കൽപറ്റ: പലചരക്ക് മൊത്തവ്യാപാര സ്ഥാപനത്തിലേക്ക് ലോഡുമായി വന്ന ലോറി ആക്സില്‍ പൊട്ടി മണിക്കൂറുകൾ റോഡില്‍ കുറുകെ കിടന്നതിനെത്തുടർന്ന് കൽപറ്റ നഗരത്തെ വീര്‍പ്പുമുട്ടിച്ച് ഗതാഗതക്കുരുക്ക്. ഒമ്പത് മണിക്കൂറോളമാണ് നഗരത്തിലെ ഗതാഗതം തടസ്സപ്പെട്ടത്. തടസ്സം പരിഹരിക്കാന്‍ വാഹനങ്ങള്‍ പൊലീസ് വഴി തിരിച്ചുവിട്ടും ട്രാഫിക് നിയന്ത്രിച്ചും കിണഞ്ഞുശ്രമിച്ചെങ്കിലും ഗതാഗതക്കുരുക്കിന് ശമനമുണ്ടായില്ല. ചുങ്കം ജങ്ഷനും പുതിയ സ്റ്റാൻഡിനും ഇടയിൽ ദേശീയ പാതയിലാണ് ലോറി കുടങ്ങിയത്. വ്യാപാര സ്ഥാപനത്തിന്റെ ഗോഡൗണിലേക്ക് ലോഡിറക്കാനായി വാഹനം പുറകിലേക്കെടുക്കുന്നതിനിടെയാണ് റോഡിന്റെ നടുവിലായി ആക്സില്‍ പൊട്ടി നിന്നത്. വ്യാഴാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. കുറഞ്ഞ സമയത്തിനകം തന്നെ നഗരമൊന്നാകെ സ്തംഭനത്തിലേക്ക് നീങ്ങി. ട്രാഫിക് ജങ്ഷനിലും കൈനാട്ടി ജങ്ഷനിലുമെല്ലാം പൊലീസ് വാഹനങ്ങള്‍ ബൈപാസ് വഴി തിരിച്ചുവിട്ട് കുരുക്കിന് അയവുവരുത്താൻ ശ്രമിച്ചെങ്കിലും നഗരത്തിനുള്ളിൽ കുരുക്ക് മുറുക്കി. ആംബുലന്‍സുകള്‍ ഉൾപ്പെടെ ഗതാഗതക്കുരുക്കില്‍ പെട്ടു. ലോറി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ക്രെയിന്‍ എത്തിച്ച് ലോറി മാറ്റാൻ ശ്രമിച്ചെങ്കിലും വീണ്ടും യന്ത്രത്തകരാറുണ്ടായത് വിനയായി. വൈകീട്ട് ആറുമണിയോടെയാണ് ലോറി മാറ്റാനായത്. ഈ സമയമത്രയും മഴയും വെയിലും അവഗണിച്ച് പൊലിസ് ഉദ്യോഗസ്ഥര്‍ റോഡിലിറങ്ങി ഗതാഗതം നിയന്ത്രിക്കുകയായിരുന്നു. ഗതാഗതം തടസ്സപ്പെടുത്തിയതിന് ലോറി ഡ്രൈവര്‍ക്കെതിരെ കല്പറ്റ പൊലീസ് കേസെടുത്തിട്ടുണ്ട്. നഗരത്തിലെ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി വര്‍ഷങ്ങള്‍ക്ക് മുമ്പ് പകൽ സമയങ്ങളില്‍ ചരക്കുവാഹനങ്ങള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നത് വിലക്കിയിരുന്നു. എന്നാല്‍ ഇത് നടപ്പില്‍ വരുത്തുന്നതില്‍ അധികൃതര്‍ ജാഗ്രത കാണിച്ചിരുന്നില്ല. ലോറി കുടുങ്ങിയ ഇടത്തെ കെട്ടിടം റോഡ് വികസനത്തിന് വിഘാതമാണെന്ന് നേരത്തേ ആരോപണമുയർന്നിരുന്നു. ഈ കെട്ടിടത്തിന്റെ ഇരുവശങ്ങളിലും ഓവുചാല്‍ നിർമാണം പൂര്‍ത്തിയായിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും ഇതിനുമുന്നിൽ മുടങ്ങിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.