കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ പെട്ട റവന്യൂ പട്ടയഭൂമികളില്‍നിന്നു അനധികൃതമായി മരം മുറിച്ചതിനെത്തുടര്‍ന്ന് പിടിച്ചെടുത്ത് കുപ്പാടി ഡിപ്പോയില്‍ സൂക്ഷിച്ച തടികളുടെ സംരക്ഷണം മുന്‍നിര്‍ത്തി ജില്ലാ കോടതി പുറപ്പെടുവിച്ച ഉത്തരവ് വനം വകുപ്പ് നടപ്പിലാക്കിയില്ല. തടികള്‍ മേല്‍ക്കൂരയുള്ള ഷെഡില്‍ നിലത്തുനിന്നു മതിയായ ഉയരത്തില്‍ വെയിലോ മഴയോ ഈര്‍പ്പമോ തട്ടാതെ കേസ് തീര്‍പ്പാകുന്നതുവരെ സൂക്ഷിക്കണമെന്നാണ് ജനുവരി 12ലെ കോടതി ഉത്തരവ്.
ഇത് പ്രാവര്‍ത്തികമാക്കുന്നതിനു ഒരു മാസത്തെ സാവകാശമാണ് കോടതി അനുവദിച്ചതെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും തടികളുടെ സംരക്ഷണത്തിനു വനം വകുപ്പ് ആവശ്യമായ നടപടി സ്വീകരിച്ചിട്ടില്ല. മുട്ടില്‍ സൗത്ത് വില്ലേജില്‍നിന്നു മുറിച്ച 231 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് കുപ്പാടി വനം ഡിപ്പോയിലുള്ളത്. സുല്‍ത്താന്‍ ബത്തേരി പുത്തന്‍കുന്നില്‍നിന്നു മുറിച്ച 18.75 മീറ്റര്‍ തേക്കും ഇതേ ഡിപ്പോയിലുണ്ട്.
കുപ്പാടി ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന ഈട്ടിത്തടികള്‍ കണ്ടുകെട്ടുന്നതു സ്റ്റേ ചെയ്യുന്നതിനു കേസില്‍ ഉള്‍പ്പെട്ട അഗസ്റ്റിന് സഹോദരന്മാര് ജില്ല കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ വാദം കേള്‍ക്കുന്ന സമയത്ത് കസ്റ്റഡിയിലുള്ള മരത്തടികള്‍ വെയിലും മഴയുമേറ്റ് നശിക്കാന്‍ സാധ്യതയുണ്ടന്ന് വനം വകുപ്പ് കോടതിയില്‍ സമ്മതിച്ചിരുന്നു.
തടികള്‍ ലേലം ചെയ്യുന്നതുവരെ സംരക്ഷിക്കുന്നിതിനുള്ള സംവിധാനം വനം വകുപ്പിനുണ്ടെന്നും സൗത്ത് വയനാട് ഡി.എഫ്.ഒ കോടതിയെ അറിയിച്ചിരുന്നു. റവന്യൂ പട്ടയ ഭൂമിയിലെ വൃക്ഷവില അടച്ചതും സ്വയം കിളിര്‍ത്തതും നട്ടുവളര്‍ത്തിയതുമായ മരങ്ങളില്‍ ചന്ദനം ഒഴികെയുള്ളവ മുറിച്ചെടുക്കുന്നതിനു കൈവശക്കാരെ അനുവദിച്ച് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ 2020 ഒക്ടോബര്‍ 24ലെ ഉത്തരവിന്റെ മറവിലാണ് വയനാട്ടിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ റവന്യൂ പട്ടയഭൂമികളില്‍ ഈട്ടി, തേക്ക് മുറി നടന്നത്.
മുട്ടില്‍ സൗത്ത് വില്ലേജില്‍ മുറിച്ച മരങ്ങള്‍ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് ഡിപ്പോയിലേക്ക് മാറ്റിയത്. മഴകൊണ്ടും വെയിലേറ്റ് വിള്ളലുകള്‍ രൂപപ്പെട്ടും നിറം മങ്ങിയും ഈ തടികളുടെ ഗുണനിലവാരം അനുദിനം കുറയുകയാണ്. റവന്യൂ പട്ടയ ഭൂമികളില്‍ നടന്ന മരം മുറിയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്രം ഇതുവരെ സമര്‍പ്പിച്ചിട്ടില്ല.
പൊതുമുതല്‍ നശിപ്പിച്ചിച്ചതിനടക്കം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഒറ്റക്കേസായാണ് പ്രത്യേക സംഘം അന്വേഷിക്കുന്നത്. പിടിച്ചെടുത്ത ഈട്ടിത്തടികളുടെ ഡി.എന്‍.എ പരിശോധനാഫലം ലഭിക്കാത്തതാണ് കുറ്റപത്ര സമര്‍പ്പണം വൈകുന്നതിനു കാരണമെന്ന് അറിയുന്നത്. പ്രായം കണക്കാക്കുന്നതിനാണ് തടികളുടെ സാംപിള്‍ തൃശൂര്‍ പീച്ചിയിലെ വനം ഗവേഷണ കേന്ദ്രത്തില്‍ ഡി.എന്‍.എ പരിശോധനയക്ക് അയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.