കൽപറ്റ: കാട്ടാന ആക്രമണങ്ങൾക്ക് അറുതിയില്ലാതെ സംസ്ഥാനം. കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയനാട് കല്ലൂർ കല്ലുമുക്ക് മാറോട് കോളനിയിലെ രാജുവിന്റെ മരണമാണ് അവസാനത്തേത്. ഞായറാഴ്ച രാത്രി വീടിന് സമീപത്താണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചത്. ചൊവ്വാഴ്ച കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. രാജുവിന്റെ ജ്യേഷ്ഠന്റെ മകൻ ബിജുവിനെ മൂന്നുവർഷംമുമ്പ് കാട്ടാന ആക്രമിച്ചിരുന്നു. നട്ടെല്ലിനു പരിക്കേറ്റ ബിജു ഇപ്പോഴും കിടപ്പിലാണ്. വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വർധിക്കുമ്പോഴും കണ്ണിൽ പൊടിയിടുന്ന നടപടികളാണ് വനം വകുപ്പിന്റെയും ഭരണകൂടത്തിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നത്. കഴിഞ്ഞ അഞ്ചുവർഷം മാത്രം സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ നഷ്ടമായത് 124 ജീവനുകളാണ്. പ്രതിരോധത്തിന് സർക്കാറുകൾ കോടികൾ ചെലവഴിക്കുമ്പോഴും 523 മനുഷ്യരാണ് ഇക്കാലയളവിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അയ്യായിരത്തിലധികം ആളുകൾക്ക് പരിക്കേൽക്കുകയുംചെയ്തു.
43 വർഷത്തിനിടെ വയനാട്ടിൽ 150 ലധികംപേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് കണക്കുകൾ. ഇതിൽ 44ഉം കാട്ടാന ആക്രമണത്തിലാണ്. 150ൽ 51 പേരുടേയും ജീവനെടുത്തത് 10 വർഷത്തിനിടെയാണെന്നത് അടുത്തകാലത്തായി വന്യജീവി ആക്രമണങ്ങൾ വർധിച്ചുവെന്നാണ് സൂചിപ്പിക്കുന്നത്. ഈ വർഷം മാത്രം ജില്ലയിൽ അഞ്ചുപേർ കൊല്ലപ്പെട്ടു.
വയനാട് വന്യജീവി മേഖലയില്‍ നടത്തിയ കണക്കെടുപ്പിൽ വന്യജീവികളുടെ എണ്ണം വർധിച്ചതായി കണ്ടെത്തിയിരുന്നു. ഇതുകാരണം വന്യമൃഗ ആക്രമണം ഉണ്ടാകുന്നതായാണ് വനം മന്ത്രി എ.കെ. ശശീന്ദ്രന് നിയമസഭയിൽ പറഞ്ഞത്. രണ്ടുവര്‍ഷംമുമ്പ് വനംവകുപ്പ് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാന സർക്കാർ 620 കോടി രൂപ ചെലവ് വരുന്ന പദ്ധതി കേന്ദ്ര സർക്കാറിന് സമര്‍പ്പിച്ചിരുന്നുവെങ്കിലും നിരസിച്ചു.
2022 മുതല്‍ 2023 വരെ കാലയളവിൽ 1472 കി.മീറ്റര്‍ ദൂരം കേരളത്തില്‍ പ്രതിരോധ ബാരിക്കേഡുകളും കിടങ്ങുകളും സ്ഥാപിച്ചതായാണ് മന്ത്രി വിശദീകരിച്ചത്. ഇതിനുപുറമേ നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 68 കോടി ചെലവിൽ 801.24 കി.മീറ്റർ നീളത്തിൽ തൂക്കുവേലി സ്ഥാപിക്കുമെന്ന് പറയുന്നുണ്ടെങ്കിലും പദ്ധതികൾ വേണ്ടത്ര ഫലപ്രദമാകുന്നില്ലെന്ന് അടിക്കടിയുണ്ടാകുന്ന വന്യമൃഗ ആക്രമണങ്ങൾ വ്യക്തമാക്കുന്നു. ആയിരക്കണക്കിന് ഹെക്ടർ കാർഷികവിളകൾ അഞ്ചുവർഷത്തിനിടെ നശിച്ചതിന് പുറമെ നൂറുകണക്കിന് വളർത്തുമൃഗങ്ങളെയും കർഷകർക്ക് നഷ്ടമായി. 33,000 ത്തോളം കർഷകരാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സർക്കാറിന് അപേക്ഷ നൽകിയത്. ഭൂവിസ്തൃതിയിൽ മൂന്നിലൊന്ന് വനപ്രദേശമായ കേരളത്തിൽ ഓരോവർഷവും 25 കോടിയോളം രൂപ വന്യജീവി പ്രതിരോധത്തിന് ചെലവിടുന്നുണ്ട്. കേന്ദ്ര വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യത്തിന് ഭരണകൂടം ഇതുവരെ ചെവി കൊടുത്തിട്ടില്ല.
കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ ഗൃഹനാഥൻ മരിച്ചു
സുൽത്താൻ ബത്തേരി: കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കല്ലൂർ കല്ലുമുക്ക് മാറോട് കോളനിയിലെ രാജു (48) മരിച്ചു. ചൊവ്വാഴ്ച ഉച്ചക്ക് ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിയിലായിരുന്നു മരണം. ഞായറാഴ്ച രാത്രി വീടിന് സമീപത്താണ് ഇദ്ദേഹത്തെ കാട്ടാന ആക്രമിച്ചത്. പ്രദേശത്തെ രൂക്ഷമായ കാട്ടാനശല്യം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ നാട്ടുകാർ കല്ലൂരിൽ ദേശീയപാത ഉപരോധിച്ചിരുന്നു. ഭാര്യ: പുഷ്പ. മക്കൾ: ആദർശ്, അവന്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.