കൽപറ്റ: മറ്റുള്ളവരുടെ ജീവന് ഭീഷണിയുയർത്തിയും അമിതവേഗത്തിലും നിയമവിരുദ്ധമായും വാഹനം ഉപയോഗിക്കുന്നവർക്കെതിരെ കർശന ശിക്ഷണ നടപടികൾ കൈക്കൊള്ളുമെന്ന് വയനാട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അനൂപ് വർക്കി, ജില്ല ആർ.ടി.ഒ ഇ. മോഹൻദാസ് എന്നിവർ അറിയിച്ചു. കണിയാമ്പറ്റ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യാത്രയയപ്പ് ചടങ്ങിൽ വാഹനങ്ങളുമായി അഭ്യാസപ്രകടനം നടത്തിയ വിദ്യാർഥികൾക്കെതിരെ മോട്ടോർ വാഹനവകുപ്പ് ശിക്ഷണ നടപടികൾ സ്വീകരിച്ചതായും ഇവർ അറിയിച്ചു.
കാറിലും ബൈക്കിലുമായി സ്കൂൾ ഗ്രൗണ്ടിൽ അഭ്യാസ പ്രകടനം നടത്തുകയും അപകടകരമായി വാഹനമോടിക്കുകയും ചെയ്ത വിദ്യാർഥികളുടെ ഡ്രൈവിങ് ലൈസൻസ് റദ്ദ് ചെയ്യുന്നതിനുള്ള നടപടിയാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചത്.
അധികൃതരുടെ അനുമതിയില്ലാതെ സ്കൂൾ ഗ്രൗണ്ടിലെത്തിയ വിദ്യാർഥികൾ അമിത വേഗത്തിലും മറ്റുള്ളവരുടെ ജീവന് അപകടമുണ്ടാക്കുന്ന തരത്തിലുമാണ് വാഹനമോടിച്ചത്.
മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ആർ.ടി.ഒ അനൂപ് വർക്കിയുടെ നിർദേശാനുസരണം എം.വി.ഐ സുധിൻ ഗോപി, എ.എം.വി.ഐമാരായ ഗോപീകൃഷ്ണൻ, ടി.എ. സുമേഷ് എന്നിവർ സ്കൂളിലെത്തി കാമറകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വിഡിയോകളും പരിശോധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.