കൽപറ്റ: സുൽത്താൻ ബത്തേരി നഗരസഭയിൽ ചെയർമാൻ ടി.എൽ. സാബുവിനെ അവധിയിൽ പ്രവേശിപ്പിച്ചതിനു പിന്നിൽ സി.പി.എം കരുനീക്കം. കേരള കോൺഗ്രസ് മാണി ഗ്രൂപ്പിൽനിന്ന് എൽ.ഡി.എഫ് ചേരിയിലെത്തിയ ചെയർമാനെ തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിർബന്ധ അവധിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ടി.എൽ. സാബു എൽ.ഡി.എഫ് ചേരിയിൽ എത്തിയതാണ് യു.ഡി.എഫിന് ബത്തേരി നഗരസഭയുടെ ഭരണം ചുണ്ടിനും കപ്പിനുമിടയിൽ നഷ്ടപ്പെടാൻ കാരണമായത്. ചെയർമാൻ അവധിയിൽ പോയതോടെ സി.പി.എം പ്രതിനിധിക്കാണ് ചുമതല. ഈ സാഹചര്യത്തിൽ നേരേത്ത മാണി ഗ്രൂപ്പിനും പിന്നീട് സാബുവിനുമെതിരെ പ്രചാരണം നടത്തിയ കോൺഗ്രസും ലീഗും ഇനി പുതിയ തന്ത്രം പയറ്റണം.
ചില യു.ഡി.എഫ് നേതാക്കൾ അടുത്ത ദിവസങ്ങളിൽ സാബുവിെൻറ നീക്കം അറിയാൻ ബന്ധപ്പെടുന്നുണ്ട്. അതേസമയം, എൽ.ഡി.എഫ് ഘടകകക്ഷികളുമായി സാബു രാഷ്ട്രീയ ചർച്ചകൾ നടത്തി. സി.പി.എം ജില്ല നേതൃത്വം ബേത്തരിയിലെ രാഷ്്ട്രീയപ്രശ്നങ്ങൾ അടുത്തിടെ ചർച്ചചെയ്തിരുന്നു. പാർട്ടി ജില്ല നേതൃത്വവുമായി സാബുവും ചർച്ച നടത്തിയിരുന്നു. മാണി ഗ്രൂപ്പിൽനിന്ന് നേരേത്ത പുറത്താക്കിയ സാബുവിനെതിരെ കൂറുമാറ്റത്തിന് പാർട്ടി തെരഞ്ഞെടുപ്പ് കമീഷനിൽ നൽകിയ പരാതിയിൽ തീരുമാനം വന്നിട്ടില്ല.
കഴിഞ്ഞ തവണ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞതു മുതൽ ബത്തേരിയിലുണ്ടായ നാടകങ്ങളാണ് മാണിഗ്രൂപ്പിനെ യു.ഡി.എഫിൽനിന്ന് അകറ്റിയത്. കേരള കോൺഗ്രസ് ജില്ല പ്രസിഡൻറ് കെ.ജെ. ദേവസ്യയും ടി.എൽ. സാബുവും ഒത്തുകളിക്കുകയാണെന്ന പ്രചാരണമാണ് കോൺഗ്രസും ലീഗും നടത്തിയത്. എന്നാൽ, സാബു മാണി ഗ്രൂപ്പിെൻറ വിപ്പ് ലംഘിച്ച് സി.പി.എമ്മിെൻറ ചേരിയിൽ നിൽക്കുകയും ചെയർമാൻ പദവി വഹിക്കുകയും ചെയ്തു. ഭരണസമിതി കാലാവധി തീരുംവരെ പദവിയിൽ തുടരാനായിരുന്നു നീക്കം. എന്നാൽ, സി.പി.എം ഇടപെടലിനു മുന്നിൽ വഴങ്ങിയാണ് അവധിയെടുത്തത്.
യു.ഡി.എഫിൽ അയിത്തം കൽപിച്ച വയനാട്ടിലെ മാണിഗ്രൂപ് ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിക്ക് വോട്ട് ചെയ്യാൻ തീരുമാനമെടുത്തു. എന്നാൽ, മുന്നണിബന്ധം തുടർന്നും ഉണ്ടായില്ല. സംസ്ഥാനതലത്തിൽ തർക്കം പരിഹരിക്കാൻ ചർച്ചകൾ നടന്നെങ്കിലും ബത്തേരിയിൽ മാണിഗ്രൂപ് പ്രതിനിധിയുടെ നിലപാട് കീറാമുട്ടിയായി.
മുസ്ലിം ലീഗിെൻറ കടുംപിടിത്തവും മാണിഗ്രൂപ്പിനെ അകറ്റാൻ പ്രധാന കാരണമായി. കേരള കോൺഗ്രസ് ജില്ല നേതൃത്വം പിന്നീട് എൽ.ഡി.എഫ് നിലപാട് പരസ്യമായി സ്വീകരിച്ചില്ലെങ്കിലും യു.ഡി.എഫ് ബന്ധം അവസാനിപ്പിച്ച നിലയിലായി. ബത്തേരിയിൽ തുടർഭരണം മുന്നിൽ കണ്ട് സി.പി.എം നടത്തിയ പുതിയ നീക്കമാണ് രാഷ്ട്രീയ അകത്തളങ്ങളിലെ പ്രധാന ചർച്ച.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.