത്.
ചുരത്തിലെ ബ്ലോക്കിനെത്തുടർന്ന് കൽപറ്റയിൽനിന്ന് മാനന്തവാടിയിലേക്കും ബത്തേരിയിലേക്കും ഉൾപ്പെടെ ലോക്കൽ ബസ് സർവിസുകൾ ഒരുക്കാത്തതും തിരിച്ചടിയായി. വൈകീട്ട് ആറു മുതൽ കൽപറ്റയിൽ ബസ് കാത്തുനിന്നവർക്ക് രണ്ടുമണിക്കൂറിലധികം കഴിഞ്ഞശേഷമാണ് മാനന്തവാടിയിലേക്ക് ഒരു ബസ് കിട്ടിയത്. അപ്പോഴേക്കും രണ്ടു ബസിലേക്കുള്ള യാത്രക്കാർ സ്റ്റാൻഡിലുണ്ടായിരുന്നു. തിരക്കുമൂലം ബസിൽ കയറാനും ആളുകൾ ബുദ്ധിമുട്ടി.
20 ടൺ ഭാരം വഹിച്ച് ചുരം കയറാൻ പോകുന്ന ട്രെയിലറിന്റെ വേഗത മണിക്കൂറിൽ 15 മുതൽ 20 കിലോമീറ്റർ വരെയാണ്. ചുരത്തിലെ വളവുകളും വീതികുറവുള്ള ഭാഗങ്ങളും കണക്കിലെടുക്കുമ്പോൾ മണിക്കൂറിൽ 15 കിലോമീറ്റർ വേഗതയിൽ താഴെ മാത്രമേ നീങ്ങാനാകു.
ഇതോടൊപ്പം 5.5 മീറ്റർ ഉയരവും ആകെ 14.6 മീറ്റർ നീളവുമാണ് ട്രക്കിനുള്ളത്. ഒരു ട്രെയിലറിന്റെ ഉയരം 5.2 മീറ്ററും മറ്റൊരു ട്രെയിലറിന്റെ ഉയരം 5.8 മീറ്ററുമാണ്. വളവുകളിൽ ഇത്രയും ഭാരവും നീളവുമുള്ള ട്രെയിലർ തിരിഞ്ഞു മുന്നോട്ടുകൊണ്ടുപോവുകയെന്നത് തന്നെയായിരിക്കും യാത്രയിലെ പ്രധാന വെല്ലുവിളി. വളവുകളിൽ ട്രെയിലർ കുടുങ്ങിയാൽ പിന്നെ നീക്കം ചെയ്യുക ശ്രമകരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.