പൊഴുതന: കാട്ടാനക്കും പുലിക്കും പിന്നാലെ കാടിറങ്ങുന്ന കാട്ടുപോത്തുകൾ നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. പൊഴുതന പഞ്ചായത്തിലെ തോട്ടം മേഖലയുടെ ഭാഗമായ പാറക്കുന്ന്, കുറിച്യർമല, കല്ലൂർ, സേട്ട്ക്കുന്ന് പ്രദേശങ്ങളിലാണ് കാട്ടുപോത്തുകൾ ഭീഷണി ഉയർത്തുന്നത്. പകൽപോലും കാട്ടുപോത്തുകൾ വിഹരിക്കുകയാണ്.
രാവിലെ മുതൽ എസ്റ്റേറ്റ് മേഖലയിലെ തേയില തോട്ടങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾ ഭീതിയിലാണ്. കഴിഞ്ഞ ദിവസം വേങ്ങത്തോട് പാറക്കുന്ന് അതിർത്തിയായ മുപ്പത്ത് ഭാഗത്ത് കൂട്ടമായി എത്തിയ കാട്ടു പോത്തുകളിൽനിന്ന് ജോലി ചെയ്യുകയായിരുന്ന തൊഴിലാളികൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.
വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലാണ് കൂടുതൽ ശല്യം. കടുത്ത വേനലിൽ തീറ്റയും വെള്ളവും കുറഞ്ഞതോടെ കാട് വിട്ട് കൂട്ടത്തോടെ നാട്ടിലിറങ്ങുന്ന കാട്ടുപോത്തുകൾ എസ്റ്റേറ്റുകളിലാണ് താവളമുറപ്പിച്ചിരിക്കുന്നത്.
നേരത്തെ മേൽമുറി,അമ്മറ ഭാഗത്തും കാട്ടിപോത്തുകളെ കണ്ടിരുന്നു. അന്ന് തൊഴിലാളികൾ ഭാഗ്യംകൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത്. കാട്ടുപോത്തിന് പുറമെ പുലിയുടെ ആക്രമണത്തിൽ നിരവധി വളർത്തു മൃഗങ്ങൾ വിധേയരായിട്ടും വനപാലകർ നടപടികളും സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.