കല്പറ്റ: വയനാട് ഗവ. മെഡിക്കൽ കോളജിനെതിരെ വീണ്ടും പരാതി. കൃത്യമായ ചികിത്സ ലഭ്യമാക്കാത്തതാണ് കൊയിലേരിയിലെ ടാക്സി ഡ്രൈവര്‍ ബിജു വര്‍ഗീസ് മരിക്കാൻ കാരണമായതെന്ന് ഭാര്യാസഹോദരൻ മാനന്തവാടിയിലെ ഫോട്ടോഗ്രാഫര്‍ ഷോബിന്‍ സി. ജോണി വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
മൂക്കിലൂടെയും വായിലൂടെയും രക്തം വന്നതിനെത്തുടര്‍ന്ന് ഫെബ്രുവരി 29ന് പുലര്‍ച്ച 4.20ന് ബിജുവിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചിരുന്നു. ഡ്യൂട്ടി ഡോക്ടര്‍ വിശദ പരിശോധന നടത്താതെ, ആമാശയത്തില്‍ പൊട്ടലുണ്ടായതുകൊണ്ടാണ് രക്തം വരുന്നതെന്നാണ് അഭിപ്രായപ്പെട്ടത്. ഗ്യാസ്ട്രോ വിഭാഗം ഇവിടെയില്ലെന്നും രോഗിയെ സൗകര്യമുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതാണ് നല്ലതെന്നും ഡോക്ടർ ഉപദേശിച്ചു. കല്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച ബിജുവിന് വെന്റിലേറ്റര്‍ സൗകര്യമൊരുക്കി മറ്റൊരു ആംബുലന്‍സില്‍ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ തലച്ചോറിന്റെ ഉള്‍ഭാഗത്ത് വലിയ തോതില്‍ രക്തസ്രാവം കണ്ടെത്തി. ഈ അവസ്ഥയില്‍ രോഗിയെ ശസ്ത്രക്രിയ ചെയ്യാനാകില്ലെന്ന് അറിയിച്ച ഡോക്ടര്‍മാര്‍ സെറിബ്രല്‍ ആന്‍ജിയോപ്ലാസ്റ്റി സൗകര്യമുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ബിജുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അടുത്ത ദിവസം മരിക്കുകയായിരുന്നു. രോഗനിര്‍ണയവും ചികിത്സയും മാനന്തവാടി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ ബിജു വര്‍ഗീസിന്റെ ജീവൻ നഷ്ടമാകില്ലായിരുന്നുവെന്ന് ഷോബിന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.