ഗൂഡല്ലൂർ: ദേവാല പോക്കർ കോളനിയിലെ ടാർ മിക്സിങ് പ്ലാന്റ് വീണ്ടും തുറന്നു പ്രവർത്തിച്ചതിനെത്തുടർന്ന് കോളനിവാസികളും മറ്റും പ്രതിഷേധവുമായി ദേവാലയിൽ കുത്തിയിരിപ്പ് സമരം നടത്തി.
കോളനിവാസുകൾക്കും പരിസരത്തു ഉള്ളവർക്കും പ്ലാന്റ് പ്രവർത്തനം ഹാനികരമാണെന്നതിനെ തുടർന്ന് അടച്ചുപൂട്ടിയിരുന്നു. ഇത് വീണ്ടും പ്രവർത്തനമാരംഭിച്ചതോടെയാണ് പ്രദേശവാസികൾ സ്ത്രീകളും കുട്ടികൾ അടക്കമുള്ളവർ പ്രതിഷേധം നടത്തിയത്. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളും മറ്റും പിന്തുണ പ്രഖ്യാപിച്ച് നാട്ടുകാർക്കൊപ്പം നിലകൊണ്ടിരുന്നു.
അതേസമയം ഭരണകക്ഷിയായ ഡി.എം.കെ നേതാക്കളാരും പങ്കെടുത്തില്ലെന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഭരണകക്ഷിയിൽപെട്ട നേതാവായതിനാലാണ് ഭരണകക്ഷിക്കാർ സമരത്തിന് പിന്തുണക്കാൻ എത്താത്തതെന്ന് പറയപ്പെടുന്നു. അതേസമയം മറിമാറിവരുന്ന സർക്കാറുകൾ ജനങ്ങളുടെ പതിറ്റാണ്ടു കാലത്തെ ആവശ്യങ്ങളെ ഗൗരവപൂർവം കണക്കിലെടുക്കുന്നില്ല എന്ന ആക്ഷേപം ശക്തമാണ്.
കുട്ടികൾക്കുവരെ മാരകരോഗങ്ങൾ പിടിപെടാനുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച ചൈൽഡ് ലൈൻ അധികൃതരും പ്ലാന്റ് പരിസരവും സന്ദർശിച്ചിരുന്നു.
മലിനീകരണ ബോർഡ് അധികൃതരും എത്തി ഇതു സംബന്ധിച്ച് ചർച്ച നടത്തി. എന്നാൽ പ്രദേശവാസികളുടെ ആവശ്യത്തിന് അനുകൂല തീരുമാനങ്ങൾ ഉണ്ടായിട്ടില്ല. പ്രതിഷേധം തുടരുകയാണ്. മേഖലയിൽ സംഘർഷാവസ്ഥയും അനിഷ്ട സംഭവങ്ങളും ഉണ്ടാവാതിരിക്കാൻ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.