കല്പറ്റ: വര്‍ധിച്ചുവരുന്ന വന്യജീവി ശല്യത്തില്‍ പൊറുതി മുട്ടി ജില്ലയിലെ നിരവധി ഗ്രാമങ്ങൾ. വനാതിര്‍ത്തി ഗ്രാമങ്ങളിലടക്കം ഭക്ഷണവും വെള്ളവും തേടി ജനവാസകേന്ദ്രങ്ങളില്‍ എത്തുന്ന വന്യജീവികള്‍ ഗ്രാമവാസികളുടെ ഉറക്കം കെടുത്തുകയാണ്. കാട്ടാനയും കടുവയും കാട്ടുപോത്തും കാട്ടുപന്നിയും മാനും കുരങ്ങുമെല്ലാം ജനങ്ങളുടെ സ്വൈരജീവിതത്തിന് ഭീഷണിയാവുന്നതിന് പുറമെ കാർഷിക വിളകളും നശിപ്പിക്കുന്നു.
കടുവയുടെയും കാട്ടാനകളുടെയും താണ്ഡവം കാരണം പല പ്രദേശങ്ങളിലും ആളുകള്‍ പ്രാണഭയത്തോടെയാണ് ജീവിക്കുന്നത്. വനാതിര്‍ത്തികളില്‍ താമസിക്കുന്നവരുൾപ്പെടെ നിരവധി വീടുകളാണ് വന്യമൃഗങ്ങൾ തകർത്തത്. വളർത്തു മൃഗങ്ങളെയടക്കം കൊന്നൊടുക്കുകയും ചെയ്യുന്നു. വാഴ, കപ്പ, ചേന, ഇഞ്ചി, നെല്ല്, തെങ്ങ്, പച്ചക്കറികള്‍ തുടങ്ങിയവയൊക്കെ നശിപ്പിക്കുന്നത് കാരണം കൃഷിയിറക്കാൻ കർഷകർ മടിക്കുകയാണ്. പനവല്ലിയിൽ ദിവസങ്ങളായി വിഹരിക്കുന്ന കടുവയെ ഇതുവരെ പിടികൂടാനായിട്ടില്ല.
ഒന്നിലധികം കടുവ ജനവാസ കേന്ദ്രത്തിലുണ്ടെന്നാണ് പറയുന്നത്. ദിവസങ്ങളായി വനം വകുപ്പും നാട്ടുകാരും കൂട് വെച്ച് കടുവയെ പിടിക്കാനുള്ള ശ്രമത്തിലാണെങ്കിലും ഇതുവരെ ഫലം കണ്ടിട്ടില്ല. നൂൽപുഴ പഞ്ചായത്തിലെ എർളോട്ടുകുന്നിൽ ഇറങ്ങിയ കടുവയെ ദിവസങ്ങൾക്ക് ശേഷമാണ് പിടികൂടാനായത്. മേപ്പാടി പഞ്ചായത്തിലെ കുന്നമ്പറ്റ പ്രദേശം കാട്ടാന ഭീതിയിലായിട്ട് ദിവസങ്ങളായി. സന്ധ്യ കഴിഞ്ഞാല്‍ ആളുകൾക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ്.അതിർത്തി ഗ്രാമങ്ങളിലെല്ലാം കാട്ടാന ശല്യം രൂക്ഷമാണ്.
സന്ധ്യമയങ്ങിയാൽ എത്തുന്ന കാട്ടാനകൾ പിറ്റേന്ന് പുലർച്ച വരെ തോട്ടങ്ങളിൽ തമ്പടിച്ച് വിളകൾ തിന്നും ചവിട്ടിയും നശിപ്പിക്കുകയാണ്. പല സ്ഥലങ്ങളിലും കമ്പിവേലികളും കിടങ്ങുകളും തകർന്ന്ക്കിടക്കുന്നത് കാരണം ആനകൾക്ക് ജനവാസ കേന്ദ്രങ്ങളിലെത്താൻ ബുദ്ധിമുട്ടില്ല. ആദ്യമൊക്കെ ആളുകള്‍ ആന ഇറങ്ങുന്ന സമയത്ത് വനംവകുപ്പിനെ അറിയിക്കുകയും ഉദ്യോഗസ്ഥര്‍ വന്ന് ആനയെ പടക്കം പൊട്ടിച്ച് തുരത്തുകയും ചെയ്തിരുന്നു. ഇപ്പോൾ പല സ്ഥലങ്ങളിലും അതും നടക്കുന്നില്ല. വന്യജീവി ശല്യം കാരണം വര്‍ഷങ്ങളായി തരിശ്ശിട്ട പാടങ്ങള്‍ വയനാടിന്റെ വിവിധ ഭാഗങ്ങളിൽ ഹെക്ടര്‍ കണക്കിനുണ്ട്. വന്യജീവികള്‍ മൂലമുള്ള കൃഷിനാശത്തിനു മതിയായ നഷ്ടപരിഹാരം സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന് കർഷകർ പറയുന്നു.
