കൽപറ്റ: പിതൃമോക്ഷത്തിന് ബലിതര്‍പ്പണം നടത്താന്‍ കര്‍ക്കടക വാവുബലി ദിനത്തില്‍ വയനാട്ടിലെ വിവിധ ക്ഷേത്രങ്ങളിൽ പതിനായിരങ്ങളെത്തി. തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ഉൾപ്പെടെ ചടങ്ങുകൾ തിങ്കളാഴ്ച പുലർച്ച തന്നെ ആരംഭിച്ചിരുന്നു. മറ്റു ജില്ലകളിൽനിന്ന് ആയിരങ്ങളാണ് ബലിതർപ്പണത്തിനായി തിരുനെല്ലി പാപനാശിനിയിലേക്ക് ഞായറാഴ്ച ഉച്ച മുതൽ ഒഴുകിയെത്തിയത്.
ചടങ്ങുകൾ സുഗമമാക്കാനും ഭക്തജനങ്ങളുടെ സൗകര്യത്തിനും സംവിധാനങ്ങൾ ജില്ല ഭരണ കൂടം പാപനാശിനിയിൽ ഉൾപ്പെടെ ഒരുക്കിയിരുന്നു. ക്രമസമാധാനത്തിന് നിരവധി പൊലീസുകാരെയും വിന്യസിച്ചു. തിരുനെല്ലിയിലേക്ക് പുലർച്ചെ മുതൽ കെ.എസ്.ആർ.ടി.സി പ്രത്യേക സർവിസുകൾ നടത്തി.
തിരുനെല്ലി: പിതൃമോക്ഷ പുണ്യത്തിനായി ബലിതർപ്പണം നടത്താൻ കർക്കടകവാവുബലി ദിനത്തിൽ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിൽ പതിനായിരങ്ങളെത്തി. തിങ്കളാഴ്ച പുലർച്ച മൂന്നിനാരംഭിച്ച ചടങ്ങ് ഉച്ചക്ക് പന്ത്രണ്ടിനാണ് സമാപിച്ചത്. ദർഭയും കൂവ ഇലയിൽ പൊതിഞ്ഞ എള്ളും ഇലയും അരിയും ചന്ദനവും തുളസിയുമായി പാപനാശിനിയിൽ മുങ്ങി ഈറനായെത്തിയ വിശ്വാസികൾ വാധ്യാന്മാർ ചൊല്ലിക്കൊടുത്ത മന്ത്രം ഏറ്റുചൊല്ലി, ഏഴുതലമുറകൾക്ക് ബലിയിട്ട് പിതൃക്കളുടെ മോക്ഷത്തിനായി പ്രാർഥിച്ചു. സ്വകാര്യ, ടാക്സി വാഹനങ്ങൾ കാട്ടിക്കുളത്ത് തടഞ്ഞു. ഇവിടെ നിന്നും കെ.എസ്.ആർ.ടി.സി ബസുകളിലാണ് വിശ്വാസികളെ ക്ഷേത്രത്തിലേക്കെത്തിച്ചത്.
ക്ഷേത്രത്തിലെത്തിയവർക്ക് ദേവസ്വം ഞായറാഴ്ച രാത്രി അത്താഴവും തിങ്കളാഴ്ച രാവിലെ ലഘുഭക്ഷണവും സൗജന്യമായി നൽകി. ഇതര ജില്ലകളിൽനിന്ന് തിരുനെല്ലിയിലേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ പ്രത്യേക സർവിസ് നടത്തി.
ക്ഷേത്രത്തിലെ വിവിധ പ്രവർത്തനങ്ങൾക്ക് എക്സി. ഓഫിസർ കെ.വി. നാരായണൻ നമ്പൂതിരി, പാരമ്പര്യ ട്രസ്റ്റി പി.ബി. കേശവദാസ്, മാനേജർ പി.കെ. പ്രേമചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. മലബാർ ദേവസ്വം ബോർഡ് അസി. കമീഷണർ എൻ.കെ. ബൈജു ഒരുക്കങ്ങൾ വിലയിരുത്തി.
