ക​ല​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ജി​ല്ല വി​ക​സ​ന സ​മി​തി യോ​ഗം

കര്‍ഷകർക്ക് ജപ്തിഭീഷണി: സര്‍ക്കാര്‍ ഇടപെടണമെന്ന് ജില്ല വികസനസമിതി

കൽപറ്റ: ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത കര്‍ഷകര്‍ നേരിടുന്ന ജപ്തിഭീഷണി ഒഴിവാക്കാന്‍ സര്‍ക്കാറിന്റെ ഇടപെടല്‍ ആവശ്യമാണെന്ന് ജില്ല വികസന സമിതി. മൊറട്ടോറിയം കാലാവധി തീര്‍ന്നതോടെ ജില്ലയിലെ നാലായിരത്തോളം കര്‍ഷകര്‍ക്കാണ് തിരിച്ചടവ് മുടങ്ങിയതുമൂലം ബാങ്കുകള്‍ സര്‍ഫാസി നിയമപ്രകാരം ജപ്തി നോട്ടീസ് നല്‍കിയിരിക്കുന്നത്. പരാതികള്‍ വർധിക്കുന്ന സാഹചര്യത്തില്‍ വിഷയത്തില്‍ അടിയന്തര ഇടപെടലുകള്‍ ആവശ്യപ്പെട്ട് ജില്ല കലക്ടര്‍ സര്‍ക്കാറിന് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്നും ജില്ല വികസന സമിതി ആവശ്യപ്പെട്ടു.

വേനല്‍ കടുക്കുന്നതോടെ വരള്‍ച്ച സാധ്യതയുള്ള മേഖലകളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണമെന്ന് വികസനസമിതി യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി. ജലസ്രോതസ്സുകളിലെ ചെക്ക് ഡാം നിർമാണ പ്രവര്‍ത്തനങ്ങള്‍ അടിയന്തരമായി പൂര്‍ത്തീകരിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഏറ്റെടുക്കുന്ന കുഴല്‍ക്കിണര്‍ നിർമാണ പ്രോജക്ടുകളുടെ അനുമതി അപേക്ഷകളില്‍ 2021 നവംബര്‍ മുതല്‍ ഫെബ്രുവരി വരെ 268 അപേക്ഷകള്‍ പൂര്‍ത്തിയാക്കിയതായി ഭൂജലവകുപ്പ് ജില്ല മേധാവി അറിയിച്ചു.

കുറുക്കന്‍മൂലയിലും സമീപ പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ കൊല്ലപ്പെട്ട 14 പേര്‍ക്കുള്ള നഷ്ടപരിഹാര തുക അടിയന്തരമായി വിതരണം ചെയ്യണമെന്ന് യോഗം വയനാട് ഡി.എഫ്.ഒയോട് ആവശ്യപ്പെട്ടു. സ്‌കൂള്‍ പ്രവൃത്തിസമയത്ത് ടിപ്പര്‍ ലോറികള്‍ ഓടുന്നതുമായി ബന്ധപ്പെട്ട് നിയമപ്രകാരമുള്ള സമയക്രമം ഉറപ്പാക്കണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഇക്കാര്യത്തില്‍ പൊലീസിന്റെയും മോട്ടോര്‍ വാഹന വകുപ്പിന്റെയും അടിയന്തര ഇടപെടലുകള്‍ വേണമെന്നും നിർദേശിച്ചു.പദ്ധതി പുരോഗതി 50 ശതമാനത്തില്‍ കുറവുള്ള വകുപ്പുകള്‍ നിർവഹണ പുരോഗതി ത്വരിതപ്പെടുത്തണമെന്ന് വികസന സമിതി നിർദേശിച്ചു. സാമ്പത്തിക വര്‍ഷം അവസാനിക്കാറായ സാഹചര്യത്തില്‍ മുഴുവന്‍ വകുപ്പുകളും പദ്ധതിനിര്‍വഹണം വേഗത്തിലാക്കണമെന്നും യോഗം നിര്‍ദേശിച്ചു. ജില്ല ആസൂത്രണ ഭവനില്‍ ചേര്‍ന്ന വികസനസമിതി യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, എ.ഡി.എം എന്‍.ഐ. ഷാജു, ജില്ല പ്ലാനിങ് ഓഫിസര്‍ ആര്‍. മണിലാല്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags:    
News Summary - The district development committee said government intervention was needed to avert the threat of foreclosure faced by farmers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.