കൽപറ്റ: നീണ്ട ഇടവേളക്കുശേഷം വയനാട് എം.പി രാഹുൽ ഗാന്ധി ജില്ലയിൽ എത്തുമ്പോൾ വിവിധ വിഷയങ്ങൾ ചർച്ചയാവുന്നു. വയനാട് ഗവ. മെഡിക്കൽ കോളജ്, ചുരം ബദൽ പാത, രൂക്ഷമായ വന്യമൃഗശല്യം, രാത്രിയാത്ര നിരോധനം തുടങ്ങിയ ജില്ലയുടെ അടിസ്ഥാന പ്രശ്നങ്ങളിൽ എം.പിയുടെ ഇടപെടലുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ജില്ല ആശുപത്രി മെഡിക്കൽ കോളജായി ഉയർത്തിയെങ്കിലും ആവശ്യത്തിന് ഫണ്ട് ഉൾപ്പെടെ ലഭിക്കാത്തതിനാൽ അടിസ്ഥാന സൗകര്യങ്ങൾ ഇന്നും അകലെയാണ്. വയനാട് ചുരം പാതയുടെ വികസനവും ബദൽ പാതകളുടെ തുടർ നടപടിയിലുമെല്ലാം എം.പിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണ്. പ്രധാനമന്ത്രി തറക്കല്ലിട്ട റൂസാ കോളജിന്റെ പ്രവർത്തനം തുടങ്ങാൻ ഫണ്ട് ലഭ്യമാക്കാനും കേരളത്തിലെ ഏക ആസ്പിരേഷൻ ജില്ലയായ വയനാടിന് പദ്ധതിയിൽ ലഭിക്കേണ്ട തുക ഉൾപ്പെടെ സമയബന്ധിതമായി ലഭ്യമാക്കാനും എം.പിയുടെ ഇടപെടൽ ആവശ്യമുണ്ട്.
മെഡിക്കൽ കോളജിന് കേന്ദ്രത്തിൽനിന്ന് ലഭിക്കേണ്ട സാമ്പത്തിക സഹായം അപേക്ഷ സമയം കഴിഞ്ഞെന്ന പേരിൽ കേന്ദ്ര സർക്കാർ നിരാകരിക്കുന്ന സമീപനം തിരുത്തി സഹായത്തിനുള്ള നടപടികളുണ്ടാകണം. ജില്ല ആശുപത്രിയായിരുന്നപ്പോൾ അന്നത്തെ എം.പി 2011ൽ നൽകിയ സി.ടി സ്കാൻ കാലപ്പഴക്കത്താൽ ഇടക്കിടക്ക് കേടാവുന്നത് പതിവാണ്. ഇപ്പോൾ പിക്ചർ ട്യൂബ് ഉൾപ്പെടെ ഇടക്കിടക്ക് പ്രവർത്തനരഹിതമാകുന്നതോടെ സ്കാനിങ് സേവനം നൽകാനാകുന്നില്ല. അറ്റകുറ്റപ്പണിക്കായി 65 ലക്ഷം രൂപ ചെലവഴിക്കണം. നന്നാക്കിയാലും പുതിയ സി.ടി സ്കാൻ ലഭ്യമാക്കേണ്ടതുണ്ട്. ഇതിനായി എം.പി ഫണ്ടിൽനിന്ന് തുക വകയിരുത്തുന്നതിനുള്ള നടപടിയുണ്ടായാൽ അത് വയനാട്ടുകാർക്ക് ഏറെ സഹായകരമാകും.
ദേശീയ ആരോഗ്യ പദ്ധതിയിലൂടെ മാനന്തവാടി മെഡിക്കൽ കോളജ്, കൽപറ്റ ജനറൽ ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ ആവശ്യമായ രോഗ നിർണയ ഉപകരണങ്ങൾ ലഭ്യമാക്കി ചികിത്സ ഉറപ്പുവരുത്താനുള്ള നടപടിയുണ്ടാകണം. കേന്ദ്രസർക്കാറിന്റെ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടാത്ത അർഹരായ മുഴുവൻ പേരെയും ഉൾപ്പെടുത്താനുള്ള നടപടി, അർബുദ രോഗികൾക്കായുള്ള ജില്ലയിലെ ഏക ചികിത്സ കേന്ദ്രമായ നല്ലൂർനാട് അംബേദ്കർ സ്മാരക കാൻസർ സെന്ററിന്റെ വികസനത്തിനാവശ്യമായ ഇടപെടൽ, അരിവാൾ രോഗികൾക്ക് ചികിത്സ ഉറപ്പുവരുത്താനുള്ള നടപടി, വയനാട് ചുരം വികസിപ്പിക്കാനാവശ്യമായ ഇടപെടൽ, കേന്ദ്ര ഉപരിതല വകുപ്പ് മന്ത്രി പ്രഖ്യാപിച്ച ഭാരതമാല പദ്ധതിയിൽ ഉൾപ്പെടുത്തി ചുരം വികസനം ഉൾപ്പെടെയുള്ള പ്രവർത്തനം തുടങ്ങാനാവശ്യമായ നടപടി, വന്യമൃഗങ്ങളിൽനിന്ന് സുരക്ഷ ഉറപ്പുവരുത്താൻ ആവശ്യമായ തുക ഉൾപ്പെടെ ലഭ്യമാക്കൽ തുടങ്ങി വിവിധ വിഷയങ്ങളിൽ രാഹുൽ ഗാന്ധി എം.പിയുടെ ഇടപെടലാണ് വയനാട്ടുകാർ പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.