കൽപറ്റ: ബൈപാസ് റോഡ് തകർന്നുകിടക്കുന്നതാണ് കൽപറ്റ നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നത്. നേരത്തേ പൊതുമരാമത്ത് വകുപ്പിനു കീഴിലായിരുന്ന റോഡിെൻറ അറ്റകുറ്റപ്പണി ഇക്കുറി കേരള റോഡ് ഫണ്ട് ബോർഡ് (കെ.ആർ.എഫ്.ബി) ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, തുടങ്ങി ഏറെക്കഴിയുംമുമ്പേ പ്രവൃത്തി നിലച്ചു. ഇതുവരെ അത് പുനരാരംഭിച്ചിട്ടില്ല. ചെയ്ത പ്രവൃത്തികളുടെ ബിൽ മാറിക്കിട്ടാത്തതിനാലാണ് കരാറുകാരൻ പ്രവൃത്തി പുനരാരംഭിക്കാത്തതെന്നാണ് വിവരം.
സുൽത്താൻ ബത്തേരി, മാനന്തവാടി ഭാഗങ്ങളിലേക്കുള്ള വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ ബൈപാസ് വഴി പോകുന്നത് കൽപറ്റ ടൗണിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ആശ്വാസമായിരുന്നു. എന്നാൽ, ബൈപാസ് റോഡ് തകർന്നതോടെ ഇപ്പോൾ ചെറുതും വലുതുമായ വാഹനങ്ങളടക്കം മെയിൻ റോഡ് വഴിയാണ് സഞ്ചരിക്കുന്നത്. എസ്.പി ഓഫിസ്-പള്ളിത്താഴം റോഡുൾപ്പെടെ മെയിൻ റോഡിന് സമാന്തരമായി ഉപയോഗിക്കാൻ കഴിയുമായിരുന്ന റോഡുകൾ വർഷങ്ങളായി ഒരേ അവസ്ഥയിലാണ്. അവ വികസിപ്പിക്കാനുള്ള നീക്കങ്ങൾ ഇക്കാലമത്രയും നടക്കാതെപോയതോടെയാണ് കൽപറ്റയിൽ കുരുക്കു മുറുകിയത്.
ബൈപാസ് റോഡ് അമ്പേ തകരാൻ വഴിയൊരുക്കിയത് വമ്പൻ ടിപ്പറുകളുടെയും ടോറസുകളുടെയും അനിയന്ത്രിതമായ സഞ്ചാരമാണ്. വയനാടിന് ആവശ്യമായതിെൻറ പതിന്മടങ്ങ് നിർമാണസാമഗ്രികളാണ് ചുരം കയറിയെത്തുന്നത്. ടോറസുകൾ ഒരു നിയന്ത്രണവുമില്ലാതെ ഇങ്ങനെ സഞ്ചരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തണമെന്ന ആവശ്യം ഏറെ നാളായി ഉയരുന്നുണ്ടെങ്കിലും അധികൃതർ ഗൗനിക്കുന്നില്ല. ടൗണിൽ കടുത്ത ട്രാഫിക് േബ്ലാക്കിനു വഴിയൊരുക്കി ഇവ ഒരു കൂസലുമില്ലാതെ സഞ്ചരിക്കുമ്പോഴും പൊലീസ് കാഴ്ചക്കാരെപ്പോലെ നോക്കിനിൽക്കുകയാണ്.
(ഷാജി കല്ലടാസ്, വ്യാപാരി വ്യവസായി ഏകോപന സമിതി കൽപറ്റ യൂനിറ്റ് സെക്രട്ടറി)
കൈനാട്ടിയിലെ അശാസ്ത്രീയമായ റൗണ്ട് ബോർഡ്, ബൈപാസ് റോഡിെൻറ ശോച്യാവസ്ഥ, ദീർഘദൃഷ്ടിയില്ലാതെ സ്ഥാപിച്ച അശാസ്ത്രീയ ബസ് സ്റ്റോപ്പുകൾ ഇവയെല്ലാം ടൗണിെൻറ തുടക്കംമുതൽ കൈനാട്ടി ജങ്ഷൻ വരെയുള്ള ട്രാഫിക് കുരുക്കിന് വഴിയൊരുക്കുകയാണ്. പാർക്കിങ് സമ്പ്രദായത്തിൽ കാതലായ മാറ്റം അനിവാര്യമാണ്. അനുദിനം പുരോഗമിക്കുന്ന കൽപറ്റക്ക് മെച്ചപ്പെട്ടതും കൂടുതൽ ശാസ്ത്രീയവുമായ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കാൻ അധികൃതർ ശ്രദ്ധിക്കണം.
മുജീബ് കേയംതൊടി ചെയർമാൻ, കൽപറ്റ നഗരസഭ
പുളിയാർമല-വെയർ ഹൗസ് റോഡ്, എസ്.പി ഓഫിസ്-എമിലി-പള്ളിത്താഴെ റോഡ്, ഗൂഡലായി-ബൈപാസ് റോഡ് എന്നിവ വീതികൂട്ടി നവീകരിച്ചാൽ കൽപറ്റയുടെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് വലിയൊരളവിൽ പരിഹാരമാകും. പുളിയാർമല-വെയർഹൗസ് റോഡ് വികസിപ്പിക്കുന്ന കാര്യം എം.എൽ.എയുടെയും ശ്രേയാംസ് കുമാർ എം.പിയുടെയും നിർദേശപ്രകാരം മന്ത്രിക്കു മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്. എമിലി-എസ്.പി ഓഫിസ് റോഡിെൻറ കാര്യവും മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്.
കൽപറ്റയിലെ ഗതാഗതപരിഷ്കാരവുമായി ബന്ധപ്പെട്ട് ട്രാഫിക് അഡ്വൈസറി കമ്മിറ്റിയുടെ യോഗം ഈയിടെ ചേർന്നിരുന്നു. അടുത്ത യോഗം ഉടൻ ചേരും. വ്യാപാരികൾ, പൊലീസ്, ട്രേഡ് യൂനിയൻ നേതാക്കൾ, ആർ.ടി.ഒ തുടങ്ങിയവരുൾപ്പെടെ യോഗം ചേർന്ന് ഗുണപരമായ തീരുമാനങ്ങളെടുക്കും. പുതിയ ബസ്സ്റ്റാൻഡിൽനിന്ന് ബൈപാസിലേക്കുള്ള ലിങ്ക് റോഡ് മുനിസിപ്പാലിറ്റിയുടെ സജീവ പരിഗണനയിലുണ്ട്. ഇതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കും.
കെ. രഞ്ജിത്, പ്രസിഡന്റ്, വ്യാപാരി യൂത്ത് വിങ് കൽപറ്റ
കൽപറ്റ ടൗണിെൻറ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ബൈപാസ് റോഡിലേക്ക് ടൗണിെൻറ ഹൃദയഭാഗങ്ങളിൽനിന്ന് മികച്ച ലിങ്ക്റോഡുകൾ ഒരുക്കണം. പള്ളിത്താഴെ റോഡും എമിലി-എസ്.പി ഓഫിസ് റോഡും വീതി കൂട്ടി കൂടുതൽ ഗതാഗതയോഗ്യമാക്കേണ്ടതുണ്ട്. ബൈപാസിെൻറ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കണം. പാർക്കിങ് സൗകര്യങ്ങളും പരിഷ്കരിക്കേണ്ടതുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.