പൊഴുതന: നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന അമ്മാറ ചേലോട് റോഡ് നിര്‍മാണം ഇനിയും തുടങ്ങാത്തത് പ്രദേശവാസികളെ പ്രതിസന്ധിയിലാക്കുന്നു. ssപതിറ്റാണ്ടുകളായി നിരവധി യാത്രക്കാർക്ക് ഏക ആശ്രയമായ ചേലോട് അമ്മാറ റോഡ് യോഗ്യമാക്കാനുള്ള കാത്തിരിപ്പ് നീളുന്നതിൽ പ്രതിഷേധത്തിലാണ് നാട്ടുകാരും യാത്രക്കാരും.
വർഷങ്ങൾ കഴിഞ്ഞിട്ടും വൈത്തിരി പൊഴുതന പഞ്ചായത്തുകളെ വേഗത്തിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ നിർമാണം നീളുന്നത് ചിലരുടെ ഇടപെടല്‍ കാരണമെന്നാണ് പരാതി. നിരവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയിട്ടും ഫണ്ട് വകയിരുത്തുന്നതിന് ആരും തയാറായിട്ടില്ലന്ന് നാട്ടുകാർ ആരോപിക്കുന്നു.
ചേലോട് എസ്റ്റേറ്റ് വഴി പൊഴുതന പഞ്ചായത്തിലെ അമ്മറ, ആനോത്ത് പ്രദേശങ്ങളിലേക്ക് എത്തിപ്പെടുന്നതിനായി മൂന്നു കിലോ മീറ്ററോളം ദൈര്‍ഘ്യമുള്ള റോഡ് നിര്‍മിച്ചിട്ട് കാൽനൂറ്റാണ്ടായി. എന്നാൽ ടാറിങ് ഇത് വരെയായിട്ടും നടത്തിയിട്ടില്ല. നിലവിൽ മഴ ചാറിയാൽ കാല്‍നട പോലും ദുസ്സഹമാണ് ഈ റൂട്ടിൽ. ചളിയിൽ വീണ് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർ പരിക്കേല്‍ക്കുന്നതും പതിവാണ്.
പൂതാടി: കേണിച്ചിറ -പൂതാടി -കോട്ടവയൽ റോഡ് ശാപമോക്ഷം തേടുന്നു. കേണിച്ചിറയിൽനിന്നും ആരംഭിച്ച് പൂതാടി കോട്ടവയൽ വഴി വരദൂരിൽ എത്തുന്ന റോഡിൽ പൂതാടിക്കവല മുതൽ കോട്ടവയൽ വരെയാണ് ടാറിങ് തകർന്ന് വലിയ കുഴികൾ രൂപപ്പെട്ട് വാഹന യാത്ര അസാധ്യമായത്.
കേണിച്ചിറ പൂതാടി റോഡ് തകർന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ഗതാഗതയോഗ്യമാക്കാൻ ജില്ല പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. കേണിച്ചിറ മുതൽ പൂതാടി ഹയർ സെക്കൻഡറി സ്കൂൾ ജങ്ഷൻ വരെ റോഡ് ഗതാഗത യോഗ്യമാക്കിയെങ്കിലും പൂതാടി മുതൽ കോട്ടവയൽ വരദൂർ വരെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ല.
കാൽനട പോലും പറ്റാത്ത വിധമാണ് റോഡ് തകർന്ന്കിടക്കുന്നത്. നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന ഈ റൂട്ടിനോട് പഞ്ചായത്തും ജില്ല പഞ്ചായത്ത് അധികൃതരും കടുത്ത അവഗണനയാണ് കാണിക്കുന്നത്. സ്വകാര്യ ബസുകളടക്കം നൂറ് കണക്കിന് മറ്റ് വാഹനങ്ങളും ഈ റൂട്ടിൽ സർവീസ് നടത്തുന്നുണ്ട് .
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാആവശ്യപ്പെട്ട് പ്രദേശത്തെ നാട്ടുകാർ നിരവധി സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിയെങ്കിലും ഒരു നടപടിയും ഇത് വരെ ഉണ്ടായില്ല. കോട്ടവയൽ -വരദൂർ വരെ ടാറിങ് നടത്തുന്നതിന് ജില്ല പഞ്ചായത്ത് ഫണ്ട് അനുവദിച്ചു എന്ന് പറയുമ്പോഴും റോഡ് നിർമാണപ്രവർത്തനങ്ങൾ അനന്തമായി നീണ്ടുപോകുകയാണ്.
ഒരു നാടിന്റെ മുഴുവൻ ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം നിഷേധിക്കുന്ന അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച് ശക്തമായ സമരവുമായി രംഗത്തിറങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.