മാനന്തവാടി: കർക്കടകവാവുബലി ദിനത്തിൽ വാടേരി ശിവക്ഷേത്രത്തിന്റെ നേതൃത്വത്തിൽ കബനീ തീരത്തെ വള്ളിയൂർക്കാവ് കടവിൽ ബലിതർപ്പണം നടന്നു. ചടങ്ങുകൾക്ക് കുറിച്യർമൂല പ്രവീൺ അഡിഗ മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് വി.എം. ശ്രീവത്സൻ, വൈസ് പ്രസിഡന്റ് വി.ആർ. മണി, ജനറൽ സെക്രട്ടറി സി.കെ. ശ്രീധരൻ, എം.വി. സുരേന്ദ്രൻ, പി.പി. സുരേഷ്കുമാർ, എ.കെ. സുദർശനാനന്ദൻ, കെ.സി. ശശിധരൻ, കെ.എം. പ്രദീപ് എന്നിവർ നേതൃത്വം നൽകി.
പനമരം: കോളേരി ശ്രീ നാരായണ ഷൺമുഖ ക്ഷേത്രത്തിൽ ബലിതർപ്പണ ചടങ്ങുകൾ വിവിധ പൂജാകർമങ്ങളോടെ നടത്തി. ആയിരകണക്കിന് ഭക്തജനങ്ങളാണ് പിതൃമോക്ഷം തേടി നരസി പുഴക്കരയിൽ ബലിയിടൽ ചടങ്ങിന് എത്തിയത്. പുലർച്ച 5.30 മുതൽ ക്ഷേത്രപരിസരവും ബലിയിടൽ ചടങ്ങ് നടക്കുന്ന നരസി പുഴക്കരയിലും ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. വിപുലമായ സൗകര്യങ്ങൾ സംഘാടകർ ഒരുക്കി. ക്ഷേത്രം തന്ത്രി ബബീഷ്, വിശ്വൻ ശാന്തി തുടങ്ങിയവർ ചടങ്ങുകൾക്ക് കാർമികത്വം വഹിച്ചു. ക്ഷേത്രം ഭരണ സമിതി പ്രസിഡന്റ് കെ.ജി. സിബിൽ, സെക്രട്ടറി മോഹനൻ ഇടമനക്കുളം തുടങ്ങിയവർ നേതൃത്വം വഹിച്ചു.
സുൽത്താൻബത്തേരി: പിതൃതർപ്പണത്തിനായി പൊൻകുഴി ശ്രീരാമക്ഷേത്രത്തിൽ ആയിരങ്ങളെത്തി. വെളുപ്പിന് നാല് മണിയോടെ ചടങ്ങുകൾ തുടങ്ങി. ഒരേ സമയം 500ഓളം പേർക്കാണ് തർപ്പണം ചെയ്യാനായത്. പതിനായിരത്തിനടുത്ത് ആളുകൾ ഇത്തവണ എത്തിയതായി ക്ഷേത്രഭാരവാഹികൾ പറഞ്ഞു. രാവിലെ മുതൽ ബത്തേരിയിൽനിന്ന് കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും പൊൻകുഴിയിലേക് പ്രത്യേകം സർവിസ് നടത്തിയിരുന്നു.
സുൽത്താൻ ബത്തേരി: പുറക്കാടി എസ്.എൻ.ഡി.പി ശാഖയുടെ നേതൃത്വത്തിൽ വർഷങ്ങളായി നടന്ന കര്‍ക്കടക വാവുബലിക്ക് ഇത്തവണ എത്തിയത് ആയിരങ്ങൾ. ക്ഷേത്രക്കടവിൽ പുലർച്ച 4.30 ഓടെ തന്നെ ബലി ഇടാനെത്തിയവരുടെ തിരക്കായിരുന്നു. പുലർച്ച അഞ്ചിന് ചടങ്ങുകൾ തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.