കൽപറ്റ: റോഡിലേക്ക് വാഹനങ്ങളുമായി ഇറങ്ങുമ്പോൾ ഗതാഗത നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. വഴിയിൽ വാഹന പരിശോധനയുണ്ടെന്ന് കണ്ട് വഴിമാറിപ്പോകുന്നതുപോലെയല്ല ഇനി കാര്യങ്ങൾ. ഏപ്രിൽ 20 മുതൽ ജില്ലയിലെ വിവിധ റോഡുകളിലായി സ്ഥാപിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കാമറകൾ പ്രവർത്തനക്ഷമമാകും.
ഇതോടെ നിയമലംഘനം നടത്തുന്നവർക്ക് ചിത്രസഹിതം പിഴ സംബന്ധിച്ച വിവരം മൊബൈലിൽ സന്ദേശമായെത്തും. ഹെൽമറ്റും സീറ്റ് ബെൽറ്റും ധരിക്കാതെയുള്ള യാത്ര, അമിതവേഗത, യാത്രക്കിടയിലെ മൊബൈൽ ഫോൺ ഉപയോഗം, അപകടമുണ്ടാക്കി വാഹനം നിര്‍ത്താതെ പോകല്‍ തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾക്കെതിരെ നടപടിയെടുക്കുന്നതിനാണ് കാമറ പ്രയോജനപ്പെടുക.
എ.ഐ കാമറ എത്തുന്നതോടെ ബൈക്കിൽ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റില്ലെങ്കിൽ പണികിട്ടും. 25 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കാമറകളും പനമരം, മീനങ്ങാടി എന്നിവിടങ്ങളിൽ രണ്ടു പാർക്കിങ് കാമറകളും ഉൾപ്പെടെ ആകെ 27 കാമറകളാണ് ഗതാഗത നിയമലംഘനം കണ്ടുപിടിക്കാനായി ജില്ലയിൽ സജ്ജമാക്കിയിരിക്കുന്നത്.
നിയമലംഘനം ഏതായാലും അവ കണ്ടുപിടിച്ച് ഒപ്പിയെടുക്കാവുന്ന തരത്തിലാണ് എ.ഐ കാമറകൾ സജ്ജീകരിച്ചിരിക്കുന്നത്. നൂതന സാങ്കേതികവിദ്യ ഉൾപ്പെടുത്തിയ നിർമിതബുദ്ധി കാമറകൾ ഓട്ടോമാറ്റിക്കായി നിയമലംഘനങ്ങൾ പിടികൂടും. ഹെൽമറ്റ് ധരിക്കാത്തവരുടെയും ഇരുചക്രവാഹനങ്ങളിൽ രണ്ടിലേറെ പേരുമായി സഞ്ചരിക്കുന്നവരുടെയും ചിത്രങ്ങൾ കാമറയിൽ പതിയും.
മോട്ടോർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും നിലവിലുള്ള നിരീക്ഷണ കാമറകൾക്കു പുറമേയാണ് പുതിയവ സ്ഥാപിച്ചിരിക്കുന്നത്. നിയമലംഘനം കാമറയിൽ പതിഞ്ഞാൽ നേരിട്ട് ഇതിന്റെ സർവറിലേക്കു പോകും. അവിടെനിന്ന് പിഴയടക്കേണ്ട വിവരം വാഹന ഉടമക്ക് എസ്.എം.എസായി ലഭിക്കുമ്പോൾതന്നെ വിവരം പ്രത്യേക കോടതിയിലും എത്തിയിട്ടുണ്ടാവും.
അതിനാൽ ശിപാർശയിലൂടെ പിഴ ഒഴിവാക്കാൻ സാധിക്കില്ല. കാമറകൾ വാഹനങ്ങളുടെ നമ്പർ തിരിച്ചറിയുകയും വാഹനത്തിന്റെ അകത്തെ ദൃശ്യങ്ങൾ മുൻ ഗ്ലാസിലൂടെ പകർത്തിയെടുക്കുകയും ചെയ്യും. അതിനാൽ, ഡ്രൈവറോ സഹയാത്രികനോ സീറ്റ് ബെൽറ്റ് ധരിച്ചിട്ടില്ലെങ്കിൽ പിടിവീഴും.
യാത്രക്കിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും കാമറയിലൂടെ പിടികൂടാനാകും. 25 മീറ്റർ പരിധിയിലുള്ള നിയമലംഘനങ്ങൾ വരെ ഒപ്പിയെടുക്കാൻ ഈ നിർമിതബുദ്ധി കാമറകൾക്കു കഴിയും. സ്ഥിരം അപകട മേഖലകളിലും തിരക്കുള്ള സ്ഥലങ്ങളിലുമാണ് കെൽട്രോൺ കാമറകൾ സ്ഥാപിച്ചിരിക്കുന്നത്.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ കൈനാട്ടിയിലുള്ള ഓഫിസിലാണ് 24 മണിക്കൂറും കാമറകൾ നിരീക്ഷിക്കാനുള്ള കൺട്രോൾ റൂം ഒരുക്കിയിട്ടുള്ളത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹനങ്ങളിൽനിന്നും വിവിധയിടങ്ങളിലെ പരിശോധനക്കിടെയും ഉദ്യോഗസ്ഥർ നിയമലംഘനങ്ങളുടെ ഫോട്ടോയെടുത്ത് പിഴ സംബന്ധിച്ച വിവരം സന്ദേശമായി അയക്കുന്നത് നേരത്തെ തന്നെ ഉണ്ടായിരുന്നു.
ഇത്തരം നടപടികൾ തുടരുന്നതിനൊപ്പം തന്നെ കാമറ കൂടിയെത്തുന്നതോടെ റോഡിലിറങ്ങുമ്പോൾ ശ്രദ്ധയും നിയമം പാലിക്കാനുള്ള ജാഗ്രതയുമുണ്ടായില്ലെങ്കിൽ പോക്കറ്റ് കാലിയാകുമെന്നുറപ്പ്. ട്രാഫിക്ക് നിയമലംഘനം കണ്ടെത്താനായി സ്ഥാപിച്ച എ.ഐ കാമറകൾ പ്രവർത്തനക്ഷമമാക്കുന്നതിനായി കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ യോഗം അംഗീകാരം നൽകിയത്. ഇതനുസരിച്ചാണ് ഏപ്രിൽ 20 മുതൽ കാമറ ഉപയോഗിച്ചുള്ള പരിശോധന ആരംഭിക്കുന്നത്.
സുൽത്താൻ ബത്തേരി, കോട്ടക്കുന്ന് സുൽത്താൻ ബത്തേരി, കൈപ്പഞ്ചേരി, കേണിച്ചിറ, നടവയൽ, പനമരം, പനമരം പാലം, പായോട്, മാനന്തവാടി-തലശ്ശേരി റോഡ്, വയൽക്കര-കാട്ടിക്കുളം റോഡ്, കമ്പളക്കാട്, കമ്പളക്കാട് പള്ളിമുക്ക്, കൈനാട്ടി, കൽപറ്റ (രണ്ടിടങ്ങളിൽ), ലക്കിടി, മേപ്പാടി, ചിത്രഗിരി, വടുവൻചാൽ, അമ്പലവയൽ, മുട്ടിൽ, മീനങ്ങാടി, പടിഞ്ഞാറത്തറ (രണ്ടിടങ്ങളിൽ), തരുവണ, പഴഞ്ചന, കരിമ്പുമ്മൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.