കൽപറ്റ: വയനാട്ടിലെ മൂന്ന് ഗോത്ര സമൂഹങ്ങളുടെ പൂർവികർ എവിടെ നിന്ന് വന്നു എന്ന ചോദ്യത്തിന് ഉത്തരവുമായി പഠന റിപ്പോർട്ട്. ഡോക്യുമെന്ററി സംവിധായകനും ഫോട്ടോഗ്രാഫറുമായ മൂന്നാനാകുഴി സ്വദേശി കെ.ആർ. രമിത് നടത്തിയ പഠനങ്ങളുടെ ഭാഗമായാണ് റിപ്പോർട്ട് തയാറാക്കിയത്.
വിശദാംശങ്ങളടങ്ങുന്ന പ്രബന്ധങ്ങൾ മന്ത്രി കെ. രാധാകൃഷ്ണന് കൈമാറി. ലോകത്തിലെ തന്നെ അതി പുരാതനമായ ഗോത്ര സമൂഹങ്ങളിൽ നിന്ന് പിറവിയെടുത്തതാണ് വയനാട്ടിലെ മുള്ളുക്കുറുമർ, അടിയർ, കുറിച്യർ എന്നീ ജനസമൂഹങ്ങളെന്ന് പഠനം പറയുന്നു. ചരിത്രാതീതകാലത്ത് പല കാലഘട്ടങ്ങളിലായാണ് ഇവർ വയനാട്ടിലെത്തിയത്.
ഏറ്റവും പഴക്കം ചെന്ന വയനാടൻ ജനതയായി കരുതപ്പെടുന്ന മുള്ളുക്കുറുമരുടെ പൂർവികർ ക്രിസ്തുവിന് ശേഷം അഞ്ചാം നൂറ്റാണ്ടിൽ രാജസ്ഥാനിൽ നിന്ന് സഞ്ചരിച്ച് വയനാട്ടിലെത്തിയവരാകണം. ജലത്തിന് ദൗർലഭ്യമുണ്ടായിരുന്ന മരുപ്രദേശത്ത് നിന്ന് വന്നതിനാലാകും മുള്ളുക്കുറുമർ പരമ്പരാഗത ജല സ്രോതസ്സുകളായ കേണികളെ ഇന്നും ആരാധനയോടെ പരിപാലിച്ച് വരുന്നതെന്നും പഠനം വ്യക്തമാക്കുന്നു.
തലമുറകളായി കൈമാറി വന്ന അവരുടെ പാരമ്പര്യ വിവാഹ ആഭരണങ്ങളിൽ രാജസ്ഥാന്റെ അടയാളങ്ങൾ വളരെ പ്രകടമാണ്. അടിയരുടെ പൂർവികർ ഒഡിഷയിലെ കോന്ത് ജനസമൂഹമാകാൻ സാധ്യതകളേറെയാണെന്നാണ് പഠനത്തിൽ പറയുന്നത്. അടിമ എന്ന വാക്കുമായാണ് പൊതുവേ അടിയർ എന്ന പേരിനെ പുസ്തകങ്ങളൊക്കെ ചേർത്ത് വെക്കുന്നത്.
എന്നാൽ, ഒടിയ ഭാഷ സംസാരിക്കുന്നവർ എന്നർഥത്തിലുള്ള ‘ഒടിയർ’ എന്ന വാക്ക് കാലാന്തരത്തിൽ അടിയർ എന്ന് മാറ്റപ്പെട്ടതാവാം. ആദ്യകാലങ്ങളിൽ അവർ അടിമകളായിരുന്നില്ല, വയലുകളും കൃഷിയും വലിയ വീടുകളുമൊക്കെയുണ്ടായിരുന്ന സമ്പന്നരായ ജനതയായിരുന്നു അവർ. മുൻ കാലങ്ങളിൽ വയനാട്ടിൽ അടിയ സ്ത്രീകൾ ഉപയോഗിച്ചിരുന്ന വെള്ളി ആഭരണങ്ങളും കേശാലങ്കാരങ്ങളും ഇക്കാലത്ത് പോലും ഒഡീഷയിലെ ഗോത്ര സമൂഹങ്ങളിൽ നില നിൽക്കുന്നു.
യുറോപ്പിനോട് ചേർന്നു നിൽക്കുന്ന ഉത്തര ആഫ്രിക്കയിൽ നിന്ന് വന്നവരാകണം കുറിച്യര്യടെ പൂർവികരെന്ന് പഠനത്തിൽ പറയുന്നു. മലബാറിലെ കുരുമുളക് തേടി വന്ന കപ്പലിൽ അഞ്ച് നൂറ്റാണ്ടുകൾക്ക് മുമ്പ് കേരള തീരത്തെത്തിയതാകാം.
നാലായിരം വർഷത്തോളം പാരമ്പര്യവും ചരിത്രവുമുള്ള അമസിയ ഗോത്രവുമായ് ഇവർ ബന്ധപ്പെട്ട് കിടക്കുന്നു. സുരക്ഷക്ക് പ്രാധാന്യം നൽകി മലമുകളിൽ കോട്ട കെട്ടിയത് പോലെ വീടുകളുണ്ടാക്കുകയും മലഞ്ചെരിവിലൂടെ ഒഴുകിയെത്തുന്ന വെള്ളം ഉപയോഗപ്പെടുത്തി താഴ് വാരത്ത് കൃഷി ചെയ്യുന്നവരാണ് അമസിയ ജനത.
സമാനമായ ജീവിത രീതികളുള്ളവരാണ് വയനാട്ടിലെ കുറിച്യരും. ഈ രണ്ട് വിഭാഗങ്ങളും മരുമക്കത്തായമാണ് പിന്തുടരുന്നത്. കുറിച്യരുടെ വിവാഹ ആഭരണങ്ങളും വിരൽ ചൂണ്ടുന്നത് ഇതേ ദിശയിലേക്കാണെന്നും പ്രബന്ധത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.