കൽപറ്റ: രാഹുൽ ഗാന്ധി എം.പിയുടെ വയനാട്ടിലെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചുതകർത്തതിൽ പൊലീസ് ഗൂഢാലോചന ആരോപിച്ച് കോൺഗ്രസ്. ജില്ല ആസ്ഥാനമായ കലക്ടറേറ്റിനും ജില്ല പൊലീസ് മേധാവിയുടെ ഓഫിസിനും തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന എം.പി ഓഫിസിലേക്ക് അക്രമികൾ കടന്നുകയറിയത് പൊലീസിന്റെ മൗനാനുവാദത്തോടെയാണെന്ന ആരോപണവുമായാണ് കോൺഗ്രസ് പ്രതിഷേധം ശക്തമാക്കുന്നത്. രാഹുലിന്റെ ഓഫിസിലേക്ക് എസ്.എഫ്.ഐ മാർച്ച് നടത്തുന്നത് മുൻകൂട്ടി ചൂണ്ടിക്കാട്ടുകയും അക്രമം നടക്കാനിടയുണ്ടെന്ന് സൂചന നൽകുകയും ചെയ്തിട്ടും പൊലീസുകാർ മുൻകരുതൽ സ്വീകരിക്കാതിരുന്നത് സി.പി.എം നേതൃത്വവുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്ന് ജില്ല കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ കുറ്റപ്പെടുത്തി.
എസ്.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തുന്നതിനിടെ എം.പിയുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന്റെ സൈഡിലൂടെ കയറി ജനൽ വഴി അകത്തുകയറുന്നത് തടയാൻ പൊലീസിന് കഴിയുമായിരുന്നു.
എന്നാൽ, സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഈ സമയമത്രയും കാഴ്ചക്കാരായി നിൽക്കുകയായിരുന്നു. മൂന്നു ജീവനക്കാർ മാത്രമുള്ള ഓഫിസിൽ കയറി 40ഓളം വരുന്ന എസ്.എഫ്.ഐ സംഘം അക്രമം നടത്തിയിട്ടും പൊലീസിന് നിയന്ത്രിക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു. ഓഫിസിലേക്ക് തള്ളിക്കയറാനും അടിച്ചു തകർക്കാനുമുള്ള കൃത്യമായ ഗൂഢാലോചനയുമായാണ് എസ്.എഫ്.ഐ പ്രവർത്തകരെത്തിയതെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്.
രാഹുൽ ഗാന്ധിയുടെ ഓഫിസിനുനേരെയുള്ള അതിക്രമത്തിൽ വ്യാപക പ്രതിഷേധം
കൽപറ്റ: രാഹുല്‍ഗാന്ധി എം.പിയുടെ ഓഫിസ് അടിച്ചുതകര്‍ത്ത എസ്.എഫ്.ഐ അതിക്രമത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ജില്ലയിലുടനീളം യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് രാഹുല്‍ഗാന്ധി എം.പി ബഫര്‍സോണ്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്ന് ആരോപിച്ച് എസ്.എഫ്.ഐ മാര്‍ച്ച് നടത്തിയത്. ജില്ല സെക്രട്ടറി ജിഷ്ണു ഷാജി, പ്രസിഡന്റ് ജോയല്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ ഷട്ടര്‍ താഴ്ത്തി സുരക്ഷ ഒരുക്കിയെങ്കിലും പ്രവര്‍ത്തകര്‍ പൊലീസിനെ മറികടന്ന് ഷട്ടര്‍ തല്ലിത്തകര്‍ത്തു. ഇതിനിടയില്‍ 50ഓളം വരുന്ന പ്രവര്‍ത്തകര്‍ ജനൽവഴി ഓഫിസിനുള്ളില്‍ കയറി. ഓഫിസ് ജീവനക്കാരെ മര്‍ദിക്കുകയും ഓഫിസിനകത്ത് ഫര്‍ണിച്ചറുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. അരമണിക്കൂര്‍ നേരം ഇവര്‍ ഓഫിസിനുള്ളില്‍ കുത്തിയിരുന്ന് മുദ്രാവാക്യം മുഴക്കി.
ഓഫിസിന് മുമ്പിലും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ പൊലീസുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതോടെ നാലുതവണയാണ് പൊലീസ് സമരക്കാര്‍ക്ക് നേരെ ലാത്തിവീശിയത്. ഇതില്‍ എസ്.എഫ്.ഐ ജില്ല നേതാക്കള്‍ ഉള്‍പ്പെടെ പത്തോളം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് കെ.എം. ഫ്രാന്‍സിസ്, അവിശിത്ത് എന്നിവര്‍ക്കും ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു. കല്ലേറില്‍ പൊലീസ് വാനിന്റെ ചില്ല് തകര്‍ന്നു.
എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി ഓഫിസിന് മുമ്പില്‍ കുത്തിയിരുന്നതോടെ യു.ഡി.എഫ് പ്രവര്‍ത്തകരും സംഘടിച്ചെത്തി. പൊലീസ് തീര്‍ത്ത വലയം ഭേദിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ നേരെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ നീങ്ങിയതോടെ പൊലീസ് ലാത്തിവീശി. പത്തോളം എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ആക്രമണത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. എം.പി ഓഫിസിന് സുരക്ഷ ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയ ഡിവൈ.എസ്.പിയെ സസ്പെന്‍ഡ് ചെയ്യണമെന്നും മുഴുവന്‍ ആക്രമികളെയും പിടികൂടണമെന്നും ആവശ്യപ്പെട്ട് ടി. സിദ്ദീഖ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ജില്ല പൊലീസ് മേധാവിയുടെ ഓഫിസിന് മുമ്പില്‍ കുത്തിയിരിപ്പ് സമരം നടത്തി.
രാത്രി വൈകിയും നഗരത്തിന്റെ വിവിധയിടങ്ങളിലായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധങ്ങള്‍ അരങ്ങേറി. മാനന്തവാടിയിൽ യു.ഡി.എഫ് നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
അഡ്വ. എൻ.കെ. വർഗീസ്, പടയൻ മുഹമ്മദ്, എ.എം. നിശാന്ത്, എച്ച്.ബി. പ്രദീപ് മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. പനമരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പനമരം ബസ് സ്റ്റാൻഡിനു മുമ്പിൽ റോഡ് ഉപരോധിച്ചു. ബെന്നി അരിഞ്ചേറുമല, ജോസ് നിലമ്പനാട്ട്, ഷിനോ പാറക്കാലായിൽ, സാബു നീർവാരം, എം.കെ. അമ്മത്, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
സുൽത്താൻ ബത്തേരി, വൈത്തിരി ഉൾപ്പെടെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലും പ്രതിഷേധ പ്രകടനം നടന്നു. കൽപറ്റയിൽ കോൺഗ്രസ് പ്രവർത്തകർ എസ്.പി ഓഫിസ് മണിക്കൂറുകൾ ഉപരോധിച്ചു. കുറ്റക്കാരെ ഉടൻ പിടികൂടാമെന്നും അക്രമം തടയുന്നതിൽ പൊലീസിന്റെ വീഴ്ചയെ കുറിച്ച് അന്വേഷണം നടത്താമെന്നും ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ഉപരോധം അവസാനിപ്പിച്ചത്.
എം.പി ഓഫിസ് ആക്രമണം ഗൂഢാലോചന -ടി. സിദ്ദീഖ് എം.എല്‍.എ
കല്പറ്റ: രാഹുല്‍ഗാന്ധി എം.പിയുടെ ഓഫിസിന് നേരെയുണ്ടായ ആക്രമണം ഗൂഢാലോചനയുടെ ഭാഗമാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ. പിണറായി വിജയന് സംസ്ഥാനത്തിന്റെ ക്രമസമാധാനം ക്രിമിനലുകള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. നിയമത്തെ സംരക്ഷിക്കാനുള്ള പോരാട്ടം കോണ്‍ഗ്രസ് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ബഫര്‍സോണ്‍ വിഷയത്തില്‍ എസ്.എഫ്.ഐയുടെ ഒരു പ്രസ്താവന പോലും ഇതുവരെ വന്നിട്ടില്ല. ആദ്യമായി സമരം നടത്തിയത് എം.പിയുടെ ഓഫിസിലേക്കാണ്. ഇത് ആസൂത്രിതമാണ്. സുപ്രീംകോടതിയുടെ വിധിയില്‍ രാഹുല്‍ഗാന്ധിക്ക് എന്ത് പങ്കാണുള്ളതെന്നും സിദ്ദീഖ് ചോദിച്ചു. എം.പി ഓഫിസിന് നേരെയുണ്ടായ ആക്രമണം ബി.ജെ.പിയെ സഹായിക്കാനും അവരെ തൃപ്തിപ്പെടുത്താനുമാണ്. മഹാത്മാഗാന്ധിയുടെ ഛായാചിത്രവും ചികിത്സസഹായവുമായി ബന്ധപ്പെട്ട ഫയലുകളുമാണ് നശിപ്പിക്കപ്പെട്ടത്. ഓഫിസിനുള്ളില്‍ വ്യാപക നാശനഷ്ടമാണ് അക്രമികള്‍ ഉണ്ടാക്കിയത്. എം.പി ഓഫിസ് ആക്രമണവുമായി ബന്ധപ്പെട്ട ഗൂഢാലോചന വെളിച്ചത്ത് കൊണ്ടുവരണമെന്നും ആക്രമം നടക്കുമ്പോള്‍ കൈയും കെട്ടി നോക്കിനിന്ന പൊലീസ് ജനങ്ങളോട് മാപ്പുപറയണമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് റാലി ഇന്ന്
കല്പറ്റ: രാഹുല്‍ഗാന്ധി എം.പിയുടെ ഓഫിസ് അടിച്ചുതകര്‍ത്തതില്‍ പ്രതിഷേധിച്ച് ശനിയാഴ്ച യു.ഡി.എഫ് റാലിയും പ്രതിഷേധ യോഗവും നടത്തും. ഉച്ചക്ക് രണ്ടിന് എം.പിയുടെ ഓഫിസ് പരിസരത്തുനിന്ന് റാലി നടക്കും. തുടര്‍ന്ന് കല്പറ്റ ടൗണില്‍ പ്രതിഷേധയോഗം ചേരും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, എം.പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം.കെ. രാഘവന്, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണന്, മുസ്ലിം ലീഗ് ആക്ടിങ് സെക്രട്ടറി പി.എം.എ. സലാം, കെ.എം. ഷാജി ഉൾപ്പെടെയുള്ളവർ പങ്കെടുക്കും.
