സുൽത്താൻ ബത്തേരി: വയനാട്ടിൽനിന്ന് കർണാടകയിൽ ജോലിക്ക് കൊണ്ടുപോയ ആദിവാസികളുടെ ദുരൂഹ മരണങ്ങൾ അന്വേഷിക്കണമെന്നും കാണാതായവരെ കണ്ടെത്തണമെന്നും ആവശ്യപ്പെട്ട് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തിൽ കർമസമിതി രൂപവത്കരിച്ചു. കുടക് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ തൊഴിൽ പീഡനവും ലൈംഗിക ചൂഷണവും അന്വേഷിക്കണം. ഈ ആവശ്യങ്ങളുന്നയിച്ച് കർമസമിതിയുടെ നേതൃത്വത്തിൽ കർണാടക മുഖ്യമന്ത്രിയെ നേരിൽ കാണും. മരണപ്പെട്ടവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങളെ ഉൾപ്പെടുത്തിയുള്ള സംഘം മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കും. കേരള മുഖ്യമന്ത്രിക്കും വിശദമായ നിവേദനം നൽകും.
ആദിവാസി മരണങ്ങളും തൊഴിൽ പീഡനങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ഹൈകോടതിയിൽ ഹരജി നൽകും.
നൂൽപ്പുഴ കോളൂർ കോളനിയിൽനിന്ന് കാണാതായ വാസുവിനെ കണ്ടെത്തുന്നതിനായി കേരള ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി നൽകും. ബത്തേരിയിൽ ചേർന്ന കൺെവൻഷനിൽ മരിച്ചവരുടെയും കാണാതായവരുടെയും കുടുംബാംഗങ്ങൾ പങ്കെടുത്തു. കുടകിലേക്ക് ആദിവാസികളെ ജോലിക്കായി കൊണ്ടുപോകുമ്പോൾ പാലിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് 2008ൽ ഉത്തരവ് ഇറക്കിയിരുന്നു. അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ നിർദേശപ്രകാരം വയനാട് കലക്ടറാണ് ഉത്തരവിട്ടത്. തുടക്കത്തിൽ ഇവ പാലിക്കപ്പെട്ടെങ്കിലും പിന്നീട് നിലച്ചു. തൊഴിലാളികളെ കൊണ്ടുപോകുമ്പോൾ ഈ നിർദേശം കൃത്യമായി പാലിക്കണം. തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കണം. മരണങ്ങൾ സംഭവിക്കാതിരിക്കാനും അനിഷ്ട സംഭവങ്ങൾ ഉണ്ടായാൽ കൃത്യമായ അന്വേഷണം നടത്താനും ഇരു സംസ്ഥാനങ്ങളിലെയും പൊലീസ് ജാഗ്രത പുലർത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ആദിവാസി ഭൂസമരസഹായ സമിതി കൺവീനർ സി.കെ. ശശീന്ദ്രൻ കൺെവൻഷൻ ഉദ്ഘാടനം ചെയ്തു. എ.കെ.എസ് ജില്ല സെക്രട്ടറി എ.എം. പ്രസാദ് അധ്യക്ഷത വഹിച്ചു. പി. വിശ്വനാഥൻ, പി. വാസുദേവൻ, സീത ബലാൻ, എം.എസ്. വിശ്വനാഥൻ, ആർ. രതീഷ്, അഡ്വ. വി. അരവിന്ദാക്ഷൻ, പി. ബൊമ്മൻ, ബിജു കാക്കത്തോട്, കെ.എം. സിന്ധു എന്നിവർ സംസാരിച്ചു. കർമസമിതി ചെയർമാനായി സി.കെ. ശശീന്ദ്രനെയും കൺവീനറായി എ.എം. പ്രസാദിനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.