കൽപറ്റ: മലയാളികളെ ഒന്നടങ്കം ഉദ്വേഗത്തിലാഴ്ത്തിയ ഒരു പകലിനൊടുവിലാണ് ആ കോടി ഭാഗ്യവാൻ വയനാട്ടുകാരനല്ലെന്ന് തെളിയുന്നത്. ഓണം ബംപർ ഭാഗ്യക്കുറിയുടെ 12 കോടി രൂപ അടിച്ചതാർക്കെന്ന അന്വേഷണത്തിനിടെയാണ് ദുബൈയിൽ ഹോട്ടൽ ജീവനക്കാരനായ പനമരം സ്വദേശി സൈതലവി അവകാശവാദം ഉന്നയിക്കുന്നത്. നാട്ടിലെ സുഹൃത്ത് വഴിയാണ് ടിക്കറ്റെടുത്തതെന്നും ഗൂഗിൾ പേ വഴി പണം നൽകിയെന്നുമായിരുന്നു അവകാശവാദം. ടിക്കറ്റെടുത്ത് നൽകിയ സുഹൃത്ത് അപ്പോഴും കാണാമറയത്തായിരുന്നു. ഇതിനിടെ വാർത്ത വീട്ടുകാരും അറിഞ്ഞു. രാവിലെ വിളിച്ച് ലോട്ടറി അടിച്ചത് നമുക്കാണെന്നും ജോലി തിരക്ക് കഴിഞ്ഞ് പിന്നെ വിളിക്കാമെന്നും മാത്രമാണ് സൈതലവി വീട്ടുകാരോട് പറഞ്ഞത്. ആ വാക്ക് കേട്ട് കുടുംബവും വലിയ പ്രതീക്ഷയിലായിരുന്നു. കൊല്ലം കോട്ടമുക്ക് ഏജൻസിയിലൂടെയാണ് ബംപറടിച്ച ടിക്കറ്റ് വിറ്റിരുന്നതെന്ന് നേരത്തേ കണ്ടെത്തിയിരുന്നു.
ഇതിനിടെ, സുഹൃത്ത് ടിക്കറ്റുമായി വീട്ടിലേക്ക് വരുന്നുണ്ടെന്നും അഭ്യൂഹങ്ങൾ പടരുന്നു. വൈകീട്ടോടെയാണ് വയനാട് നാലാംമൈലിലുള്ള സുഹൃത്ത് അഹമ്മദിനെ മാധ്യമങ്ങൾക്ക് ബന്ധപ്പെടാനായത്. ഫേസ്ബുക്കിൽനിന്ന് കിട്ടിയ ലോട്ടറി ടിക്കറ്റിെൻറ ചിത്രം സൈതലവിക്ക് ഞായറാഴ്ച വൈകീട്ട് വാട്സ്ആപ് വഴി അയച്ചുകൊടുത്തിരുന്നെന്നും അതല്ലാതെ അദ്ദേഹത്തിന് ലോട്ടറി ടിക്കറ്റ് എടുത്തുകൊടുത്തില്ലെന്നും ഇദ്ദേഹം വെളിപ്പെടുത്തി. താൻ ടിക്കറ്റ് എടുക്കുന്ന ആളല്ല. തെറ്റിദ്ധാരണമൂലമാകാം ടിക്കറ്റ് അടിച്ചത് തനിക്കെന്ന് സൈതലവി അവകാശപ്പെട്ടതെന്നും ഇദ്ദേഹം വ്യക്തമാക്കി. ഇതോടെ വീണ്ടും ആകാംക്ഷ. ഇതിനിടെയാണ് തിരുവോണം ബംപർ എറണാകുളം മരട് സ്വദേശി ജയപാലനാണ് അടിച്ചതെന്ന് സ്ഥിരീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.