കെ. സുരേന്ദ്രൻ

ശബ്ദ പരിശോധന കേന്ദ്ര ലാബിൽ നടത്തണം: സുരേന്ദ്രന്‍റെ ഹരജി 13ന് പരിഗണിക്കും

കൽപറ്റ: സുൽത്താൻ ബത്തേരി കോഴക്കേസുമായി ബന്ധപ്പെട്ട ശബ്ദ പരിശോധന കേന്ദ്ര സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലബോറട്ടറിയിൽ നടത്തണമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍റെ ഹരജി 13ന് പരിഗണിക്കും. ബത്തേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹരജി നൽകിയത്.

കോടതി ഉത്തരവിനെ തുടർന്ന് കഴിഞ്ഞ ഒക്ടോബർ 11ന് സുരേന്ദ്രനും കേസിലെ മുഖ്യസാക്ഷി പ്രസീത അഴീക്കോടും കാക്കനാട് ചിത്രാഞ്ജലി സ്റ്റുഡിയോയിലെത്തി ശബ്ദ സാമ്പ്ൾ നൽകിയിരുന്നു. ശബ്ദ സാമ്പ്ൾ ശേഖരിച്ച് സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധന നടത്താൻ അനുമതി തേടിയാണ് കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം കോടതിയെ സമീപിച്ചത്.

എന്നാൽ, സംസ്ഥാനത്തെ ലാബുകളേക്കാൾ വിശ്വാസ്യത കേന്ദ്ര സർക്കാറിനു കീഴിലുള്ള ഫോറൻസിക് ലാബുകൾക്കാണെന്നും സംസ്ഥാനത്തെ ലാബുകളിൽ കൃത്രിമം നടത്താനുള്ള സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സുരേന്ദ്രൻ കോടതിയിൽ ഹരജി നൽകിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ സുൽത്താൻ ബത്തേരി മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയാകൻ സുരേന്ദ്രൻ ജനാധിപത്യ രാഷ്ട്രീയ പാർട്ടി (ജെ.ആർ.പി) സംസ്ഥാന അധ്യക്ഷ സി.കെ. ജാനുവിന് 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്.

വെള്ളിയാഴ്ച ജാനുവിന്‍റെയും ബി.ജെ.പി വയനാട് ജില്ല ജനറൽ സെക്രട്ടറി പ്രശാന്ത് മലവയലിന്‍റെയും പ്രസീതയുടെയും ശബ്ദ സാമ്പ്ൾ ശേഖരിച്ചിരുന്നു. കേസിൽ സുരേന്ദ്രൻ ഒന്നാം പ്രതിയും ജാനു രണ്ടാം പ്രതിയുമാണ്.

Tags:    
News Summary - Voice test should be done in the central lab: Surendran's petition will be considered on monday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.