കൽപറ്റ: പടിഞ്ഞാറത്തറ പൊലീസ് പരിധിയില്‍ മീന്മുട്ടിക്കു സമീപം പൊലീസ് വെടിവെപ്പില്‍ മാവോവാദി യുവാവ് വേൽമുരുകൻ കൊല്ലപ്പെട്ട സംഭവത്തില്‍ ക്രിമിനല്‍ നടപടിച്ചട്ടം സെക്ഷന്‍ 176 പ്രകാരം മജിസ്ട്രേറ്റ്തല അന്വേഷണത്തിന് വയനാട് ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് നല്കാൻ ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി ടി.കെ. ജോസ് ഉത്തരവില്‍ നിർദേശിച്ചു.
കഴിഞ്ഞ രണ്ടിനാണ് വനത്തിൽ വേൽമുരുകനെ തണ്ടർബോൾട്ട് സേന വെടിവെച്ചുകൊന്നത്. ഏറ്റുമുട്ടൽ ആണെന്നാണ് പൊലീസ് വിശദീകരണം. വ്യാജ ഏറ്റമുട്ടലാണെന്നാണ് ബന്ധുക്കളും മനുഷ്യാവകാശ സംഘടനകളും ആരോപിച്ചത്. സി.പി.ഐ ഉൾപ്പെടെ വിവിധ സംഘടനകളും പ്രതിപക്ഷവും സംഭവത്തെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വെടിവെപ്പ് ഏകപക്ഷീയമാണെന്നാണ് സി.പി.ഐ നിലപാട്.
േവൽമുരുകനെ വെടിവെച്ചുകൊന്ന തണ്ടർബോൾട്ട് സേനാംഗങ്ങൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സഹോദരൻ അഡ്വ. മുരുകൻ വയനാട് സെഷൻസ് കോടതിയിൽ ഹരജി നൽകിയിട്ടുണ്ട്. വേൽമുരുകനെ പിടികൂടിയ ശേഷമാണ് വെടിവെച്ചത് എന്നതിന് തെളിവാണു ദേഹത്ത് കാണപ്പെട്ട മുറിവുകളെന്ന് ബന്ധുക്കൾ പറഞ്ഞു.
നവംബർ 17ന് വയനാട് കലക്ടറേറ്റിനു മുന്നിൽ കേരളത്തിലെ ഏറ്റുമുട്ടൽ കൊലകൾ സിറ്റിങ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് കൊല്ലപ്പെട്ട സി.പി. ജലീലിെൻറയും വേൽമുരുകെൻറയും കുടുംബവും മനുഷ്യാവകാശ പ്രവർത്തകരും നിരാഹാര സമരം നടത്തും.
വൈത്തിരി പൊലീസ് പരിധിയിൽ ഉപവൻ റിസോർട്ടിനു സമീപം ഒരുവർഷം മുമ്പ് സി.പി. ജലീലിനെ വെടിവെച്ചുകൊന്ന സംഭവത്തിൽ അന്നത്തെ ജില്ല കലക്ടർ അജയകുമാർ നടത്തിയ മജിസ്ട്രേറ്റ്തല അന്വേഷണത്തിൽ പൊലീസ് നിലപാട് ആവർത്തിക്കുകയായിരുന്നു.
ഫോറൻസിക് റിപ്പോർട്ട് പരിഗണിക്കാതെയാണ് ജലീലിെൻറ കേസിൽ അന്വേഷണം പൂർത്തിയാക്കിയതെന്ന ആരോപണവും ഉണ്ട്. ഫോറൻസിക് റിപ്പോർട്ട് പ്രകാരം ജലീലിെൻറ മൃതദേഹത്തിനു സമീപത്തുനിന്ന് പൊലീസ് ഹാജരാക്കിയ തോക്കിൽനിന്ന് വെടിയുതിർത്തതായി തെളിവില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.