എം.പി ഓഫിസ് ആക്രമിച്ചത് തെറ്റ് -സി.പി.ഐ
കൽപറ്റ: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചത് ശരിയല്ലെന്ന് സി.പി.ഐ ജില്ല കൗൺസിൽ. ജനകീയ പ്രശ്നങ്ങളിൽ ഇടപെടാത്ത എം.പിക്കെതിരെ പ്രതിഷേധം ഉണ്ടാകുന്നത് സ്വാഭാവികമാണ്. പരിസ്ഥിതിലോല മേഖല ഉൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്ര സർക്കാറിന്റെ മുന്നിൽ അവതരിപ്പിക്കുന്നതിൽ എം.പി പരാജയപ്പെട്ടിരിക്കുകയാണ്. ഇതിനെതിരെ പ്രതിഷേധിക്കുന്നത് അക്രമത്തിലേക്ക് മാറുന്നത് എൽ.ഡി.എഫ് നയങ്ങൾക്ക് വിരുദ്ധമാണെന്നും ജില്ല കൗൺസിൽ അറിയിച്ചു.
സമാധാനാന്തരീക്ഷം തകർക്കുന്നതിൽനിന്ന് എൽ.ഡി.എഫും യു.ഡി.എഫും വിട്ടുനിൽക്കണം -ബി.ജെ.പി
കൽപറ്റ: മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കുന്നതിൽനിന്ന് എൽ.ഡി.എഫും യു.ഡി.എഫും വിട്ടുനിൽക്കണമെന്ന് ബി.ജെ.പി കൽപറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ ഏറ്റവുമധികം പ്രയത്നിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആണെന്നിരിക്കെ എം.പിയെന്ന നിലയിൽ രാഹുൽ ഗാന്ധിയുടെ പരാജയം ഇടതുപക്ഷത്തിന്റെകൂടി ധാർമിക ബാധ്യതയാണ്. ബഫർസോൺ വിഷയങ്ങളിൽ സംസ്ഥാന സർക്കാർ സ്വീകരിച്ചത് നിഷേധാത്മക നിലപാടാണ്. ഇത് മറച്ചുവെക്കാനാണ് ഇടതുപക്ഷ യുവജന സംഘടനകൾ അക്രമ സമരവുമായി മുന്നോട്ടു വരുന്നതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി. പാർട്ടി മണ്ഡലം പ്രസിഡന്റ് ടി.എം. സുബീഷ്, ഷാജിമോൻ ചൂരൽമല, ശിവദാസ് വിനായക, രാധാകൃഷ്ണൻ ചേളാരി, എം.ബി. ഋഷി കുമാർ, ഗീത വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
എസ്.എഫ്.ഐ ജില്ലയെ കലാപഭൂമിയാക്കാൻ ശ്രമിക്കുന്നു -ഫ്രറ്റേണിറ്റി മൂവ്മെന്റ്
കൽപറ്റ: ബഫർസോൺ വിഷയത്തിൽ നടക്കുന്ന സമരങ്ങളുടെ മറവിൽ രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമിച്ച് ജില്ലയെ കലാപഭൂമിയാക്കാനുള്ള ശ്രമമാണ് എസ്.എഫ്.ഐ നടത്തുന്നതെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ല സെക്രട്ടറി ടി. മുഹമ്മദ് ഷഫീഖ് ആരോപിച്ചു. എം.പി ഓഫിസിലേക്ക് മാർച്ച് നടത്തവെ എസ്.കെ.എം.ജെ സ്കൂൾ പരിസരത്തു സ്ഥാപിച്ചിരുന്ന ഫ്രറ്റേണിറ്റിയുടെ പതാക നശിപ്പിച്ച എസ്.എഫ്.ഐ പ്രവർത്തകരുടെ നടപടി അപലപനീയമാണ്.
ബഫർ സോൺ സമരങ്ങളുടെ സമാധാന സ്വഭാവം നശിപ്പിച്ച എസ്.എഫ്.ഐയും സി.പി.എമ്മും ജനങ്ങളോട് മാപ്പ് പറയണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്റ് ഹിഷാമുദ്ധീൻ പുലിക്കോടൻ, ജില്ല സെക്രട്ടറിമാരായ മുസ്ഫിറ ഖാനിത, മുഹ്സിൻ മുഷ്താഖ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.