വന്യജീവി സംരക്ഷണത്തില്‍ കാട്ടുന്ന ഉത്സാഹം മനുഷ്യരുടെ ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതില്‍ വനം വകുപ്പിനില്ലെന്നാണ് ഇവരുടെ പരാതി. ജനങ്ങളുടെ ജീവനും സ്വത്തിനും പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്തുംവിധം 1972ലെ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യണമെന്ന ആവശ്യം നാളുകളായി ഉന്നയിക്കുന്നതാണെങ്കിലും നടപടിയുണ്ടാവുന്നില്ല.
പൊഴുതന: പൊഴുതനയിലെ സ്വകാര്യ എസ്റ്റേറ്റിൽ പുലിയെ കണ്ടു. ബുധനാഴ്ച വൈകീട്ട് ആറു മണിയോടെ കുറിച്യാർമല പി.വി. ഗ്രൂപ് എസ്റ്റേറ്റിലെ തേയില തോട്ടത്തിലാണ് പുലിയെ കണ്ടത്. സമീപത്തെ എസ്റ്റേറ്റ് റോഡിലൂടെ വാഹനത്തിൽ വന്ന യാത്രക്കാരാണ് അപ്രതീക്ഷിതമായി പുലിയെ കണ്ടത്. തേയിലത്തോട്ടത്തിൽ ഒരു മൃഗം പതിയിരിക്കുന്നത് കണ്ട യാത്രക്കാർ നോക്കിയപ്പോൾ പുള്ളിപ്പുലിയാണെന്ന് മനസിലായി. ഉടനെ ഇവർ പുലിയുടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയും ചെയ്തു. സ്വകാര്യ എസ്റ്റേറ്റിൽ തൊഴിലാളികൾ ജോലിക്കെത്തുന്ന ഭാഗത്താണ് പുലിയെത്തിയതെന്നാണ് വിവരം.
പൊഴുതന: നാട്ടുകാരെ വീണ്ടും ഭീതിയിലാക്കി പൊഴുതന പഞ്ചായത്തിലെ ആറാംമൈൽ പുതിയ റോഡ് ജനവാസ മേഖലയിൽ വീണ്ടും ആനക്കൂട്ടം. കഴിഞ്ഞ ദിവസമാണ് സൗത്ത് വയനാട് ഫോറസ്റ്റ് ഡിവിഷന്റെ കുറിച്യാർമല മേഖലയിൽനിന്നും എത്തിയ കാട്ടാനക്കൂട്ടം മണിക്കൂറുകളോളം ഭീതിപരത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ നിരവധി കാർഷിക വിളകൾക്ക് നാശനഷ്ടം സംഭവിച്ചു.
സ്ഥിരമായി എത്തുന്ന ആനക്കൂട്ടങ്ങളെ നാട്ടുകാർ ചേർന്നാണ് പലപ്പോഴും തുരത്തുന്നത്. മഴക്കാലം തുടങ്ങിയത് മുതൽ പൊഴുതന പഞ്ചായത്തിലെ മിക്ക സ്ഥലത്തും വന്യമൃഗശല്യം രൂക്ഷമായി തുടരുന്നു. വനാതിർത്തിയിൽ വൈദ്യുതി വേലി അടക്കമുള്ള സംവിധാനങ്ങൾ കാര്യക്ഷമമല്ലാതായതോടെ മാസങ്ങളായി ജനങ്ങൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. എസ്റ്റേറ്റ് മേഖലയിൽ ജോലിക്ക് എത്തുന്ന തൊഴിലാളികളും വന്യമൃഗങ്ങളുടെ ശല്യം മൂലം ഭയത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.