കൽപറ്റ: വനം വകുപ്പ് തട്ടിയെടുത്ത ഭൂമി തിരിച്ചു കിട്ടാൻ കാഞ്ഞിരങ്ങാട് കാഞ്ഞിരത്തിനാല്‍ കുടുംബം നടത്തുന്ന സമരത്തിന് തിങ്കളാഴ്ച 3000 ദിവസം പൂർത്തിയായി. വനംവകുപ്പ് അന്യായമായി പിടിച്ചെടുത്ത ഭൂമി തിരിച്ചു കിട്ടണമെന്നും വനം ട്രൈബ്യൂണൽ വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കുടുംബം കഴിഞ്ഞ എട്ടു വർഷമായി കലക്ടറേറ്റ് പടിക്കൽ സമരം ചെയ്യുന്നുണ്ട്. 2015 ആഗസ്റ്റ് 15നാണ് കാഞ്ഞിരത്തിനാൽ കുടുംബം കലക്ടറേറ്റ് പടിക്കൽ സമരം തുടങ്ങുന്നത്. കാഞ്ഞിരത്തിനാൽ ജോർജിന്റെ മകൾ ട്രീസയുടെ ഭർത്താവ് ജെയിംസ് ആണ് മുഴുവൻ സമയവും സമരപ്പന്തലിലുള്ളത്.
1967ല്‍ കുട്ടനാടന്‍ കാര്‍ഡമം കമ്പനിയില്‍നിന്നു കാഞ്ഞിരത്തിനാല്‍ കുടുംബം വില കൊടുത്ത് വാങ്ങിയ 12 ഏക്കർ ഭൂമി 2013 ഒക്ടോബർ 21ന് വനഭൂമിയായി സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വനം വകുപ്പ് പിടിച്ചെടുത്ത 12 ഏക്കർ ഭൂമിയിൽ 75 സെന്റ് ഒഴികെ ബാക്കി വനം ഭൂമിയാണെന്ന് 1985 ഫെബ്രുവരി രണ്ടിന് വനം ട്രൈബ്യൂണൽ വിധിച്ചിരുന്നു. ഈ വിധി നിലനിൽക്കെ 2007 ഏപ്രിൽ 19ന് സഹോദരങ്ങളായ ജോസ്, ജോർജ് എന്നിവർക്ക് ആറേക്കർ വീതം പതിച്ചു നൽകി അച്യുതാനന്ദൻ സർക്കാർ ഉത്തരവിറക്കി. എന്നാൽ, ഉത്തരവിൽ പറയുന്നതായിരുന്നില്ല കുടുംബത്തിന്റെ ഭൂമി. ഇതോടെ കുടുംബം ഉത്തരവിൽ പറയുന്ന ഭൂമി തങ്ങളുടേതല്ലെന്ന് സർക്കാറിനെ തെളിവ് സഹിതം അറിയിച്ചു.
ഉത്തരവ് തെറ്റാണെന്ന് ബോധ്യപ്പെട്ട സർക്കാർ അന്നത്തെ റവന്യൂ സെക്രട്ടറിയോട് കേസിന്റെ വസ്തുത പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടു. തുടർന്ന് വനം-റവന്യൂ വകുപ്പുമായി ചേർന്ന് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിൽ പിടിച്ചെടുത്ത ഭൂമിയല്ല കുടുംബത്തിന് തിരിച്ചു നൽകിയതെന്ന് അന്നത്തെ കലക്ടർ റിപ്പോർട്ട് നൽകി. 2007 നവംബർ 11ന് ഭൂമിക്ക് നികുതി സ്വീകരിക്കാൻ റവന്യൂ സെക്രട്ടറി ഉത്തരവിട്ടു.
എന്നാൽ, വനം ഭൂമിയാണെന്ന 1985 ലെ വനം ട്രൈബ്യൂണൽ വിധി അസാധുവാക്കാതെയാണ് റവന്യൂ സെക്രട്ടറി ഉത്തരവിട്ടത്. തിരിച്ചു കിട്ടിയ ഭൂമിയിൽ കുടുംബം കൃഷി തുടങ്ങുകയും ചെയ്തു. ഇതിനിടെ, ട്രൈബ്യൂണൽ വിധിയുടെ രേഖകളുമായി പരിസ്ഥിതി സംഘടന ഹൈകോടതിയിൽ ഹരജി നൽകി. കോടതി ഇതു സ്റ്റേ ചെയ്യുകയും ചെയ്തു. ഇതോടെ വീണ്ടും കുടുംബത്തിന് സ്വന്തം ഭൂമിയിൽ നിന്ന് ഇറങ്ങേണ്ടി വന്നു.
ട്രൈബ്യൂണൽ വിധി റദ്ദ് ചെയ്യാൻ കുടുംബം അന്നത്തെ മുഖ്യമന്ത്രിയടക്കമുള്ളവരെ സമീപിച്ചെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല. അതോടെയാണ് കുടുംബം ഭൂമിയുടെ അവകാശത്തിനായി കലക്ടറേറ്റ് പടിക്കൽ സമരം തുടങ്ങിയത്. കഴിഞ്ഞ ദിവസം കുടുംബത്തിന്റെ ഭൂമി വിഷയത്തില്‍ കലക്ടര്‍ ഡോ.രേണുരാജിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിരുന്നു. കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങളില്‍ പരേതനായ ജോര്‍ജിന്റെ മകന് തോമസ്, മകള്‍ ട്രീസ, മരുമകന് ജെയിംസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഫോറസ്റ്റ് ട്രൈബ്യൂണല്‍ ഉത്തരവും 2003ലെ വിജ്ഞാപനവും റദ്ദു ചെയ്ത് ഭൂമി തിരികെ ലഭ്യമാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നു കാഞ്ഞിരത്തിനാല്‍ കുടുംബാംഗങ്ങള്‍ കലക്ടറോട് അഭ്യര്‍ഥിച്ചിട്ടുണ്ട്. സര്‍ക്കാര്‍ അനുകൂല നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.