1. മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപത്തെ വീടിന്റെ മേൽക്കൂരയിലെത്തിയ കുരങ്ങുകൾ 2. കുരങ്ങുകൾ നശിപ്പിച്ച വീട്ടിലെ ഭക്ഷണസാധനങ്ങൾ
മേപ്പാടി: കുരങ്ങുശല്യം കൊണ്ട് പൊറുതി മുട്ടി മേപ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം താമസിക്കുന്ന കുടുംബങ്ങൾ. ഉരുൾ ദുരന്തത്തിൽപ്പെട്ട് വീട് നഷ്ടമായി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപം വാടകക്ക് താമസിക്കുന്ന മുണ്ടശ്ശേരി മുനീറിന്റെ വീട്ടിൽ ഭക്ഷണമുണ്ടാക്കിയാൽ കുരങ്ങുകളാണ് തിന്നുന്നത്.
അടുക്കളയിൽ കയറി പാത്രങ്ങളെല്ലാം തട്ടിത്തകർത്ത് അരി, പച്ചക്കറികൾ, മറ്റ് ഭക്ഷ്യധാന്യങ്ങൾ എല്ലാം കുരങ്ങുകൾ ഭക്ഷിക്കും. സമീപത്തെ നിരവധി കുടുംബങ്ങളും കുരങ്ങുശല്യത്തിൽ പൊറുതി മുട്ടിയിരിക്കുകയാണ്.
വനംവകുപ്പധികൃതരെ അറിയിച്ചിട്ടും പ്രയോജനമില്ലെന്ന് നാട്ടുകാർ പറയുന്നു. പടക്കം പൊട്ടിച്ച് ഇവയെ ഓടിച്ചാലും കുറച്ചു സമയത്തിനു ശേഷം ഇവ കൂട്ടമായി തിരികെയെത്തും. പാകം ചെയ്ത ഭക്ഷണം പോലും കുടുംബങ്ങളിലുള്ളവർക്ക് കഴിക്കാൻ കിട്ടാറില്ല. കുടുംബാരോഗ്യ കേന്ദ്രം, പഞ്ചായത്ത് ഓഫിസ്, അംഗൻവാടി എന്നിവിടങ്ങളിലെല്ലാം ഇവയുടെ ശല്യം പതിവാണ്. സ്വൈരജീവിതത്തിന് സാഹചര്യമൊരുക്കണമെന്നാണ് ഇവിടുത്തെ കുടുംബങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.