കല്പറ്റ: മെഡിക്കൽ അനാസ്ഥയിൽ ജീവൻ പൊലിഞ്ഞ മകൾക്കു വേണ്ടി 16 വർഷം നടത്തിയ നിയമപോരാട്ടത്തിനൊടുവിൽ മിനിയെന്ന അമ്മക്ക് നീതി. കണിയാമ്പറ്റ കെ.എസ്.ഇ.ബി കുന്നിലെ വക്കാവ് ചക്കത്തറയില് മിനി-വി.എൻ. ഗണേഷ് ബാബു ദമ്പതികളുടെ ആറു വയസ്സുള്ള മകൾ അഞ്ജലി കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറുടെ അനാസ്ഥയിൽ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ ഉത്തരവ് ഹൈകോടതി ശരിവെച്ചു.
ഒന്നേമുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനുള്ള കമീഷൻ ഉത്തരവിനെതിരെയുള്ള ഡോക്ടറുടെ ഹരജി തള്ളിയ ചീഫ് ജസ്റ്റിസ് മണികുമാർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച്, കമീഷൻ വിധി അന്തിമമാണെന്ന് വിധിച്ചു. മെഡിക്കൽ അശ്രദ്ധ മാത്രമല്ലെന്നു, മെഡിക്കൽ കൊള്ളയുടെ ഇരയാണ് അഞ്ജലിയെന്നും കോടതി നിരീക്ഷിച്ചു.
1998ലാണ് അഞ്ജലിക്ക് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. പരിശോധനയിൽ രക്താര്‍ബുദമാണെന്ന് കണ്ടെത്തി. ഡോ. പി.എം. കുട്ടിയുടെ നേതൃത്വത്തിൽ കീമോ തെറപ്പി നൽകി. മൂന്നു വർഷത്തെ ചികിത്സക്ക് ശേഷം രോഗം ഭേദമായതായി ഡോക്ടർ അറിയിച്ചതിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങി. എന്നാൽ 2002 ഒക്ടോബറിൽ കുട്ടിക്ക് തലവേദനയും കാഴ്ച മങ്ങലും ഛർദിയും ഉണ്ടായതിനെ തുടർന്ന് വീണ്ടും ഡോക്ടറെ സമീപിച്ചു.
എന്നാല്‍, വിശദ പരിശോധന നടത്താതെ ഒ.പിയില്‍ കാണിക്കാനുള്ള നിര്‍ദേശമാണ് നല്‍കിയത്. ഡിസംബറോടെ അസുഖം കൂടിയതിനെ തുടർന്ന് കൽപറ്റ ഗവ. ആശുപത്രി ഡോക്ടറുടെ നിർദേശ പ്രകാരം സ്കാനിങ് നടത്തി. സ്കാനിങ് റിപ്പോർട്ടുമായി ഡോക്ടറെ കണ്ടെങ്കിലും വീണ്ടും സ്കാനിങ് നടത്താൻ നിർദേശിച്ചു. തുടർന്ന് കുട്ടിക്ക് മൈഗ്രൈൻ ആണെന്ന് പറഞ്ഞ് ചികിത്സ തുടർന്നു. ഇതിനിടെ കാഴ്ച കുറയുകയും കണ്ണട വെക്കുകയും ചെയ്തു. അസുഖം മൂർച്ഛിച്ചതോടെ സ്വകാര്യ കണ്ണാശുപത്രിയിൽ ചികിത്സ തേടി.
പിന്നാലെ ബംഗളൂവിലെ ന്യൂറോ സർജനെ കാണിച്ചു. അവിടെ നടത്തിയ പരിശോധനയിൽ റേഡിയേഷൻ പോലും ഫലിക്കാത്ത വിധം തലയിൽ അർബുദ രോഗം ബാധിച്ചതായി കണ്ടെത്തി. മകൾ മാനന്തവാടി പെയിൻ ആൻഡ് പാലിയേറ്റിവ് കെയറിൽ സാന്ത്വന ചികിത്സയിലിരിക്കെയാണ് മിനി ഡോക്ടറുടെ ചികിത്സാപിഴവ് ചൂണ്ടിക്കാട്ടി 2005ൽ മനുഷ്യാവകാശ കമീഷനെ സമീപിക്കുന്നത്.
ഇതിനിടെ അഞ്ജലി മരണത്തിന് കീഴടങ്ങി. കമീഷൻ കുട്ടിയുടെ കുടുംബത്തിന് ഒന്നേമുക്കാൽ ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധിച്ചു. ഇതിനെതിരെ ഡോക്ടർ ഹൈകോടതിയെ സമീപിച്ചു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിലാണ് മിനിക്ക് നീതി ലഭിച്ചത്. ഹൈകോടതി അഭിഭാഷക അഡ്വ. വിമല ബിനുവാണ് കേസ് വാദിച്ചത്. ഇനിയൊരു കുഞ്ഞിനും ഇത്തരത്തിലുള്ള ദാരുണാനുഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ് നിയമപോരാട്ടം നടത്തിയതെന്ന് മിനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.