കൽപറ്റ: വൈദ്യുതി വാഹനങ്ങള്‍ നിരത്തുകള്‍ കീഴടക്കാനെത്തുമ്പോള്‍ പ്രോത്സാഹനവുമായി കെ.എസ്.ഇ.ബിയും. ചാര്‍ജിങ് സ്റ്റേഷനുകളില്ലെന്ന ഉടമകളുടെ ആശങ്കക്ക് പരിഹാരമായി 15 ചാർജിങ് പോയന്റുകളാണ് ജില്ലയില്‍ വരുന്നത്. വൈദ്യുതിത്തൂണുകളിൽ സ്ഥാപിക്കുന്ന പ്ലഗ് പോയന്റുകളില്‍നിന്ന് ചാര്‍ജ് ചെയ്യുന്ന സംവിധാനമായ പോള്‍ മൗണ്ടഡ് ചാര്‍ജിങ് പോയന്റുകളാണ് കെ.എസ്.ഇ.ബി ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്.
സുല്‍ത്താന്‍ ബത്തേരി, കൽപറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിലായി അഞ്ചു വീതം സ്ഥലങ്ങളില്‍ ചാർജ് ചെയ്യാനുള്ള കേന്ദ്രങ്ങള്‍ ഉണ്ടാകും. മാനന്തവാടിയില്‍ മാനന്തവാടി ടൗണ്‍, പനമരം, തലപ്പുഴ, നാലാം മൈല്‍, വെള്ളമുണ്ട എന്നിവിടങ്ങളില്‍ ചാർജ് ചെയ്യാം. ബത്തേരിയില്‍ ബത്തേരി ടൗണ്‍, പുൽപള്ളി, മീനങ്ങാടി, കേണിച്ചിറ, അമ്പലവയല്‍ എന്നിവിടങ്ങളിലും കല്പറ്റയില് കല്പറ്റ ടൗണ്‍, എസ്.കെ.എം.ജെ സ്കൂള്‍, മേപ്പാടി, മുട്ടില്‍, കമ്പളക്കാട് എന്നിവിടങ്ങളിലും ചാര്‍ജിങ് പോയന്റുകള്‍ ഉണ്ടാകും. കേന്ദ്രങ്ങളില്‍ പണം അടച്ച് ചാര്‍ജ് ചെയ്യുന്ന സംവിധാനത്തോടൊപ്പം ഓണ്‍ലൈനായും പണമടക്കാം.
ചാര്‍ജിങ് പോയന്റുകള്‍ക്ക് പുറമേ ചാര്‍ജിങ് സ്റ്റേഷനുകളും തുടങ്ങാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ഇ.ബി. നിലവില്‍ വൈത്തിരിയില്‍ സ്റ്റേഷന് നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്.
രണ്ടു മാസത്തിനുള്ളില്‍ കമീഷന് ചെയ്യും. പടിഞ്ഞാറത്തറ ബാണാസുര ഡാം പരിസരത്തും സ്റ്റേഷന് സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
അടുത്ത ഘട്ടത്തില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സര്‍ക്കാര്‍ ഓഫിസുകളിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കർമപരിപാടിയില്‍ ഉൾപ്പെടുത്തിയാണ് വൈദ്യുതി വാഹന ഉടമകള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.